റിയൽ എസ്റ്റേറ്റ് വിപണിയിൽ കുതിച്ചുയർന്ന് കൊച്ചി, മാറ്റങ്ങളുമായി തിരുവനന്തപുരം 
Business

റിയൽ എസ്റ്റേറ്റ് വിപണിയിൽ കുതിച്ചുയർന്ന് കൊച്ചി, മാറ്റങ്ങളുമായി തിരുവനന്തപുരം

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഫിസ്, റീറ്റെയ്ൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മികച്ച പ്രകടനമാണ് കൊച്ചി നടത്തിയിരിക്കുന്നത്.

കൊച്ചി: വ്യാവസായിക റിയൽ എസ്റ്റേറ്റ് രംഗത്ത് ശക്തമായ സാന്നിധ്യമായ കൊച്ചി മാറുകയാണെന്ന് റിപ്പോർട്ടുകൾ. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെ കുറിച്ച് റിയൽ എസ്റ്റേറ്റ് കൺസൾട്ടിങ് സ്ഥാപനമായ സിബിആർഇ സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡും ക്രെഡായ് (CREDAI) കേരളയും ചേർന്ന് തയാറാക്കിയ സമഗ്ര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഫിസ്, റീറ്റെയ്ൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മികച്ച പ്രകടനമാണ് കൊച്ചി നടത്തിയിരിക്കുന്നത്. കൊച്ചിയിൽ ലഭ്യമായ ഓഫീസ് സ്‌പേസുകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 28% വളർച്ചയുണ്ടായി.

2024 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 1.7 കോടി സ്‌ക്വയർ ഫീറ്റ് സ്ഥലമാണ് ഓഫിസ് ആവശ്യങ്ങൾക്കായി കൊച്ചിയിൽ ലഭ്യമായിട്ടുള്ളത്. റീട്ടെയിൽ സ്‌പേസിൽ 2020 മുതൽ 9% വളർച്ചയും രേഖപ്പെടുത്തി. ഇതിനായി 34 ലക്ഷം സ്‌ക്വയർ ഫീറ്റ് സ്ഥലമാണ് നിലവിൽ കൊച്ചിയിൽ ആകെയുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ വളർച്ചയുണ്ടാകുമെന്ന പ്രതീക്ഷയും ഇപ്പോഴത്തെ ട്രെൻഡുകൾ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ട്. “കേരളത്തിന്‍റെ വളർച്ച: ഇന്ത്യൻ വികസനത്തിന്‍റെ തുടിപ്പ്” എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട്, ക്രെഡായ് കേരള സ്റ്റേറ്റ് കോൺ 2025നിടെയാണ് പുറത്തിറക്കിയത്.

കൊച്ചിയിലെ ഓഫീസ് സെക്ടർ

2024 ൽ ടെക്‌നോളജി കമ്പനികളാണ് കൊച്ചിയിൽ ഏറ്റവുമധികം കെട്ടിടങ്ങൾ പാട്ടത്തിനെടുത്തത്. ആകെ ഓഫിസ് സ്‌പേസിന്‍റെ 44% വും ഇത്തരം കമ്പനികളാണ്. തൊട്ടുപിന്നാലെ, 25% വിപണിവിഹിതവുമായി ഗവേഷണ, കൺസൾട്ടിങ്, അനലിറ്റിക്‌സ് (ആർ.സി.എ) സ്ഥാപനങ്ങളുമുണ്ട്. ഫ്ലെക്സ് സ്പേസ് ഓപ്പറേറ്റർമാർ (വിവിധ ആവശ്യാനുസരണം ഓഫിസ് സ്‌പെയ്‌സ് വിനിയോഗിക്കുന്നവർ) 12%, ഏവിയേഷൻ രംഗം 11%, ബാങ്കിങ്, ഫിനാൻസ്, ഇൻഷുറൻസ് കമ്പനികൾ 4%, എഞ്ചിനീയറിംഗും നിർമാണവും 3%, മറ്റുള്ളവ 1% എന്നിങ്ങനെയാണ് കണക്കുകൾ.

