നീതുവിന്‍റെ സംരംഭ'സമൃദ്ധി'യുടെ കഥ

വീടിനുള്ളില്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ പരിശ്രമിക്കുന്ന ഓരോ വീട്ടമ്മമാര്‍ക്കും നീതുവിന്‍റെ ജീവിതം പ്രചോദനമാണ്
നീതുവിന്‍റെ സംരംഭ'സമൃദ്ധി'യുടെ കഥ

#നമിത മോഹനൻ

രണ്ടു കുട്ടികളുണ്ട്. വീട്ടില്‍ ജോലികളുമുണ്ട്. വീട്ടമ്മ എന്നൊരൊറ്റ വിശേഷണത്തിന്‍റെ തണലിലേക്ക് ഒതുങ്ങാന്‍ ഇക്കാര്യങ്ങള്‍ തന്നെ ധാരാളം. വിവാഹശേഷം വീട്ടിലൊതുങ്ങിക്കൂടുക എന്ന പതിവിനൊരു വഴിമാറ്റമൊക്കെ സംഭവിക്കണ്ടേ. സ്വയം പര്യാപ്തത എന്ന സ്വപ്‌നത്തിന്‍റെ വിത്തുപാകേണ്ടതു സ്വയം തന്നെയാണെന്നും തിരിച്ചറിയണ്ടേ. അത്തരമൊരു തിരിച്ചറിവില്‍ തുടങ്ങി സംരംഭസാധ്യതയുടെ മോഹങ്ങള്‍ പാകി, വളര്‍ത്തി വലുതാക്കിയൊരു വീട്ടമ്മയുണ്ട്. ആലുവ സ്വദേശിനി നീതു വേണുഗോപാല്‍. സംരംഭലോകത്തേക്കു ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ് നീതുവിന്‍റെ സമൃദ്ധിയുടെ കഥ.

പരീക്ഷണാര്‍ഥം തുടങ്ങിയ സംരംഭം

ഒരു വര്‍ഷം മുമ്പാണു സമൃദ്ധി എന്ന സംരഭത്തിനു നീതുവും സുഹൃത്തുക്കളും തുടക്കം കുറിക്കുന്നത്. അച്ചാറുകള്‍ ഉണ്ടാക്കി വിപണിയില്‍ എത്തിച്ചായിരുന്നു തുടക്കം. ഇന്നു വ്യത്യസ്തതരം ഇരുപത്തഞ്ചോളം അച്ചാറുകള്‍ സമൃദ്ധിയുടെ നേതൃത്വത്തില്‍ ഒരുങ്ങി വിപണിയില്‍ എത്തുന്നുണ്ട്. പതുക്കെ പതുക്കെ കൂടുതല്‍ വിഭവങ്ങളും സമൃദ്ധിയിലൂടെ പുറത്തിറങ്ങി. സ്‌പൈസസും സീസണ്‍ അനുസരിച്ചു കായ വറുത്തതും ചക്ക വറുത്തതുമൊക്കെ നീതുവിന്‍റെ പാചകപ്പുരയില്‍ നിന്നും ജനങ്ങളിലേക്കെത്തുന്നു.

' പരീക്ഷണാര്‍ഥം ആരംഭിച്ചതാണ് ഇങ്ങനെയൊരു സംരംഭം. കുടുംബവും കുട്ടികളും ആയതോടെ ജോലിക്ക് പോകാനുള്ള സാഹചര്യം കുറഞ്ഞു. എന്തെങ്കിലും ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിനേ പറ്റി ചിന്തിച്ചപ്പോഴാണു വീടുകളില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന എന്തെങ്കിലും വിഭവങ്ങള്‍ തയാറാക്കാന്‍ തീരുമാനിച്ചത്. ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുള്ളതുകൊണ്ട് അടുത്ത മൂന്ന് സുഹൃത്തുക്കളോട് ഇക്കാര്യത്തെക്കുറിച്ചു സംസാരിച്ചു. അവര്‍ക്കുമിതില്‍ താല്പര്യമുണ്ടെന്ന് പറഞ്ഞതോടെ  സംരംഭത്തിന് തുടക്കം കുറിച്ചു.' നീതു പറയുന്നു.  

