

കുറച്ചു നാളുകളായി വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ മോശം പെരുമാറ്റം ഒരു നിത്യകഥയായി മാറിയിരിക്കുകയാണ്. ഇതോടെ ഇത്തരം കഥകൾ ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരനു മേൽ മൂത്രമൊഴിക്കുന്നത് മുതൽ ജീവനക്കാർക്കു നേരെയുള്ള ആക്രമണങ്ങൾ വരെ അടുത്തിടെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു.
ഇപ്പോളിതാ അതിലും വിചിത്രമായ ഒരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. എയർലൈൻ ജീവനക്കാർ വിമാനത്തിന്‍റെ വിശ്രമമുറി മണിക്കൂറുകളോളം ഉപയോഗിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഒരു സ്ത്രി വിമാനത്തിന്‍റെ നടവിൽ തറയിൽ മൂത്രമൊഴിച്ചു.
ഈ മാസം 20ന് യുഎസ് ആസ്ഥാനമായ 'സ്പിരിറ്റ് എയർലൈൻസ്' നടത്തുന്ന വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്ന് മണിക്കുറുകൾ പിന്നിട്ടിട്ടും ബാത്ത്റൂം ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്നാണ് ആഫ്രിക്കന്‍ - അമെരിക്കന്‍ യുവതി അവകാശപ്പെടുന്നത്. 2 മണിക്കുറിലധികം കാത്തിരുന്നിട്ടും ബാത്ത്റും തുറന്നു നൽകിയില്ല. അധികനേരം പിടിച്ചുനിൽക്കാന്‍ പറ്റാത്തതിനാലാണ് വിമാനത്തിന്‍റെ തറയിൽ തന്നെ മൂത്രമൊഴിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞതായി 'വ്യൂ ഫ്രം ദി വിംഗ്' റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഹ്രസ്വ ക്ലിപ്പിൽ, യുവതി വിമാനത്തിന്‍റെ തറയിൽ ഇരിക്കുന്നതും ജീവനക്കാരുമായി തർക്കിക്കുന്നതും കാണാം. അതേസമയം, വിഷയത്തിൽ സ്പിരിറ്റ് എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.