കൊച്ചി: ഇ-സ്പോർട്സ് വ്യവസായത്തിന്‍റെ വളര്‍ച്ച ഇന്ത്യയിലെ ഗെയിമര്‍മാര്‍ക്ക് കൂടുതൽ തൊഴിലവസരങ്ങളും വര്‍ധിച്ച വരുമാനവും നൽകുന്നതായി എച്ച്പി ഇന്ത്യ ഗെയിമിങ് ലാൻഡ്സ്കേപ് സ്റ്റഡി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം വരുമാനം ഗണ്യമായി വർധിച്ചു. ഗെയിമിങ് ഗൗരവമായി എടുത്തവരില്‍ പകുതിപേരും വര്‍ഷത്തില്‍ 6 മുതല്‍ 12 ലക്ഷം വരെ വരുമാനമുണ്ടാക്കുന്നു.
വ്യവസായ വളർച്ച തിരിച്ചറിഞ്ഞ് 42% രക്ഷിതാക്കള്‍ ഗെയിമിങ് ഹോബിയായി അംഗീകരിക്കുന്നുണ്ട്. അതേസമയം, 61% ആളുകള്‍ക്കും ഇന്ത്യയിലെ ഗെയിമിങ് കോഴ്‌സുകളെക്കുറിച്ച് അറിവില്ലെന്ന് പഠനം വെളിപ്പെടുത്തുന്നു. 15 ഇന്ത്യന്‍ നഗരങ്ങളിലെ 3000 ഗെയിമര്‍മാരെ ഉള്‍പ്പെടുത്തിയാണ് എച്ച്പി പഠനം നടത്തിയത്.
''ആഗോളതലത്തില്‍ ഏറ്റവും മികച്ച മൂന്ന് പിസി ഗെയിമിങ് രാജ്യങ്ങളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവരുമ്പോള്‍, ഗെയിമര്‍മാരെ ശാക്തീകരിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ്'', എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് സീനിയര്‍ വൈസ് പ്രസിഡന്‍റും മാനെജിങ് ഡയറക്‌റ്ററുമായ ഇപ്‌സിത ദാസ്‌ഗുപ്‌ത പറഞ്ഞു. ഇ-സ്പോർട്സ് മാനെജ്മെന്‍റിനെയും ഗെയിം ഡെവലപ്മെന്‍റിനെയും കുറിച്ചുള്ള സൗജന്യ ഓണ്‍ലൈന്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമായ എച്ച് പി ഗെയിമിങ് ഗാരേജ് അവതരിപ്പിച്ചതായും എച്ച്പി അറിയിച്ചു.