
തിരുവനന്തപുരം: തിരുവോണദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍റെ ചിത്രം. വിഎസിന്‍റെ മകൻ ഡോ. വി.എ. അരുണാണു ചിത്രവും കുറിപ്പും പങ്കുവച്ചത്.
കുറച്ചുകാലമായി വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ മൂലം മകൻ അരുൺകുമാറിന്‍റെ തിരുവനന്തപുരത്തെ ബാർട്ടൺ ഹില്ലിലെ വീട്ടിൽ വിശ്രമത്തിലാണു വിഎസ്. ആരോഗ്യം അനുവദിക്കാത്തതിനാൽ വിഎസ് ഇപ്പോൾ ആരെയും നേരിട്ടു കാണാറില്ല.
വിഎസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അരുൺകുമാർ ഓണാശംസ നേർന്നു. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരമാണെന്നും ഇന്നൊരൽപ്പം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഊർജദായകമാണെന്നും അരുൺകുമാർ കുറിക്കുന്നു.
അരുൺകുമാറിന്‍റെ പോസ്റ്റിനു വലിയ സ്വീകാര്യതയാണു ലഭിച്ചത്. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിനു മലയാളികൾ അർഹിക്കുന്ന സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചാണ് പ്രതികരിച്ചത്. വിഎസിന് ഈ ഒക്‌റ്റോബർ 20ന് നൂറു വയസ് തികയും. 2019 മുതൽക്കാണ് ആരോഗ്യപ്രശ്നങ്ങൾ മൂലം വി എസ് പൊതുസമൂഹത്തിൽ നിന്നു പിൻവാങ്ങിയത്.