തെറ്റു തിരുത്തട്ടെ, സിപിഎം
നേതാക്കളോ പാർട്ടി പ്രവർത്തകരോ അനുഭാവികളോ ഒട്ടും പ്രതീക്ഷിക്കാത്തത്ര കനത്ത പരാജയമാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനുമുണ്ടായത്. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുക എന്ന ലക്ഷ്യം നടന്നില്ല എന്നതു പോവട്ടെ, ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരം ജനങ്ങളിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നു അവർക്ക്. പരമ്പരാഗത കമ്യൂണിസ്റ്റ് കോട്ടകൾ പോലും പിണറായി വിജയന്‍റെ സർക്കാരിനെതിരേ വോട്ടുചെയ്തു എന്നത് അമ്പരപ്പിക്കുന്ന യാഥാർഥ്യമാണ്. മറ്റൊരിടത്തും ഭരണമില്ലാത്ത എൽഡിഎഫിന് കേരളത്തിൽ അധികാരം നിലനിർത്തുക അഭിമാനപ്രശ്നമായിട്ടുപോലും അതിനടുത്തെങ്ങും എത്താനായില്ല. ""മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ'' എന്ന പ്രചാരണ വാക്യവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ സിപിഎമ്മും സഖ്യകക്ഷികളും ആകെ നേടിയത് 35 സീറ്റാണ്. യുഡിഎഫ് 102 സീറ്റുകളോടെ അധികാരത്തിലെത്തിയപ്പോൾ ബിജെപി മൂന്നു സീറ്റു നേടി ചരിത്രം കുറിക്കുകയും ചെയ്തു. മുൻപ് പശ്ചിമ ബംഗാളിലും ത്രിപുരയിലും നേരിട്ട അതേ പതനം അത്രയും ശക്തിയോടെ ഇവിടെയും ആവർത്തിച്ചു എന്നു തന്നെ പറയണം.
രാജ്യത്തെ ഇടതുപക്ഷ അനുകൂലികളെയൊന്നാകെ നിരാശയിലാഴ്ത്തിയ ഈ തോൽവിയിൽ നിന്ന് കേരളത്തിലെ എൽഡിഎഫിനു തിരിച്ചുവരണമെങ്കിൽ അതിനുവേണ്ടി ആത്മാർഥമായ ശ്രമങ്ങൾ തന്നെ ഉണ്ടാവേണ്ടതുണ്ട്. പ്രത്യേകിച്ചു സിപിഎമ്മിനു മുഖം മിനുക്കുന്ന ചില്ലറ വിദ്യകൾ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ല. താഴെത്തട്ടു മുതലുള്ള പ്രവർത്തകർ അതു ചൂണ്ടിക്കാണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം നടന്ന വിലയിരുത്തലുകളിൽ പോരായ്മകൾ ഓരോന്നും അക്കമിട്ട് അവർ നിരത്തിയിട്ടുണ്ട്. നേതൃത്വത്തിന് അതുൾക്കൊള്ളാനാവുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. പോരായ്മകൾ തിരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു സിപിഎം നേതൃത്വം ആവർത്തിക്കുന്നതിലാവണം അണികൾ പ്രതീക്ഷ വയ്ക്കുന്നത്. എന്തായാലും തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്ത് സിപിഎം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് പാർട്ടിയുടെ വെബ്സൈറ്റിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ പല വീഴ്ചകളും തുറന്നു സമ്മതിക്കുന്നുമുണ്ട്. പാർട്ടിയിലുള്ള ജനവിശ്വാസം എങ്ങനെ നഷ്ടമായി എന്നു പറയുന്നുണ്ട്. ഈ തുറന്നുപറച്ചിലുകൾ തിരുത്തലുകൾക്കു വഴിയൊരുക്കിയാൽ അത്രയും നന്ന്.