1500 പേർക്ക് തൊഴിൽ; അങ്കമാലിയിൽ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക് പ്രവർത്തനമാരംഭിച്ചു

 
Business

1500 പേർക്ക് തൊഴിൽ; അങ്കമാലിയിൽ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക് പ്രവർത്തനമാരംഭിച്ചു

150 കോടി രൂപ മുതൽമുടക്കി അങ്കമാലി പാറക്കടവ് പുളിയനത്ത് നിർമിച്ച പാർക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ​

Local Desk

​കൊച്ചി: കേരളത്തിന്‍റെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അവിഗ്ന ഗ്രൂപ്പിന്‍റെ ലോജിസ്റ്റിക്സ് പാർക്ക് അങ്കമാലിയിൽ പ്രവർത്തനം തുടങ്ങി. 150 കോടി രൂപ മുതൽമുടക്കി അങ്കമാലി പാറക്കടവ് പുളിയനത്ത് നിർമിച്ച പാർക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ​പുതിയ ലോജിസ്റ്റിക്സ് പാർക്കുകൾ വരുമ്പോൾ കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം ഉറപ്പാക്കാൻ സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ പ്രദേശവാസികൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി നേടാൻ കഴിയും. എല്ലാ വീട്ടിലേക്കും ഒരു തൊഴിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം.

വൻകിട വ്യവസായങ്ങൾ വരുമ്പോൾ അതിനുചുറ്റും ചെറിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. വീടിന്‍റെ വിസ്തീർണ്ണത്തിന്‍റെ 50% വരെ സംരംഭങ്ങൾക്കായി ഉപയോഗിക്കാം. ഒഴിഞ്ഞുകിടക്കുന്ന വീടാണെങ്കിൽ പൂർണ്ണമായും വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കാൻ കഴിയും. മലിനീകരണ പ്രശ്നമില്ലാത്തതിനാൽ കേരളത്തിന് അനുയോജ്യമായ ബിസിനസ് മോഡലാണ് ലോജിസ്റ്റിക്സ് പാർക്കെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

​ചെന്നൈ ആസ്ഥാനമായുള്ള അവിഗ്ന ഗ്രൂപ്പിന്‍റെ കേരളത്തിലെ ആദ്യ സംരംഭമാണിത്. 21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് അവിഗ്ന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എസ്. രാജശേഖരൻ പറഞ്ഞു. ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികൾ ഇതിനോടകം പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. പദ്ധതി വഴി 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചതായും എം.ഡി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവൻ എസ്. വി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആൻസി ടോണി, വാർഡ് കൗൺസിലർ രാജമ്മ, അവിഗ്ന ഡയറക്ടർമാരായ ആർ. നവീൻ മണിമാരൻ, ബിനയ് ജാ, സി.ഒ.ഒ സുബോധ് മിശ്ര എന്നിവർ പങ്കെടുത്തു.

​ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള അവിഗ്ന ഗ്രൂപ്പിന് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകളുണ്ട്. 50 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള ഗ്രൂപ്പിന് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്.

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് പങ്കുണ്ട്, സിപിഎം നടപടിയെടുക്കാത്തതിൽ എം.എ. ബേബിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

"കാർഷിക മേഖലയിൽ എഐയും ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തണം": കെ.സി. വേണുഗോപാൽ

സഞ്ജു ഒഴികെ എല്ലാരും കളിച്ചു; ന‍്യൂസിലൻഡിന് 272 റൺസ് വിജയലക്ഷ‍്യം

മഹാരാഷ്ട്രയുടെ ഉപ മുഖ‍്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

സി.ജെ. റോയ്‌യുടെ ആത്മഹത‍്യ പ്രത‍്യേക സംഘം അന്വേഷിക്കും, ഡിഐജി വംശി കൃഷ്ണയ്ക്ക് അന്വേഷണ ചുമതല