ചെങ്കോട്ട സ്ഫോടനം: ഭീകരർ ആഗോള കോഫി ശൃംഖലയെ ലക്ഷ്യമിട്ടു, പദ്ധതിയിട്ടത് രാജ്യവ്യാപക ആക്രമണം

ഡൽഹിയിലും മറ്റു പ്രധാന ഇന്ത്യൻ നഗരങ്ങളിലുമുള്ള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകൾ ആക്രമിക്കുകയായിരുന്നു ലക്ഷ്യം
Delhi blast: Terrorist wanted to target global coffee chain outlets

ചെങ്കോട്ട സ്ഫോടനം: ഭീകരർ ആഗോള കോഫി ശൃംഖലയെ ലക്ഷ്യമിട്ടു, പദ്ധതിയിട്ടത് രാജ്യവ്യാപക ആക്രമണം

Updated on

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം രാജ്യവ്യാപക ഭീകരാക്രമണത്തിന് ഗൂഢാലോച നടത്തിയിരുന്നതായി സർക്കാർ വൃത്തങ്ങൾ. ജൂത പൗരന്മാർ ഉടമകളായുള്ള രാജ്യത്തെ പ്രമുഖ ഗ്ലോബൽ കോഫി ചെയിൻ ഔട്ട്ലെറ്റുകളിൽ സ്ഫോടന പരമ്പര നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്.

ഡൽഹിയിലും മറ്റു പ്രധാന ഇന്ത്യൻ നഗരങ്ങളിലുമുള്ള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകൾ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ ഗാസയിലെ ഇസ്രയേൽ സൈനിക നടപടിക്കെതിരെ സന്ദേശം നൽകാനാണു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭീകരരിൽ ഒരു വിഭാഗം ഇതിനെ എതിർത്തിരുന്നു. ഭീകരാക്രമണ പദ്ധതി ജമ്മു കശ്മീരിലെ സുരക്ഷാ സേനകളെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാവണം എന്നായിരുന്നു അവരുടെ ആവശ്യം.

കഴിഞ്ഞ 4 വർഷമായി രഹസ്യമായി പ്രവർത്തിച്ചിരുന്ന ഈ വൈറ്റ് കോളർ ഭീകരസംഘം രാജ്യത്തിന് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരുന്നത് എന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നു. ജമ്മു കശ്മീർ പോലീസിൽനിന്ന് ലഭിച്ച രഹസ്യവിവരങ്ങളാണ് ഡൽഹിയ്ക്ക് ശേഷം ഭീകരർ നടത്താനിരുന്ന തുടർപദ്ധതികൾക്ക് തടയിട്ടത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന നിരവധി ഭീകരാക്രമണ പദ്ധതികളാണ് ഇതുവഴി പരാജയപ്പെടുത്തിയത്. അൽ-ഖായിദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നു മുതിർന്ന ഉദ്യോഗ്സഥൻ പറഞ്ഞു.

ശാസ്ത്രീയമായ തെളിവുകളുടെയും പ്രതികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രതികളുടെ കൃത്യമായ പങ്ക് വ്യക്തമാക്കുന്ന വിശദമായ കുറ്റപത്രം ഉടൻതന്നെ എൻ.ഐ.എ കോടതിയിൽ സമർപ്പിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com