ലക്ഷക്കണക്കിന് റോബോട്ടുകളെ ജോലിക്കു വയ്ക്കാൻ ആമസോൺ തയാറെടുക്കുന്നു.

 

പ്രതീകാത്മക ചിത്രം - AI

Career

5 ലക്ഷം പേർക്കു പകരം റോബോട്ടുകളെ ജോലിക്കു വയ്ക്കാൻ ആമസോൺ

സാധനങ്ങള്‍ എടുക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് പ്രധാനമായും റോബോട്ടുകളെ ഉപയോഗിക്കുക

മുംബൈ: ഇ-കൊമേഴ്സ് കമ്പനികളിൽ പ്രമുഖമായ ആമസോണ്‍, വെയര്‍ഹൗസുകളിലെ ആയിരക്കണക്കിന് ജോലികള്‍ക്ക് റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2018 മുതല്‍ യുഎസിലെ ആമസോണിന്‍റെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടി വർധിച്ച് ഏകദേശം 12 ലക്ഷമായിരുന്നു. ഇതിൽ അഞ്ച് ലക്ഷത്തിലധികം ജോലികള്‍ക്ക് റോബോട്ടുകളെ നിയോഗിക്കുന്നതോടെ ഇത്രയും പേരുടെ ജോലി നഷ്ടപ്പെടും.

2027 ആകുമ്പോഴേക്കും യുഎസില്‍ 1.60 ലക്ഷത്തിലധികം അധിക ജീവനക്കാരെ നിയമിക്കേണ്ടതിന്‍റെ ആവശ്യകത തടയാന്‍ കഴിയുമെന്നാണ് കമ്പനിയുടെ ഓട്ടൊമേഷന്‍ ടീമിന്‍റെ പ്രതീക്ഷ. സാധനങ്ങള്‍ എടുക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് പ്രധാനമായും ഓട്ടൊമേഷന്‍ നടപ്പാക്കുക. 2025നും 2027നുമിടയില്‍ പ്രവര്‍ത്തനച്ചെലവില്‍ 1,260 കോടി ഡോളര്‍ വരെ ലാഭിക്കാന്‍ ഓട്ടൊമേഷന് കഴിയുമെന്നാണ് കരുതുന്നത്. 2033 ആകുമ്പോഴേക്കും വില്‍പ്പന ഇരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഭാവിയിലെ റോബോട്ടുകള്‍ ഉപയോഗിച്ചുള്ള വെയര്‍ഹൗസുകള്‍ക്ക് മാതൃക എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം യുഎസിലെ ഷ്റീവ്പോര്‍ട്ടില്‍ ആമസോണ്‍ ഒരു കേന്ദ്രം ആരംഭിച്ചിരുന്നു. ആയിരത്തോളം റോബോട്ടുകളാണ് ഇവിടെ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. 2027 അവസാനത്തോടെ ഏകദേശം 40 കേന്ദ്രങ്ങളില്‍ ഈ മാതൃക പിന്തുടരാനാണ് ആമസോണ്‍ ഉദ്ദേശിക്കുന്നത്.

അതേസമയം, റിപ്പോര്‍ട്ടുകളില്‍ വന്ന വിവരങ്ങള്‍ അപൂര്‍ണമാണെന്നും കമ്പനിയുടെ വ്യക്തമായ നിയമന തന്ത്രങ്ങള്‍ ഇതില്‍ ചിത്രീകരിക്കുന്നില്ലെന്നും ആമസോണ്‍ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ ഡെലിവറി ഡിപ്പോകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി.

ഓട്ടൊമേഷനിലൂടെ ലാഭിക്കുന്ന പണം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉപയോഗിക്കുക. പ്രവര്‍ത്തനങ്ങളില്‍ ഓട്ടൊമേഷന്‍ കൊണ്ടുവരുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രധാന്യം നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