കേരളമൊട്ടൊകെ സമൃദ്ധി

സമൃദ്ധിയുടെ അച്ചാറുകള്‍ വിപണിയില്‍ നല്ല രീതിയില്‍ വിറ്റു പോയതോടെ, അച്ചാറുകളില്‍ തന്നെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. അടുത്ത വീടുകളില്‍ വില്‍പ്പന നടത്തിയായിരുന്നു തുടക്കം. ഇന്നു കേരളമൊട്ടാകെ സമൃദ്ധിയുടെ പ്രൊഡക്റ്റുകള്‍ വില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്ന മേഖലയായതുകൊണ്ടു തന്നെ വിഭവങ്ങള്‍ അത്രയധികം മികച്ചതാക്കാറുണ്ട്. ഗുണനിലവാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച്ച നടത്തിയിട്ടില്ല. ഓണ്‍ലൈനിലൂടെയാണു കൂടുതല്‍ വിഭവങ്ങള്‍ വില്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളാണ് ഓണ്‍ലൈന്‍ വില്പനയ്ക്കായി ഉപയോഗിക്കുന്നത്. ഇടുക്കിയില്‍ നിന്നും കാപ്പി, ഏലം എന്നിവ ഉണക്കിപ്പൊടിച്ച് എത്തിച്ചും വില്‍പ്പന നടത്തുന്നുണ്ട്.

സ്‌പെഷ്യലാണു പച്ചമുളക് ഈന്തപ്പഴം അച്ചാര്‍

സമൃദ്ധിയില്‍ നിന്നും ഇരുപത്തഞ്ചോളം അച്ചാറുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. ഉണക്കമുന്തിരി അച്ചാര്‍, പച്ചമുളക് ഈന്തപ്പഴം, പുളിയിഞ്ചി, ഈന്തപ്പഴം നാരങ്ങ എന്നിവയാണ് വെറൈറ്റി ആയിട്ടുള്ള അച്ചാറുകള്‍. ഇവയില്‍ പച്ചമുളക് ഈന്തപ്പഴം അച്ചാര്‍ തങ്ങളുടെ മാത്രം വെറൈറ്റി ആണെന്നും നീതു പറയുന്നു.

'ആദ്യകാലത്ത്, ഒരു സംരംഭം തുടങ്ങി വിജയകരമാക്കാന്‍ കഴിയുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ കുടുംബം എല്ലാ പിന്തുണയും നല്‍കി. കൂടെയുള്ള സുഹൃത്തുക്കളുടെ കുടുംബവും പിന്തുണയുമായി കൂടെയുണ്ട്. ബാക്കി മൂന്നുപേരും ജോലി ചെയ്യുന്നവരാണ്. ഇപ്പോള്‍ ചെറിയൊരു യൂണിറ്റായാണു പ്രവര്‍ത്തനം. വീടിന്‍റെ അടുക്കളയോട് ചേര്‍ന്നൊരു യൂണിറ്റ് ഒരുക്കിയെടുക്കുകയായിരുന്നു. നമ്മള്‍ ഉണ്ടാക്കി നല്‍കുന്ന വിഭവങ്ങള്‍ കഴിച്ച് നല്ല അഭിപ്രായം പറയുന്നത് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്,' നീതു പറഞ്ഞു. വീടിനുള്ളില്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ പരിശ്രമിക്കുന്ന ഓരോ വീട്ടമ്മമാര്‍ക്കും നീതുവിന്‍റെ ജീവിതം പ്രചോദനമാണ്.

Trending

No stories found.

Latest News

No stories found.