representative image 
Business

വിദേശ നിക്ഷേപകർ ഓഹരി വിപണിയില്‍ നിന്ന് പിന്മാറുന്നു

ബജറ്റിന് ശേഷമുള്ള മൂന്ന് ദിവസങ്ങളിലും വിപണി നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്

Renjith Krishna

#ബിസിനസ് ലേഖകൻ

കൊച്ചി: കേന്ദ്ര ബജറ്റില്‍ ഡെറീവേറ്റീവ് വ്യാപാരത്തിന്‍റെ നികുതി വർധിപ്പിക്കാനുള്ള തീരുമാനമായതോടെ വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറുന്നു. രണ്ട് ദിവസത്തിനിടെ വിദേശ നിക്ഷേപകര്‍ 8400 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ബജറ്റിന് മുന്‍പുള്ള ഏഴ് വ്യാപാര ദിനങ്ങളിലായി 18,200 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഈ വര്‍ഷം ഇതുവരെ മൊത്തം 43,680 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചതെന്നും കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ ചൊവാഴ്ച നടന്ന ബജറ്റ് അവതരണത്തില്‍ ഹ്രസ്വ, ദീര്‍ഘ കാല മൂലധന നേട്ടത്തിന്മേലുള്ള നികുതിയും ധനമന്ത്രി നിര്‍മല സീതാരാമന്‍ വർധിപ്പിച്ചിരുന്നു. ഇതോടെ ബജറ്റ് ദിനത്തില്‍ തുടക്കത്തില്‍ കനത്ത തകര്‍ച്ച നേരിട്ട ഓഹരി വിപണി നഷ്ടം ഒരു പരിധി വരെ നികത്തി തിരിച്ചുകയറിയെങ്കിലും ഇതുവരെ മുന്നേറ്റ പാതിയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ബജറ്റിന് ശേഷമുള്ള മൂന്ന് ദിവസങ്ങളിലും വിപണി നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

കൊവിഡ് വ്യാപനത്തിനു ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയെത്തിയ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം തിരിച്ചൊഴുകാന്‍ തുടങ്ങിയെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു. വരും ദിവസങ്ങളിലും ഇന്ത്യയില്‍ നിന്നും പുറത്തേക്കുള്ള പണമൊഴുക്ക് ശക്തമാകാനാണ് സാധ്യത. അമെരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി കുറഞ്ഞതിനാല്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ കുറയ്ക്കാനുള്ള സാധ്യതയും വന്‍കിട ഹെഡ്ജ് ഫണ്ടുകള്‍ നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്മാറ്റത്തിന് വേഗത പകരുന്നു.

അതേസമയം സിസ്റ്റമിക് ഇന്‍വെസ്റ്റ്മെന്‍റ്

പ്ലാന്‍ (എസ്ഐപി) ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ആഭ്യന്തര നിക്ഷേപകര്‍ പ്രതിമാസം 22,000 കോടി രൂപയ്ക്കടുത്ത് വിപണിയിലെത്തിക്കുന്നതിനാല്‍ വിദേശ ധനസ്ഥാപനങ്ങളുടെ പിന്മാറ്റം ഇന്ത്യന്‍ ഓഹരികളില്‍ കാര്യമായ വില്‍പ്പന സമ്മർദം സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തുന്നത്. പ്രതിവര്‍ഷം രണ്ടു ലക്ഷം കോടി രൂപയിലധികമാണ് എസ്ഐപികള്‍ വഴി ഓഹരി വിപണിയിലെത്തുന്നത്.

ആരാകും ആദ്യ ബിജെപി മേയർ‍? കോർപ്പറേഷനുകളിൽ ചൂടേറും ചർച്ചകൾ

അയ്യപ്പസംഗമവും വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്നിറങ്ങിയതും വോട്ടുകൾ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; നേതൃയോഗത്തിനൊരുങ്ങി എൽഡിഎഫ്

നിതിൻ നബീൻ സിൻഹ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റ്

യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്ക്: കെ.സി. വേണുഗോപാല്‍

"മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്തു ചെയ്യുന്നതു ശരിയല്ല"; സുപ്രീം കോടതിക്കെതിരേ ഗവര്‍ണര്‍