മുംബൈ: മേയിലും ജൂൺ ആദ്യവും കുതിച്ചുകയറിയ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറയുന്നു. മൺസൂൺ ശക്തമാകുന്നതോടെ വിമാന യാത്രക്കാരുടെ എണ്ണം കുറയുന്നതാണ് കാരണം.
നിലവിൽ പ്രതിദിന ആഭ്യന്തര യാത്രക്കാരുടെ എണ്ണം ശരാശരി നാലു ലക്ഷത്തിനു മുകളിലാണ്. യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവുണ്ട്. ഇതാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം.
ഡൽഹി - മുംബൈ യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് എടുക്കുന്ന ടിക്കറ്റിന്‍റെ നിരക്കിലാണ് ഏറ്റവും വലിയ ഇടിവുണ്ടായിരിക്കുന്നത്. മേയ് അവസാന വാരം മുതൽ ജൂൺ ആദ്യ വാരം ഈ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ നിരക്ക് 19,000 രൂപയായിരുന്നു. ഡൽഹി - ദുബായ് നിരക്ക് പോലും 14,000 രൂപ മാത്രമായിരുന്ന സമയത്താണിത്. സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടർന്ന് ഡൽഹി - ദുബായ് നിരക്ക് 18,000 രൂപയായും പിന്നീട് 14,000 രൂപയുമായിരുന്നു. എന്നാൽ, വ്യാഴാഴ്ചത്തെ കണക്കനുസരിച്ച്, ഏറ്റവും കുറഞ്ഞ ഡൽഹി - മുംബൈ നിരക്ക് 4,500 രൂപയായി.
24-മണിക്കൂർ അഡ്വാൻസ് പർച്ചേസിൽ മുംബൈ - കൊച്ചി നോൺ സ്റ്റോപ്പ് വൺവേ ടിക്കറ്റ് നിരക്ക് 4,000 രൂപ വരെ താഴ്ന്നു. കഴിഞ്ഞ മാസം ഏറ്റവും കുറഞ്ഞത് 20,000 രൂപയായിരുന്ന സ്ഥാനത്താണിത്.
പ്രതിവാരം 1,538 സർവീസുകൾ നടത്തിയിരുന്ന ഗോ ഫസ്റ്റ് മേയ് ആദ്യം വിമാന സർവീസുകൾ നിർത്തിവച്ചതിനു ശേഷമാണ് ടിക്കറ്റ് നിരക്കുകൾ റെക്കോഡ് ഉയരത്തിലെത്തിയത്. ലെ, ശ്രീനഗർ ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന എയർലൈൻ ആയിരുന്നതിനാൽ, ഗോ ഫസ്റ്റ് സർവീസ് നിലച്ചതോടെ ഈ റൂട്ടിൽ നോൺ സ്റ്റോപ്പ് നിരക്ക് 23,000 രൂപ വരെ ഉയർന്നിട്ടുണ്ടായിരുന്നു.