
തിരുവനന്തപുരം: കേരളത്തിലെ വനിതാ സംരംഭകരുടെ എണ്ണത്തില്‍ വര്‍ധന. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ്യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ കണക്കുകള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. 2022ല്‍ 175 വനിതാ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2023ന്റെ ആദ്യ പാദത്തില്‍ തന്നെ ഇതിന്റെ എണ്ണം 233 കടന്നു.
വനിതകളെ സംരംഭകത്വത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. 1.73 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് വനിത, വനിത സഹസ്ഥാപക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്യുഎം നല്‍കിയത്. വായ്പയിനത്തില്‍ ഒരു കോടി നല്‍കിയിട്ടുണ്ട്. 2030ഓടെ 250 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപക ധനസഹായം ഉറപ്പാക്കാനാണ് കെഎസ്യുഎം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഉത്പന്നങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട 12 ലക്ഷത്തിന്റെ പ്രൊഡക്റ്റൈസേഷന്‍ ഗ്രാൻഡ്, നിലവിലെ സംരംഭം വികസിപ്പിക്കുന്നതിനായുള്ള 20 ലക്ഷത്തിന്റെ സ്കെയില്‍ അപ്പ് ഗ്രാൻഡ് എന്നിവ സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ വനിതാ സംരംഭകര്‍ക്ക് ലഭിക്കുന്ന പ്രധാന ഗ്രാൻഡുകളാണ്. ഒരു സംരംഭത്തിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനും പ്രചാരണത്തിനുമായി അഞ്ച് ലക്ഷം വരെ നൽകുന്ന പദ്ധതിയും ഇതിനൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷം വിവിധ നൂതന പരിപാടികളിലൂടെ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ 8 കോടി രൂപ നേടിയിരുന്നു.
വനിതാ സംരംഭകര്‍ക്ക് മാത്രമായി സ്റ്റാര്‍ട്ടപ്പ് മിഷന്റെ മാനെജ്മെന്റ് പരിശീലന പരിപാടിയുമുണ്ട്. 26 വനിതാ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ കഴിഞ്ഞ വര്‍ഷം ഈ പരിശീലനത്തില്‍ പങ്കെടുത്തു. വനിതാ സംരംഭകരില്‍ അഞ്ച് ശതമാനം വിദ്യാർഥിനികളും 95 ശതമാനം പ്രൊഫഷണലുകളുമാണെന്ന പ്രത്യേകതയുമുണ്ട്.