ഇതിൽ 57% റിയൽ എസ്റ്റേറ്റും ആഭ്യന്തര കമ്പനികളാണ് വിനിയോഗിക്കുന്നത്. 29% സ്ഥലത്ത് അമേരിക്കൻ കമ്പനികളും യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നീ മേഖലകളിൽ നിന്നുള്ള കമ്പനികൾ 11% സ്ഥലവും പാട്ടത്തിനെടുത്തിട്ടുണ്ട്. ഏഷ്യൻ കമ്പനികൾ 3% സ്ഥലമാണ് പ്രയോജപ്പെടുത്തിയത്. അമ്പതിനായിരം സ്‌ക്വയർ ഫീറ്റിൽ താഴെയുള്ള ചെറു ഓഫിസുകൾക്കാണ് ആവശ്യക്കാരേറെയെന്നും (78%) 2024ലെ കണക്കുകൾ വ്യക്തമാക്കുന്നു.

കൊച്ചിയുടെ റിയൽ എസ്റ്റേറ്റ് രംഗത്തെ വളർച്ചയ്ക്ക് പ്രേരകമായ ഘടകങ്ങൾ എന്തെല്ലാമാണെന്ന് റിപ്പോർട്ടിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള സാങ്കേതിക കമ്പനികൾക്ക് അനുയോജ്യവും ലാഭകരവുമായ ഇടമായി കൊച്ചിയെ ഉയർത്തിക്കാട്ടാനുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമങ്ങളും ഫലം കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഭാവിയിൽ ഒരു ഐടി ഹബ് എന്ന നിലയിൽ കൊച്ചി നിലയുറപ്പിക്കുമെന്ന് തന്നെയാണ് കണക്കുകൾ നൽകുന്ന പ്രതീക്ഷ. കൊച്ചി ഇൻഫോപാർക്ക് സ്പെഷ്യൽ ഇക്കോണോമിക് സോൺ സ്ഥാപിച്ചതും, സർക്കാരിന്‍റെ അനുകൂലമായ നടപടികളും അടിസ്ഥാന സൗകര്യരംഗത്തെ വൻ മാറ്റങ്ങളും വിദഗ്ധരായ പ്രൊഫഷണലുകളുടെ സാന്നിധ്യവും കൊച്ചിയെ ഐടി കമ്പനികൾക്കിടയിൽ ആകർഷകമാക്കുന്നു.

വളർന്നുവരുന്ന റീറ്റെയ്ൽ അന്തരീക്ഷം

സാമ്പത്തികമായി ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയരുന്നതും പ്രീമിയം ഉല്പന്നങ്ങൾക്കും ലൈഫ്‌സ്‌റ്റൈൽ സേവനങ്ങൾക്കും ആവശ്യക്കാർ കൂടുന്നതുമാണ് കൊച്ചിയെ വ്യവസായസൗഹൃദ നഗരമാക്കി മാറിക്കൊണ്ടിരിക്കുന്നത്. 2020ന് ശേഷം ഈ രംഗത്തെ റിയൽ എസ്റ്റേറ്റ് 42% വളർച്ച കൈവരിച്ച് 34 ലക്ഷം സ്‌ക്വയർ ഫീറ്റ് ആയി. ഫാഷൻ വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറിയതാണ് വിപണിക്ക് ഗുണമായത്. ആകെ കെട്ടിടങ്ങളുടെ 55% വും പാട്ടത്തിനെടുത്തിരിക്കുന്നത് ഫാഷൻ, അപ്പാരൽ കമ്പനികളാണ്. ഹോംവെയർ ആൻഡ് ഡിപ്പാർമെൻറ് സ്റ്റോറുകൾ 27% ഉം ഹൈപ്പർമാർക്കറ്റുകൾ 8% ഷെയറും നേടി. ആഡംബര സെഗ്മെന്റ് 3% വും ഹെൽത്ത് ആൻഡ് പേർസണൽ കെയർ വിഭാഗം 2% കെട്ടിടങ്ങളും പാട്ടത്തിനെടുത്തു.

താമസത്തിനുള്ള കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ

2024 അവസാനിക്കുമ്പോൾ കൊച്ചിയിൽ ലഭ്യമായ റെസിഡൻഷ്യൽ യൂണിറ്റുകളുടെ എണ്ണം 17,000 കവിഞ്ഞു. ഒരു പ്രധാന തുറമുഖ നഗരമെന്ന നിലയിലും വ്യവസായ കേന്ദ്രമെന്ന നിലയിലും കൊച്ചി കൂടുതൽ ആകർഷകമാകുന്നു. ഐടി, ഷിപ്പിംഗ്, വ്യവസായം എന്നീ മേഖലകളിൽ നിരവധി കഴിവുള്ള പ്രതിഭകളാണ് കൊച്ചിയിലെത്തുന്നത്. ഈ നീക്കം, ഫലത്തിൽ താമസസൗകര്യങ്ങൾ തേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാക്കുന്നു. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മികച്ച ഹൈവേ, മെട്രോ, എയർപോർട്ട് സൗകര്യങ്ങളും ഈ വളർച്ചയ്ക്ക് വേഗം കൂട്ടുന്നുണ്ട്.

കൊച്ചിയിലെ വ്യാവസായിക, റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ സ്ഥായിയായ വളർച്ചയാണ് തുടർച്ചയായി കണ്ടുവരുന്നതെന്ന് സി.ബി.ആർ. ഇയുടെ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലകളുടെ ചെയർമാനും സിഇഒയുമായ അൻഷുമാൻ മാഗസിൻ പറഞ്ഞു. ടെക്‌നോളജി കമ്പനികളുടെ സാന്നിധ്യമാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. ഓഫിസ് റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തിയും ഗ്ലോബൽ കപ്പബിലിറ്റി കേന്ദ്രങ്ങൾ (ജി.സി.സി) വികസിപ്പിച്ചും ഈ വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തി, കൊച്ചിയെ ദക്ഷിണേന്ത്യയിലെ പ്രധാന വ്യാവസായിക കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന നഗരമായി മാറുന്ന തിരുവനന്തപുരം

ടെക്‌നോപാർക്കിന്‍റെ നേതൃത്വത്തിൽ, തിരുവനന്തപുരത്തെ ഐടി രംഗം വികസിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തും ഗവേഷണത്തിലുമുള്ള ഊന്നലാണ്‌ തിരുവനന്തപുരത്തെ ഉയർച്ചയിലേക്ക് നയിക്കുന്നത്

തൃശൂർ - അതിവേഗം വളരുന്ന റിയൽ എസ്റ്റേറ്റ് വിപണി

സംസ്ഥാനത്തിന്‍റെ മധ്യഭാഗത്തായുള്ള തൃശൂർ ജില്ലയുടെ സ്ഥാനം, അവിടുത്തെ റിയൽ എസ്റ്റേറ്റ് വിപണിയുടെ ശക്തിയാണ്. റോഡ്, റെയിൽ, വിമാന മാർഗങ്ങളിലൂടെ അനായാസം എത്തിച്ചേരാനാകുമെന്ന പ്രത്യേകതയുമുണ്ട്.

കോഴിക്കോടിന്‍റെ സാധ്യതകൾ

മലബാർ തീരത്തെ സുപ്രധാന സ്ഥാനവും കൊച്ചി, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളുടെ സാമീപ്യവും ശക്തമായ ഗതാഗത ശൃംഖലയുമാണ് കോഴിക്കോടിന്‍റെ തന്ത്രപ്രധാനമായ നേട്ടങ്ങൾ.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി