മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജി
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും ജീവൻ തന്നെ അപഹരിക്കുന്നതുമായ അവസ്ഥ സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ വിഷയമാണ്. വനപ്രദേശങ്ങളോടു ചേർന്ന മേഖലകളിൽ താമസിക്കുന്ന പതിനായിരക്കണക്കിനാളുകളെ ആശങ്കപ്പെടുത്തുന്ന സംഭവങ്ങളാണു നിത്യേനയെന്നോണം കേൾക്കുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോഴും ഫലപ്രദമായ ഒരു പരിഹാര നടപടിയും സ്വീകരിക്കാൻ അധികൃതർക്കു കഴിയുന്നില്ല എന്ന പരാതി മുൻ സർക്കാരിന്‍റെ കാലത്ത് ശക്തമായി ഉയർന്നിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷവും ജനവാസ മേഖലകളിലിറങ്ങിയ വന്യമൃഗങ്ങൾ ജീവനെടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.
അടുത്തിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണങ്ങളിൽ ആറു പേരുടെ ജീവനാണു നഷ്ടമായത്. സമീപ നാളുകളിൽ വയനാട്ടിൽ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർക്കു ജീവൻ നഷ്ടപ്പെട്ടു. ഇടുക്കി ചിന്നക്കനാലിലും കോതമംഗലത്തും അതിരപ്പിള്ളിയിലും പാലക്കാട് മലമ്പുഴ അകമലവാരത്തും കാട്ടാന ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുകയുണ്ടായി. വനങ്ങളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ എങ്ങനെ സ്വസ്ഥമായി ജീവിക്കുമെന്ന ചോദ്യം ആവർത്തിച്ച് ഉയരുകയാണ്. പലയിടത്തും ആളുകൾക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്.
പുതിയ സർക്കാർ അധികാരത്തിