റഷ്യൻ എണ്ണ വാങ്ങില്ല, ഇറക്കുമതി നിർത്തി റിലയൻസ്
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പൂർണമായി അവസാനിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിന്റെ ഗുജറാത്തിലെ ജാം നഗറിലുള്ള റിഫൈനറിയിലേക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതാണ് നിർത്തിയത്. പകരം ഗൾഫ് മേഖലയിൽ നിന്നും മറ്റുമുള്ള എണ്ണയായിരിക്കും ഉപയോഗിക്കുക. റഷ്യൻ എണ്ണ കമ്പനികൾക്കുള്ള യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിലാണ് തീരുമാനം.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ എത്തിച്ച്, ഇത് സംസ്കരിച്ച് സംസ്കരിച്ച് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം തുടങ്ങിയ ഉപോൽപന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് റിലയൻസ് റിഫൈനറി. ജാംനഗറിലെ റിലയൻസ് റിഫൈനറി ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയാണ്. യൂറോപ്പ്, യുഎസ്, മറ്റ് ചില രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ ഊന്നിയാണ് റിഫൈനറിയുടെ പ്രവർത്തനം.
നവംബർ 20നകം തന്നെ റഷ്യൻ എണ്ണയുടെ ഇറക്കുമതി അവസാനിപ്പിച്ചെന്നും ഡിസംബർ ഒന്നുമുതൽ ജാംനഗറിൽ നിന്നുള്ള കയറ്റുമതി പൂർണമായും റഷ്യൻ ഇതര എണ്ണയുടേതാകുമെന്നും റിലയൻസ് അധികൃതർ പറഞ്ഞു.യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ചട്ടങ്ങളെ എന്നും പാലിച്ചിട്ടുള്ള ചരിത്രമാണ് റിലയൻസ് ഇൻഡസ്ട്രീസിനുള്ളതെന്നും റഷ്യൻ എണ്ണയുടെ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനൊപ്പം കമ്പനി നിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ആയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപ് റഷ്യൻ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്നെഫ്റ്റ് എന്നിവയ്ക്ക് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുമേഖയിൽ നിന്ന് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചിട്ടുണ്ട്. നേരത്തേയുള്ള കരാർ പ്രകാരമുള്ള എണ്ണമാത്രമാണ് നിലവിൽ എത്തുന്നത്. റോസ്നെഫ്റ്റുമായി റിലയൻസിന് പ്രതിദിനം 5 ലക്ഷം ബാരൽ വീതം എണ്ണ ഇറക്കുമതി ചെയ്യാൻ കരാർ ഉണ്ടായിരുന്നു. ഉപരോധ പശ്ചാത്തലത്തിൽ കരാർ അനുസരിച്ചുള്ള ഇറക്കുമതിയും നടത്തില്ലെന്ന് റിലയൻസ് നേരത്തേ വ്യക്തമാക്കിയിരുന്നു.