യുപിഐ റീഫണ്ട് ഇനി വേഗത്തിൽ; പുതിയ നിയമം അറിയാം
യുപിഐ വഴിയുള്ള പണമിടപാട് പാതി വഴിയിൽ നിന്നു പോയതോടെ പ്രതിസന്ധിയിൽ ആയവരായിരിക്കും നമ്മളിൽ ഭൂരിപക്ഷവും. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആകും എന്നാൽ പണം എത്തേണ്ട അക്കൗണ്ടിൽ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ. പലപ്പോഴും ബാങ്ക് സെർവറുകളിലെ തകരാറോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ മൂലമാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. യുപിഐ ആപ്പിൽ പ്രോസസിങ് എന്നായിരിക്കും കാണിക്കുന്നത്. പിന്നീട് ഇടപാട് റദ്ദായാലും റീഫണ്ട് ആകാൻ ദിവസങ്ങൾ എടുക്കാറുണ്ട്. 3 മുതൽ 7 പ്രവൃത്തി ദിവസങ്ങളാണ് റീഫണ്ടിനു വേണ്ടി കാത്തിരിക്കേണ്ടി വരാറുള്ളത്.
ഇപ്പോഴിതാ പുതിയ നിയമം വഴി റീഫണ്ടിങ്ങിനുള്ള സമയം ചുരുക്കിയിരിക്കുകയാണ് സർക്കാർ. ജൂലൈ 15 മുതലാണ് നിയമം നിലവിൽ വന്നിരിക്കുന്നത്. പുതിയ നിയമം പ്രകാരം റദ്ദായ ഇടപാടിലെ പണം റീഫണ്ട് ചെയ്യാൻ ബാങ്കുകൾക്ക് നാഷണൽ പേമെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി നേടേണ്ടതില്ല. അതായത് പെട്ടെന്ന് തന്നെ ബാങ്കുകൾക്ക് നേരിട്ട് പ്രശ്നം പരിഹരിച്ച് പണം റീഫണ്ട് ചെയ്യാമെന്നർഥം.
പരാജയപ്പെട്ട പണമിടപാടുകൾ സംബന്ധിച്ച പരാതികൾ പെട്ടെന്ന് പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. യുപിഐ ഇടപാട് വഴി പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് നിരവധി വ്യാജ പരാതികൾ ലഭിക്കാറുണ്ട്. ഇവയും ബാങ്കിന് അധികം സമയം എടുക്കാതെ കണ്ടെത്തി തള്ളിക്കളയാൻ സാധിക്കുമെന്നതാണ് മറ്റൊരു ഗുണം.
മുൻപായിരുന്നുവെങ്കിൽ ഉപയോക്താക്കൾ പരാതിപ്പെട്ടാൽ ബാങ്കുകൾ യുപിഐ റെഫറൻസ് കംപ്ലൈൻസ് സിസ്റ്റം ( യുആർസിഎസ്) വഴി എൻപിസിഐയുമായി ബന്ധപ്പെട്ട് അനുമതി നേടണമായിരുന്നു.