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പാര്‍ട്ടിക്കു സര്‍ക്കാരില്‍ നിയന്ത്രണമുണ്ടായിരുന്നില്ലെന്നാണ് ഒരു പ്രധാന കണ്ടെത്തലായി പുറത്തുവന്നിട്ടുള്ളത്. മുൻപ് കേരളത്തില്‍ ഭരണമുണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും പാര്‍ട്ടി ഉപസമിതിയെ വച്ചിരുന്നു. കഴിഞ്ഞതവണ അതുണ്ടായില്ല. സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാൻ എതിരാളികളെ സഹായിച്ചുവെന്നും കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുകയാണ്. കെ.കെ. ശൈലജയുടെ മണ്ഡലം മാറ്റിയതു തെറ്റായ സന്ദേശം നൽകിയെന്നും പറയുന്നുണ്ട്. സിറ്റിങ് സീറ്റിൽ നിന്നു ശൈലജയെ മാറ്റി മത്സരിപ്പിച്ചതിന് പാർട്ടി സംസ്ഥാന നേതൃത്വം നൽകിയ വിശദീകരണങ്ങളൊന്നും ജനങ്ങൾക്കു ബോധ്യപ്പെട്ടില്ല. ഇതുമാത്രമല്ല, കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ വലിയ വീഴ്ചകളുണ്ടായിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലെ പാകപ്പിഴകളുടെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റികൾക്കു മാത്രമല്ല സംസ്ഥാന നേതൃത്വത്തിനുമുണ്ട്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലായിരുന്നു എന്ന അവകാശവാദവും കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുന്നുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായപ്പോൾ എ. പദ്മകുമാറിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാതിരുന്നതും തിരിച്ചടിക്കു കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിഎം ശ്രീ വിഷയത്തിൽ സിപിഐയുമായുള്ള തർക്കവും ജനങ്ങളിൽ അതൃപ്തിയുണ്ടാക്കിയതിനു കാരണമാണ്. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളെ ഒപ്പം അണിനിരത്താൻ ബഹുജന സംഘടനകൾക്കു കഴിഞ്ഞില്ല. ചില നേതാക്കളുടെ അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിത ശൈലി തുടങ്ങിയ മോശം പ്രവണതകളെക്കുറിച്ചുള്ള ആരോപണം ജനവിശ്വാസം നഷ്ടപ്പെടുന്നതിനു കാരണമായിട്ടുണ്ടെന്നും ഓർമപ്പെടുത്തലുണ്ട്. പൊലീസിന്‍റെയും ബ്യൂറോക്രസിയുടെയും സ്വേച്ഛാധിപത്യം അംഗീകരിച്ചുകൊടുത്തു എന്നതാണു മറ്റൊരു പോരായ്മ. ബിജെപിയുമായി രഹസ്യ ഡീലുണ്ടെന്ന ആരോപണം ഫലപ്രദമായി തടയാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
പാർട്ടി വിട്ട് പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച വി. കുഞ്ഞികൃഷ്ണൻ തന്‍റെ പുസ്തകത്തിനിട്ട പേര് "നേതൃത്വത്തെ അണികൾ തിരുത്തണം' എന്നതായിരുന്നു. പാർട്ടി തിരുത്തപ്പെടുന്നതിനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധാരാളം പാർട്ടി അനുയായികൾ മാറി വോട്ടുചെയ്തിട്ടുണ്ട് എന്നാണു കരുതേണ്ടത്. ഇപ്പോൾ കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടും തെറ്റുകുറ്റങ്ങൾ ഓരോന്നായി എടുത്തുകാണിക്കുന്നുണ്ട്. ഏകോപനം അടക്കം വിഷയങ്ങളിലെ പരാജയങ്ങളെക്കുറിച്ച് റിപ്പോർട്ടിലുള്ള കാര്യങ്ങൾ കേരളത്തിലെ നേതൃത്വം അതീവ ഗൗരവത്തോടെ ചർച്ച ചെയ്യട്ടെ.