ഇന്ത്യക്കാർക്ക് യുഎഇയിലേക്കുള്ള വിസ നിർത്തലാക്കിയോ...? വാസ്‌തവമറിയാം

എന്തായാലും ഈ പുതിയ നിയമം ഇന്ത്യക്കാർക്ക് വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തൽ.
UAE has stopped issuing visas to Indians
UAE has stopped issuing visas to Indians

ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് തൊഴിൽ വിസ നൽകുന്നത് താത്കാലികമായി നിർത്തിവച്ചതായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

യുഎഇയിലെ കമ്പനികളിൽ ജോലി ചെയ്യുന്നതിനുള്ള വിസ ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് നൽകുന്നത് നിർത്തിവച്ചു എന്നാണ് പ്രചാരണം. അതേസമയം, വിസ ചട്ടങ്ങളിൽ പൊതുവായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഏതെങ്കിലും രാജ്യക്കാർക്ക് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത.

അതേസമയം, പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, യുഎഇയിലെ സ്ഥാപനങ്ങളിൽ ഈ 3 രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം 80 ശതമാനത്തിൽ കൂടുതലാണെങ്കിൽ, 20 ശതമാനം ജീവനക്കാർ മറ്റേതെങ്കിലും രാജ്യങ്ങളിൽനിന്നുള്ളവർ കൂടിയാണെന്ന് ഉറപ്പാക്കണം എന്നു മാത്രമാണ് യുഎഇ സർക്കാർ നിർദേശിച്ചിട്ടുള്ളത്.

തൊഴിലിടങ്ങളിൽ മറ്റ് രാജ്യക്കാർ വേണമെന്ന സന്ദേശം
തൊഴിലിടങ്ങളിൽ മറ്റ് രാജ്യക്കാർ വേണമെന്ന സന്ദേശം

ഇതുമായി ബന്ധപ്പെട്ട് ദുബൈയിലെ ഒരു സ്ഥാപനം ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തെ (MoHRE) സമീപിച്ചപ്പോൾ, സ്ഥാപനങ്ങളിൽ ദേശീയതകളുടെ വൈവിധ്യത്തിൽ (Demographic Diversity) ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞതായും നിലവിലുള്ള വിസ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്തരാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് നൽകണമെന്ന് അറിയിച്ചതായും ദുബൈയിലെ ബിസിനസ് സർവീസ് സെന്‍റർ അറിയിച്ചു.

ഇതുമൂലം ഈ ദേശീയതകളിൽ നിന്നുള്ള വ്യക്തികൾക്ക് പുതിയ വിസകൾ നൽകുന്നതിന് സ്ഥാപനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ വരും. എന്നാൽ, ഫ്രീസോൺ കമ്പനികൾ, ഗാർഹികത്തൊഴിലാളികൾ, നിക്ഷേപകർ, സന്ദർശനത്തിനു മാത്രമായി വിസിറ്റ് / ടൂറിസ്റ്റ് വിസ എടുക്കുന്നവർ എന്നിവർക്കൊന്നും ഇതു ബാധകമല്ല.

ജീവനക്കാരുടെ സാംസ്കാരിക പശ്ചാത്തലം, തൊഴിലവസരങ്ങളുടെ തുല്യത, യുഎഇ പൗരന്മാരുടെ ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നിശ്ചിത ശതമാനത്തിന് അനുസൃതമായ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനാണ് ഈ രീതി പ്രാബല്യത്തിലാക്കുന്നതെന്നാണ് വിവരം.

അതേസമയം, വളരെ ചുരുക്കം ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളിൽ മുഴുവൻ തൊഴിലാളികളും ഒരേ രാജ്യത്തു നിന്നാകുന്നത് യുഎഇയിൽ സാധാരണമാണ്. ഉദാഹരണത്തിന്, പാക്കിസ്ഥാൻകാർ മാത്രം ജോലി ചെയ്യുന്ന ട്രാൻസ്പോർട്ട് കമ്പനികൾ, ഇന്ത്യക്കാരോ ചിലപ്പോൾ മലയാളികൾ മാത്രമോ ജോലി ചെയ്യുന്ന പലചരക്ക് കടകൾ എന്നിവയൊക്കെ നിരവധിയാണ്. ഇത്തരം ചെറുകിട സ്ഥാപനങ്ങളിലും വിസ നിയന്ത്രണം ബാധകമാകുന്നത് വ്യാപകമായ തോതിൽ അല്ലെങ്കിലും ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള തൊഴിൽ അന്വേഷകരുടെ അവസരം കുറയ്ക്കാൻ ഇടയാക്കും.

ഇതിനു പുറമേ, പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു വേണ്ടി നിലവിലുള്ള ജോലി രാജിവച്ച് പുതിയ വിസയ്ക്ക് കാത്തിരിക്കുന്നവർക്കും ഈ നിയന്ത്രണം പ്രതിസന്ധിയുണ്ടാക്കാൻ ഇടയുണ്ട്. എന്നാൽ, നിലവിൽ ജോലി ചെയ്യുന്നവർക്ക് ഇതുകൊണ്ട് ഭീഷണിയുണ്ടാകുകയുമില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com