എഥനോൾ പെട്രോൾ ദുരൂഹത തുടരുന്നു.
ന്യൂഡൽഹി: E20 ഇന്ധനത്തിൽ ക്ലോറിൻ സാന്നിധ്യവും അമിത ഈർപ്പവും വാഹനങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന് നൽകിയ കത്ത് ഇന്ത്യൻ ഓട്ടോമൊബൈൽ നിർമാതാക്കളുടെ സംഘടനയായ സിയാം (SIAM) പിൻവലിച്ചു. കൂടുതൽ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് സിയാമിന്‍റെ നടപടി.
വ്യവസായ സംഘടനകൾ, ഓയിൽ മാർക്കറ്റിങ് കമ്പനികൾ, വാഹന നിർമാതാക്കൾ, പരിശോധനാ ഏജൻസികൾ എന്നിവർ തമ്മിലുള്ള പതിവ് സാങ്കേതിക ചർച്ചകളുടെ ഭാഗമായിരുന്നു ഈ ആശയവിനിമയമെന്ന് സിയാം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശദമായ ഡേറ്റ ശേഖരിച്ച് പരിശോധിച്ച ശേഷം മാത്രമേ കത്തിൽ പരാമർശിച്ചിരിക്കുന്ന സംഖ്യകളും വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്നും സംഘടന അറിയിച്ചു.
E20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ എൻജിൻ ഭാഗങ്ങളിൽ ക്ലോറിൻ സാന്നിധ്യം മൂലം തുരുമ്പെടുക്കലോ തേയ്മാനമോ ഉണ്ടാകുന്നതായി പരിശോധനകളിൽ കണ്ടെത്തിയെന്നായിരുന്നു കത്തിലെ പ്രധാന പരാമർശം.
പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന E20 ഇന്ധനത്തിൽ അനുവദനീയമായതിലും കൂടുതൽ ഈർപ്പം അടങ്ങിയിട്ടുണ്ടെന്നും, ഒരു ശതമാനത്തിൽ കൂടുതൽ ഈർപ്പം ഉണ്ടായാൽ ഇന്ധനം വേർതിരിഞ്ഞ് വാഹനം പെട്ടെന്ന് പ്രവർത്തനരഹിതമാകുമെന്നും സിയാം ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ധന ഔട്ട്ലെറ്റുകളിലെ സംഭരണ ടാങ്കുകളും പൈപ്പ് ലൈനുകളും കൃത്യമായി പരിപാലിക്കേണ്ടതിന്‍റെ ആവശ്യകതയും ഇതിൽ ഊന്നിപ്പറഞ്ഞിരുന്നു.
എന്നാൽ, പെട്രോളുമായി കലർത്തുന്ന എല്ലാ എഥനോളിലും ക്ലോറിൻ/സൾഫർ എന്നിവയുടെ അളവ് 3 പിപിഎം (ppm) ആയി പരിമിതപ്പെടുത്താൻ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാം വ്യക്തമാക്കി. ഈ നടപടികൾ ഓട്ടോമൊബൈൽ വ്യവസായത്തിന്‍റെ ആവശ്യങ്ങളെ പൂർണ്ണമായി പൂത്തീകരിക്കുന്നുണ്ട്.
കൂടാതെ, രാജ്യത്തുടനീളമുള്ള 87,000-ത്തിലധികം ഇന്ധന ഔട്ട്ലെറ്റുകളിൽ ദിവസേന 8 മുതൽ 12 തവണ വരെ വെള്ളത്തിന്‍റെ സാന്നിധ്യം പരിശോധിക്കുന്നുണ്ടെന്നും ഒയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) ഉറപ്പുനൽകിയിട്ടുണ്ടെന്ന് സിയാം അറിയിച്ചു.
രാജ്യത്തിന്‍റെ ഊർജ സുരക്ഷാ ലക്ഷ്യങ്ങളുടെ ഭാഗമായി ഇന്ത്യാ ഗവൺമെന്‍റ് നടപ്പിലാക്കുന്ന E20 പദ്ധതിക്ക് ഓട്ടോമൊബൈൽ വ്യവസായം എക്കാലത്തും പൂർണ പിന്തുണ നൽകുന്നുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു.