സ്വർണാഭരണങ്ങൾക്ക് ആവശ്യക്കാർ കുറയുന്നു

 

Representative image

Business

സ്വർണാഭരണങ്ങൾക്ക് ആവശ്യക്കാർ കുറയുന്നു

നിക്ഷേപമെന്ന നിലയില്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും പേപ്പര്‍ ഗോള്‍ഡിലും ലഭിക്കുന്ന താത്പര്യം ആഭരണങ്ങള്‍ വാങ്ങുന്നതില്‍ ദൃശ്യമല്ലെന്ന് വ്യാപാരികള്‍ പറയുന്നു

Kochi Bureau

ബിസിനസ് ലേഖകൻ

കൊച്ചി: പവൻ വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതിനാല്‍ രാജ്യത്തെ സ്വര്‍ണ ഉപയോഗം കുത്തനെ കുറയുന്നു. ചൈനയിലെ പ്രീമിയം കുറഞ്ഞതും ജ്വല്ലറി വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചു.

നിക്ഷേപമെന്ന നിലയില്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും പേപ്പര്‍ ഗോള്‍ഡിലും ലഭിക്കുന്ന താത്പര്യം ആഭരണങ്ങള്‍ വാങ്ങുന്നതില്‍ ദൃശ്യമല്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടെ വന്‍കിട സ്വര്‍ണ ഇറക്കുമതി സ്ഥാപനങ്ങള്‍ സ്വര്‍ണക്കട്ടികള്‍, നാണയങ്ങള്‍ എന്നിവയ്ക്ക് ഔണ്‍സിന് 30 ഡോളര്‍ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് ശതമാനം ഇറക്കുമതി തീരുവയും മൂന്ന് ശതമാനം ചരക്ക് സേവന നികുതിയും(ജിഎസ്ടി) ഉള്‍പ്പെടെയാണ് ഡിസ്കൗണ്ട് നല്‍കുന്നത്.

രാജ്യത്തെ വിവാഹ സീസണ്‍ അവസാനിക്കാനിരിക്കെ വില്‍പ്പനയിലുണ്ടാകുന്ന ഇടിവ് വ്യാപാരികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുകയാണ്. കാലവര്‍ഷം ശക്തമായതും സ്കൂള്‍ തുറക്കുന്നതും വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസങ്ങള്‍ ദൃശ്യമായ ചാഞ്ചാട്ടവും ഉപയോക്താക്കളെ വാങ്ങല്‍ തീരുമാനം നീട്ടിവയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ്.

ആഗോള വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരു മാസമായി കനത്ത ചാഞ്ചാട്ടമാണുണ്ടാകുന്നത്. ഇന്നലെ രാജ്യാന്തര വില ഔണ്‍സിന് 3,260 ഡോളര്‍ വരെ താഴ്ന്നതിന് ശേഷം പിന്നീട് 3,320 ഡോളറിലേക്ക് തിരിച്ചു കയറിയിരുന്നു. ഓരോ ദിവസവും 50 ഡോളര്‍ മുതല്‍ 100 ഡോളര്‍ വരെയാണ് വിലയിലെ ചാഞ്ചാട്ടം.

ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ നിലപാടുകളും അമെരിക്കന്‍ സാമ്പത്തിക രംഗത്തെ തളര്‍ച്ചയുമാണ് വിലയില്‍ ചാഞ്ചാട്ടം ശക്തമാക്കുന്നത്. അമെരിക്ക കടുത്ത മാന്ദ്യ ഭീഷണിയിലാണെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ സൂചന നല്‍കിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോള ഫണ്ടുകള്‍ വാങ്ങല്‍ ശക്തമാക്കിയതാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്. ഇതോടെ ഡോളറും യുഎസ് ബോണ്ടുകളും വില്‍പ്പന സമ്മർദം നേരിട്ടു.

കേരളത്തില്‍ പവന്‍ വില 200 രൂപ ഉയര്‍ന്ന് 71,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 8,920 രൂപയായി. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് നിലവില്‍ പവന്‍റെ റെക്കോഡ് വില. മേയ് 15ന് സ്വര്‍ണ വില പവന് 1,560 രൂപ ഇടിഞ്ഞ് 68,880 രൂപ വരെ എത്തിയിരുന്നു. ഒരു മാസത്തിനിടെ പവന്‍ വിലയില്‍ 2,640 രൂപയുടെ വർധനയാണുണ്ടായത്.

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ

ജോലി ഭാരം കുറയ്ക്കാൻ നഴ്സ് 10 രോഗികളെ കൊന്നു; ജീവപര്യന്തം വിധിച്ച് കോടതി