ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും

 

File image

Business

ട്രംപിന്‍റെ സമ്മർദത്തിന് മോദി വഴങ്ങുന്നു; ഇന്ത്യ- യുഎസ് വ്യാപാരത്തർക്കം പരിഹരിക്കും

യുഎസ് കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചെന്ന് സൂചന; പകരമായി ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ യുഎസ് കുറയ്ക്കും.

MV Desk

ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരത്തർക്കങ്ങൾ പരിഹാരത്തിലേക്കെന്ന് റിപ്പോർട്ട്. ഇന്ത്യയ്ക്കു മേൽ യുഎസ് ചുമത്തിയ 50 ശതമാനം തീരുവ 15-16 ശതമാനമായി കുറയ്ക്കുന്ന കരാറിലേക്കാണ് ഇരുരാജ്യങ്ങളും നീങ്ങുന്നത്. ഊർജ, കാർഷിക മേഖലകളെ അടിസ്ഥാനമാക്കുന്ന കരാർ പ്രകാരം ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണയുടെ ഇറക്കുമതി ക്രമേണ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും സൂചന.

ഈ മാസം അവസാനം നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്ക് മുമ്പ് കരാര്‍ പൂര്‍ത്തിയാക്കാന്‍ ഇരുപക്ഷവും ശ്രമിക്കുകയാണെന്നും, ഉച്ചകോടിയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാമെന്നുമാണ് വിവരം. എന്നാൽ, കേന്ദ്ര സർക്കാരോ യുഎസ് ഭരണകൂടമോ ഇതിനോടു പ്രതികരിച്ചില്ല.

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചൊവ്വാഴ്ച സംസാരിച്ചെന്നും, വ്യാപാര കേന്ദ്രീകൃതമായിരുന്നു സംഭാഷണമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാമെന്ന് മോദി ഉറപ്പു നൽകിയെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ, കേന്ദ്ര സർക്കാർ ഇതും സ്ഥിരീകരിച്ചിട്ടില്ല. ദീപാവലി ആശംസ നേർന്ന ട്രംപിനു നന്ദി പറയുന്നതായി സമൂഹമാധ്യമത്തിൽ അറിയിച്ച മോദി, വ്യാപാര ചർച്ചകളെക്കുറിച്ചു സൂചിപ്പിച്ചിട്ടില്ല.

കരാറിന്‍റെ ഭാഗമായി ജനിതകമാറ്റം വരുത്താത്ത ചോളം, സോയാബീൻ തുടങ്ങി ഏതാനും യുഎസ് കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചേക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു.

പകരമായി ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 15-16% ആയി യുഎസ് കുറയ്ക്കും. ടെക്സ്റ്റൈൽ, എൻജിനീയറിങ്, ഫാർമസ്യൂട്ടിക്കൽ മേഖലകൾക്ക് ഇതു ഗുണം ചെയ്തേക്കും.

തീരുവയും വിപണി പ്രവേശനവും സംബന്ധിച്ച് കൃത്യമായ ഇടവേളകളിലുള്ള അവലോകനങ്ങള്‍ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെട്ടേക്കാമെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

പ്രതിമാസം 1000 രൂപ, വാർഷിക വരുമാനം 5 ലക്ഷം കവിയരുത്; കണക്‌ട് ടു വർക്ക് സ്കോളർഷിപ്പിന്‍റെ മാർഗരേഖ പുതുക്കി

രാജ്കോട്ടിൽ തകർത്താടി രാഹുൽ; ന‍്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ‍്യം

ഇന്ത്യക്കാർ ഇറാൻ വിടുക: കേന്ദ്ര നിർദേശം

ഇനി ബോസ് കൃഷ്ണമാചാരി ഇല്ലാത്ത ബിനാലെ; ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ചു