ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം: ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സ് സര്‍ക്കാറിന്‍റെ ഭാഗമായ ദി ഫ്രെഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ ഇന്ത്യ (ഐഎഫ്ഐ) ഡയറക്റ്ററും, വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരിക സഹകരണം എന്നീ മേഖലകളിലെ ഇന്ത്യയിലെ ഫ്രാന്‍സിന്‍റെ ഉപദേഷ്ടാവുമായ ഗ്രെഗോർ ട്രൂമെൽ നോര്‍ക്ക റൂട്ട്സുമായും ചര്‍ച്ച നടത്തി.
ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് മതൗ പറഞ്ഞു. ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ സെപ്റ്റംബറിൽ നടത്തുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. ഇതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആർഒയുമായി ഫ്രാൻസിന് ശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞ തിയെറി മതൗ ഡിഫൻസ്, എയ്റോ സ്പെയ്സ് മേഖലകളിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള താത്പര്യവും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലും സംയോജന സാധ്യതകൾ പരിശോധിക്കും. മന്ത്രി സജി ചെറിയാൻ, ചിഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.
ഫ്രാൻസിന്‍റെ പ്രതിനിധികൾ നോര്‍ക്ക റൂട്ട്സുമായി നടത്തിയ ചർച്ചയില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്‍റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
ഫ്രാന്‍സിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ നൈപുണ്യ മികവുളളവര്‍ക്കും, ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമായുളള തൊഴില്‍ റിക്രൂട്ട്മെന്‍റ് സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്തു. ആരോഗ്യ സാമൂഹിക കാര്യ വിഭാഗത്തിലെ ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൗൺസിലർ ചാൾസ് മഹിയുമായും നോര്‍ക്ക സംഘം വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും.
നിയമപരവും സുരക്ഷിതവും വ്യവസ്ഥാപിതവുമായ നോര്‍ക്ക റൂട്ട്സിന്‍റെ നേതൃത്വത്തിലുളള വിദേശ തൊഴില്‍ കുടിയേറ്റ നടപടികളും പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്‍റേഷന്‍, ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്‍റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ എന്നിവ ശ്രദ്ധേയമാണെന്നും ഗ്രെഗോർ ട്രൂമെൽ അഭിപ്രായപ്പെട്ടു. ഫ്രാന്‍സ് സര്‍ക്കാറിന്‍റെ കേരളത്തിലെ ഔദ്യോഗിക ഫ്രഞ്ച് ഭാഷാ പഠന കേന്ദ്രമായ അലൈയൻസ് ഫ്രാൻസൈസുമായുളള (Alliance Française) സഹകരണം സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
കേരളത്തില്‍ നിന്നു ഫ്രാന്‍സിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റ് സാധ്യതകളും ചര്‍ച്ചയായി. നിലവില്‍ പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാർഥികള്‍ ഫ്രാന്‍സില്‍ ഉപരിപഠനം നടത്തിവരുന്നു. ഇത് മുപ്പതിനായിരമായി ഉയര്‍ത്താനാണു ശ്രമം. ഫ്രാന്‍സിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സുമായുളള സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.