രാജ്യം ഉറ്റുനോക്കുന്നു, ബ്രിക്സ് ഉച്ചകോടിയിലേക്ക്
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഇന്നും നാളെയുമായി ന്യൂഡൽഹിയിൽ നടക്കുകയാണ്. ഇങ്ങനെയൊരു ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതുവഴി അഭിമാനകരമായ നേട്ടത്തിലേക്കാണു രാജ്യം നീങ്ങുന്നത്. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ വലിയ പ്രസക്തിയും സ്വാധീനവുമുള്ളതാണു ബ്രിക്സ്. ആഗോള ജനസംഖ്യയുടെ 49.5 ശതമാനവും ആഗോള ജിഡിപിയുടെ 40 ശതമാനവും ആഗോള വ്യാപാരത്തിന്‍റെ 26 ശതമാനവും ബ്രിക്സ് രാജ്യങ്ങൾക്കിടയിലാണ് എന്നത് ഈ ഗ്രൂപ്പിന്‍റെ പ്രാധാന്യം എത്രമാത്രമുണ്ടെന്നു വ്യക്തമാക്കുന്നു. ഈ കൂട്ടായ്മയുടെ സഹകരണവും പങ്കാളിത്തവും രാജ്യത്തിന്‍റെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്താൻ ഓരോ അംഗരാജ്യങ്ങൾക്കുമാവും. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തികൾ ബ്രിക്സ് കൂട്ടായ്മയിലുണ്ട്. ആഗോള ആഭ്യന്തര ഉത്പാദനത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്നതിന് ഈ കൂട്ടായ്മയ്ക്കാവും. വികസ്വര രാജ്യങ്ങളുടെ ശബ്ദം അന്താരാഷ്‌ട്ര തലത്തിൽ ഉയർത്തിക്കാണിക്കാൻ ബ്രിക്സ് സഹായിക്കുന്നുണ്ട്. ഗ്ലോബൽ സൗത്തിന്‍റെ പ്രധാന വേദിയാണത്. ഇന്ത്യയുടെ നയതന്ത്ര സ്വാധീനം വ്യക്തമാക്കുന്ന വേദി എന്ന നിലയിലും ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കു പ്രസക്തിയുണ്ട്.
പതിനൊന്ന് അംഗ രാജ്യങ്ങളും പത്തു പങ്കാളി രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ക്രിയാത്മകവും അർഥവത്തായതുമായ ചർച്ചകൾ അതിലുണ്ടാവുമെന്ന് അധ്യക്ഷരാജ്യമെന്ന നിലയിൽ ഇന്ത്യ വിശ്വസിക്കുന്നു. ലോകക്ഷേമത്തിനു സഹായിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉച്ചകോടിയിലുണ്ടാവുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുന്നത്. സുതാര്യമായ വാണിജ്യം, മുതൽമുടക്കുകൾ തുടങ്ങിയ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ബ്രിക്സിനു കഴിയണമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിതരണ ശൃംഖലയിലെ തടസങ്ങൾ ഒഴിവാക്കാനും വ്യാപാരാന്തരീക്ഷവും വാണിജ്യ ബന്ധങ്ങളും മെച്ചപ്പെടുത്താനും ഈ കൂട്ടായ്മയ്ക്കു കഴിയേണ്ടതുണ്ട്. വികസ്വര രാജ്യങ്ങൾക്ക് ഐഎംഎഫും ലോകബാങ്കും പോലുള്ള സ്ഥാപനങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ആവശ്യമാണെന്ന് ബ്രിക്സ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യാപാരത്തിലും മുതൽമുടക്കുകളിലും അംഗരാജ്യങ്ങൾക്കിടയിൽ സ്വന്തം കറൻസികൾ കൂടുതലായി ഉപയോഗിക്കുന്നത് യുഎസ് ഡോളറിന്മേലുള്ള അമിത ആശ്രയം ഒഴിവാക്കാൻ സഹായിക്കുമെന്നും ഇവർ നിർദേശിക്കുന്നു. ഏകപക്ഷീയമായി തീരുവകൾ അടിച്ചേൽപ്പിക്കുന്നതിനെതിരേയും ഇവർ രംഗത്തുവന്നിട്ടുണ്ട്. അമെരിക്കയുടെ തീരുവ നയം ആഗോള വ്യാപാരത്തെ ദോഷകരമായി ബാധിച്ച സാഹചര്യത്തിലാണിത്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയായിരുന്നു ആദ്യം ബ്രിക്സ് അംഗരാജ്യങ്ങളായി ഉണ്ടായിരുന്നത്. ഈജിപ്റ്റ്, എത്യോപ്യ, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ കൂടി പിന്നീട് പൂർണ അംഗങ്ങളായി. ബെലാറസ്, ബോളീവിയ, കസാഖിസ്ഥാൻ, ക്യൂബ, മലേഷ്യ, നൈജീരിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയ്റ്റ്നാം എന്നീ രാജ്യങ്ങളെ കഴിഞ്ഞ വർഷം പങ്കാളി രാജ്യങ്ങളായി ഉൾപ്പെടുത്തി. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്, ഇറേനിയൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്‍റോ, ഈജിപ്റ്റ് പ്രസിഡന്‍റ് അബ്ദുൾ ഫത്താഹ് എൽ-സിസി, മലേഷ്യൻ പ്രധാനമന്ത്രി അന്‍വർ ഇബ്രാഹിം തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ആഗോള വെല്ലുവിളികൾ ഒന്നിച്ചുനിന്നു നേരിടുന്നതിനെക്കുറിച്ച് ഈ ലോക നേതാക്കൾ തമ്മിൽ നടക്കുന്ന ചർച്ചകൾ ഫലവത്താകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്.
റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിന്‍റെ ഉപരോധം, ട്രംപ് ഭരണകൂടത്തിന്‍റെ വ്യാപാര- താരിഫ് നയങ്ങൾ എന്നിവ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാലമാണിത്. അംഗരാജ്യങ്ങൾക്കിടയിലുള്ള സഹകരണം ആഴത്തിലാക്കിക്കൊണ്ട് ഇത്തരം പ്രതികൂല സാഹചര്യങ്ങളുടെ ആഘാതം കുറയ്ക്കാൻ കഴിയുമോയെന്നു പരിശോധിക്കേണ്ടതാണ്. ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാനുള്ള സാധ്യതകളിലാണ് ഇരു രാജ്യങ്ങളും ഊന്നൽ നൽകുന്നത് എന്നാണു സൂചനകൾ. രണ്ടായിരത്തി മുപ്പതോടെ വാർഷിക ഉഭയകക്ഷി വ്യാപാരം 100 ബില്യൻ ഡോളറിലെത്തിക്കുക എന്നതാണു ലക്ഷ്യം. പ്രതിരോധം, ഊർജം, ക്രിറ്റിക്കൽ ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതും ലക്ഷ്യമാണ്. റഷ്യയുമായുള്ള വ്യവസായ സഹകരണം ശക്തിപ്പെടുത്തുകയും ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് ഇത്തരം കൂടിക്കാഴ്ചകൾ ഉപകരിക്കുകയും ചെയ്യും. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനത്തെയും വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇന്ത്യ-ചൈന നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണ്.