ഓഹരി വിപണിയിൽ വൻ ഇടിവ് 
Business

കയറ്റത്തിന് ഇറക്കം

ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1272.07 പോയിന്‍റ് ഇടിഞ്ഞ് 84,299.78ലെത്തി.

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല വാര്‍ത്തകളും നിക്ഷേപകരുടെ ലാഭമെടുപ്പും ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച സൃഷ്ടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി റെക്കോഡുകള്‍ കീഴടക്കി ഓഹരികള്‍ മുന്നേറിയതോടെ വിപണി മൂല്യത്തെക്കുറിച്ച് നിക്ഷേപകരില്‍ ആശങ്കയേറി. ചൈനയില്‍ സര്‍ക്കാര്‍ പുതിയ സാമ്പത്തിക ഉത്തേജക പാക്കെജ് പ്രഖ്യാപിച്ചതിനാല്‍ വിദേശ ധന സ്ഥാപനങ്ങള്‍ അവിടേക്ക് നിക്ഷേപം മാറ്റുകയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1272.07 പോയിന്‍റ് ഇടിഞ്ഞ് 84,299.78ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 368.10 പോയിന്‍റ് തകര്‍ന്ന് 25,810.85ല്‍ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളും ഇന്നലെ കനത്ത ഇടിവ് നേരിട്ടു. ബാങ്കിങ്, വാഹന, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

ധനക്കമ്മി കുറയുന്നു

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുളള അഞ്ച് മാസത്തില്‍ ഇന്ത്യയുടെ ധനക്കമ്മി 4.35 ലക്ഷം കോടി ഡോളറായി ചുരുങ്ങി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്ന മൊത്തം ധനക്കമ്മിയുടെ 27 ശതമാനമാണിത്.

അവലോകന കാലയളവില്‍ നികുതി വരുമാനം മുന്‍വര്‍ഷത്തെ 8.04 ലക്ഷം കോടി രൂപയില്‍ നിന്ന് 8.74 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മൊത്തം മൂലധന ചെലവ് ഇക്കാലയളവില്‍ 16.72 ലക്ഷം കോടി രൂപയില്‍ നിന്ന് 16.52 ലക്ഷം കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) 4.9 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കറന്‍റ് അക്കൗണ്ട് കമ്മി മുകളിലേക്ക്

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.1 ശതമാനമായി ഉയര്‍ന്നു. പുതിയ കണക്കുകളനുസരിച്ച് കറന്‍റ് അക്കൗണ്ട് കമ്മി 970 കോടി ഡോളറാണ്.

സേവന മേഖലയിലെ കയറ്റുമതി വരുമാനം സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 3,970 കോടി ഡോളറായി ഉയര്‍ന്നു. അതേസമയം വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപത്തില്‍ ഇക്കാലയളവില്‍ കുറവുണ്ടായി. വിദേശ മലയാളി നിക്ഷേപം 2,950 കോടി ഡോളറായി ഉയര്‍ന്നു.

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

കോഴിക്കോട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്