കവയിത്രി കാശിയിലാണ്, കവിത തിളച്ചുതൂവുന്ന യാത്രകളിലാണ്

അനവധി ജീവിതവേഷങ്ങളാടി ഒടുവിലൊരു നാള്‍ കവയിത്രിയെന്ന വിശേഷണത്തില്‍ കൊരുത്ത് യാത്രകളേയും സംരംഭജീവിതത്തേയും കൂട്ടിയിണക്കിയ വീട്ടമ്മ എന്ന പര്യായം പേറുന്നവൾ
കവയിത്രി കാശിയിലാണ്, കവിത തിളച്ചുതൂവുന്ന യാത്രകളിലാണ്

അരികില്‍ നിലാവില്‍ കുളിച്ച് ഗംഗാനദി. പാതിമയങ്ങിയ പകലിനെ പോലെ രാത്രി. ഗംഗയുടെ കരയില്‍ എരിഞ്ഞടങ്ങുന്ന ചിതകള്‍. നിയോഗങ്ങളുടെ ജീവിതക്കുപ്പായങ്ങള്‍ അഴിച്ചുവച്ച് അനേകം അജ്ഞാതര്‍ യാത്രയാവുന്നു. അവിടെയൊരു കവയിത്രി ജീവിതം കാണുന്നു. മറുകര താണ്ടാത്ത യാഥാര്‍ഥ്യങ്ങളുടെ തീരത്തു നില്‍ക്കുന്നു. ഇതു മഞ്ജു ഉണ്ണികൃഷ്ണന്‍. അനവധി ജീവിതവേഷങ്ങളാടി ഒടുവിലൊരു നാള്‍ കവയിത്രിയെന്ന വിശേഷണത്തില്‍ കൊരുത്ത് യാത്രകളേയും സംരംഭജീവിതത്തേയും കൂട്ടിയിണക്കിയ വീട്ടമ്മ എന്ന പര്യായം പേറുന്നവൾ. അവിടെ നിന്നാണ് ഒരാൾ കാശിയിൽ ചുറ്റി നടക്കുന്നത്. രാവും പകലും മണികർണ്ണികയിൽ ധ്യാനിക്കുന്നത്. കുട്ടിക്കാലത്ത് കണ്ട സ്വപ്നത്തിലേക്ക് ഇറങ്ങി നടന്നിട്ട് തിരിച്ച് വരുമ്പോൾ ഓരോ തവണയും പുതിയ ഒരു എന്നെ കണ്ടെത്തുന്നു എന്ന് മഞ്ജു സാക്ഷ്യപ്പെടുത്തുന്നു.

വേരുലഞ്ഞും വേരുറച്ചും കവിത

വീട്ടമ്മയെന്ന വിശേഷണത്തിലേക്കു ഒരിക്കല്‍ ചേക്കേറിയാല്‍, മോഹങ്ങളൊതുക്കുകയെന്നൊരു ആന്‍റി ക്ലൈമാക്‌സ് കൂടിയുണ്ടാകു പലര്‍ക്കും. ഏറെ വൈകി ആ ക്ലൈമാക്‌സിനെ തിരുത്തിയെഴുതി കഥ തുടരുന്നുവെന്നു തിരിച്ചറിയിപ്പിച്ചയാളാണു മഞ്ജു. തിളച്ചുതൂവാനൊരുങ്ങിയ കവിതാപാത്രമെടുത്തുവച്ചു ജീവിതമൊഴുകിയ കവിതകള്‍ പകര്‍ന്ന കവയിത്രി, സംരംഭക...അങ്ങനെയങ്ങനെ ആ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

പഠിച്ചതും പയറ്റിയതും വ്യത്യസ്ത മേഖലകളിലായിരുന്നെങ്കിലും ഒടുവില്‍ ഏറെ ആഗ്രഹിച്ച നിയോഗങ്ങള്‍ മഞ്ജുവിന്‍റെ ജീവിതത്തില്‍ എത്തുകയായിരുന്നു. യുസി കോളെജിലെ ബിരുദപഠനകാലത്തില്‍ വായനയുടെ വേരുറച്ചു. സി. രാധാകൃഷ്ണനില്‍ തുടങ്ങി നെരൂദയും ജിബ്രാനുമൊക്കെ അക്ഷരങ്ങളിലൂടെ അറിഞ്ഞു. ആ വേരുലയാനും അധികകാലം വേണ്ടിവന്നില്ല. കലാലയജീവിതത്തില്‍ നിന്നും കുടുംബജീവിതത്തിലേക്കു കടന്നപ്പോള്‍ വായനയും കവിതയുമെല്ലാം അന്യം നിന്നു പോയി. പിന്നെ ഇരുപതു വര്‍ഷത്തോളം ഇരുപത്തിനാലു മണിക്കൂറും വീട്ടമ്മ മാത്രമായി. കവിത തുളുമ്പി നിന്ന പാത്രം വറ്റിവരണ്ടു. തിളച്ചുതൂവാനൊരുങ്ങുന്ന അടുക്കളപാത്രത്തില്‍ മാത്രം ജീവിതമുറച്ചു.

ഒരാളെ സൂക്ഷ്മം നിരീക്ഷിക്കും വിധം

പിന്നെയെപ്പോഴോ എന്തൊക്കയോ കുറിച്ചു തുടങ്ങി. കവിതയെന്നോ കഥയെന്നോ തിരിച്ചറിയാതെയുലഞ്ഞ എഴുത്തുകള്‍. ഓണ്‍ലൈനിലാണ് കവിത എഴുതിത്തുടങ്ങിയത്. ഒടുവില്‍ നേര്‍രേഖയില്‍ പറഞ്ഞാല്‍ എന്ന ആദ്യകവിതാസമാഹാരം പുറത്തിറങ്ങി. ലോഗോസായിരുന്നു പ്രസാധകര്‍. ഇപ്പോള്‍ മൂന്നാം പതിപ്പില്‍ എത്തിനില്‍ക്കുന്നു.

മഞ്ജുവിന്‍റെ ജീവിതത്തിലെ ഓരോ വേഷവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. കവയിത്രിയില്‍ നിന്നും സംരംഭകയിലേക്കുള്ള പ്രയാണം. അങ്കമാലിയില്‍ ബാന്ധിനി എന്നൊരു വസ്ത്രവ്യാപാരശാല ആരംഭിച്ചു. ആ സംരംഭം യാത്രകള്‍ക്കുള്ള വഴിയുമൊരുക്കി. പുതിയ വസ്ത്രങ്ങള്‍ക്കായി ഉത്തരേന്ത്യയിലേക്ക്. കാശിയിലും മണികര്‍ണികയിലും ജീവിതമറിയാനാകുന്ന ഓരോ തെരുവിലേക്കും യാത്ര പോയി. ഓരോ യാത്രകളും എഴുത്തിനുള്ള മഷി നിറച്ചു. രണ്ടാമത്തെ കവിതാസമാഹാരമായ ഒരാളെ സൂക്ഷ്മം നിരീക്ഷിക്കും വിധം അടുത്തിടെ പുറത്തിറങ്ങി. യാത്രകള്‍ തുടരുമ്പോള്‍ കവിത പിറന്നു കൊണ്ടേയിരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com