ലഭിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നാണു മന്ത്രി നൽകുന്ന ഉറപ്പ്
അഴിമതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ "പ്രോജക്റ്റ് സീറോ' പദ്ധതി ആരംഭിക്കുമെന്നാണ് ആഭ്യന്തര, വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾ ധൈര്യമായി അറിയിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
ലഭിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നാണു മന്ത്രി നൽകുന്ന ഉറപ്പ്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി തടയുന്നതു പൊതുജനങ്ങളുടെ സേവനങ്ങൾ ന്യായമായും സമയബന്ധിതമായും ലഭിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ്. ഇക്കാര്യത്തിൽ സർക്കാർ ശക്തവും ഫലപ്രദവുമായ നടപടികളാണു സ്വീകരിക്കുന്നതെങ്കിൽ തീർച്ചയായും അതു ജനങ്ങൾ സ്വാഗതം ചെയ്യും. കൈക്കൂലിക്കും അഴിമതിക്കും എതിരേ ശക്തമായ ജനവികാരം ഉണ്ടായിട്ടും ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇതു തുടരുന്നു എന്നതാണു വാസ്തവം.
അഴിമതിമുക്തമായ ഭരണസംവിധാനം യാഥാർഥ്യമാവാൻ തെറ്റുചെയ്യുന്നവർക്കെതിരേ കർശന നടപടി ഉറപ്പാക്കേണ്ടതുണ്ട്. അതിൽ മുഖം നോക്കാതിരിക്കുക എന്നതു പ്രധാനം. അഴിമതിക്ക് ആരു പ്രോത്സാഹനം നൽകിയാലും അതു തെറ്റു തന്നെയാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ പുതിയ രീതിയിലുള്ള പണം കൈമാറ്റങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. ഗൂഗിൾ പേ വഴിയും മറ്റു ഡിജിറ്റൽ രീതികളിലുമൊക്കെ പണം സ്വീകരിക്കുന്നതു കൂടി കണ്ടുകൊണ്ടുവേണം "പ്രോജക്റ്റ് സീറോ' പദ്ധതി നടപ്പാക്കുന്നതിന്.
ഡിജിറ്റൽ ഇടപാടുകൾ അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിനുള്ള മാർഗമായി കാണുന്നവരുണ്ട്. മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഏജന്‍റുമാർ വഴി ഗൂഗിൾ പേ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയതായി നേരത്തേ വിജിലൻസ് കണ്ടെത്തിയിരുന്നു. ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വില്ലെജ് ഓഫിസർ വിജിലൻസ് പിടിയിലായ സംഭവവും ഉണ്ടായിട്ടുണ്ട്.
ചില സബ് രജിസ്ട്രാർ ഓഫിസുകളിൽ കൈക്കൂലി പണം ഗൂഗിൾ പേ വഴി കൈമാറുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. മണൽ മാഫിയയിൽ നിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും വാർത്തകൾ വന്നതാണ്. പുതിയ കാലത്തിനൊത്ത് വിജിലൻസ് സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായം ഉപകരിക്കും.
അഴിമതി നടന്നതിനു ശേഷം നടപടി സ്വീകരിക്കുന്നതിനു പകരം അഴിമതിക്കു സാഹചര്യമൊരുക്കാതിരിക്കുകയാണു "പ്രോജക്റ്റ് സീറോ' പദ്ധതിയുടെ ലക്ഷ്യമെന്നു മന്ത്രി പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. എന്തുകൊണ്ട് കൈക്കൂലി വാങ്ങിക്കൂടാ എന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.
ജനങ്ങളിൽ അഴിമതിക്കെതിരായ അവബോധം വളർത്തുന്നതും പ്രധാനമാണ്. അഴിമതി മുക്തമായ ഒരു സമൂഹം സൃഷ്ടിച്ചെടുക്കുന്നതിനു പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടല്ലോ. വിജിലൻസ് ബോധവത്കരണ വാരം സംഘടിപ്പിക്കുന്നതു പോലുള്ള പരിപാടികൾ സംസ്ഥാനത്തു നേരത്തേയും നടന്നിട്ടുണ്ട്. അതൊന്നും ചടങ്ങു മാത്രമായി തീരാതിരിക്കണം. അഴിമതിരഹിത സർക്കാർ ഓഫിസുകൾ, അഴിമതിമുക്ത കേരളം എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ തന്നെ അഭിമാനകരമാണ്.
ഇത്തരമൊരു വാഗ്ദാനം ജനങ്ങൾക്കു നൽകാത്ത സർക്കാരുകളും ഉണ്ടായിട്ടുണ്ടാവില്ല. സാധാരണ ജനങ്ങളുടെ കീശയിൽ കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥർ സർക്കാർ സർവീസിലുണ്ടാവില്ലെന്ന് മുൻ സർക്കാരിന്‍റെ കാലത്തും പറഞ്ഞു കേട്ടിരുന്നു. പക്ഷേ, കേരളം ഇനിയും അഴിമതി മുക്തമായിട്ടൊന്നുമില്ല. പലരും പിടിക്കപ്പെട്ടെങ്കിലും അഴിമതിയും കൈക്കൂലിയും ഒട്ടും കുറയാതെ നിലനിൽക്കുന്നു എന്നതാണു യാഥാർഥ്യം.
അഴിമതിമുക്ത ഭരണം എന്നൊക്കെ മന്ത്രിയും സർക്കാരും അവകാശപ്പെടുമ്പോൾ ഒരു വിഭാഗം ഉദ്യോഗസ്ഥർ അതിനു വലിയ പ്രാധാന്യമൊന്നും കൽപ്പിക്കാറില്ല. അഴിമതിക്കേസുകളിൽ പ്രതികളായ നിരവധി പേരെ വിചാരണ ചെയ്യാനുള്ള വിജിലൻസിന്‍റെ അപേക്ഷ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുകയാണെന്നു മുൻ സർക്കാരിന്‍റെ കാലത്ത് റിപ്പോർട്ടുകൾ വന്നതാണ്. മുകൾ തട്ടുവരെ അഴിമതിക്കെതിരേ അലസ സമീപനം സ്വീകരിക്കുന്നു എന്നതാണ് അതിനർഥം.
രാഷ്ട്രീയ സ്വാധീനമുള്ളവരെ അഴിമതിയാരോപണങ്ങളിൽ നിന്നു സംരക്ഷിക്കാൻ ഏതു സർക്കാരിന്‍റെ കാലത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതേ അവസ്ഥ ഇനിയും തുടരരുത്. സഹായത്തിനായി ഓഫിസുകളിൽ വരുന്നവർ കാരുണ്യവും ഔദാര്യവുമല്ല ആവശ്യപ്പെടുന്നതെന്നും അവരുടെ അവകാശമാണു ചോദിക്കുന്നതെന്നും ഉദ്യോഗസ്ഥർ ഓർമിക്കേണ്ടതുണ്ട്.
സേവനം ചെയ്യുകയാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമെന്നും അതിനാണു ശമ്പളം ലഭിക്കുന്നതെന്നും അവർ അറിയണം. പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകളിൽ നേരിട്ടുള്ള തെളിവുകളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെന്നു സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. പരമോന്നത കോടതി അത്രമാത്രം ശക്തമായ നിലപാടാണ് അഴിമതിക്കെതിരേ സ്വീകരിച്ചിട്ടുള്ളത്.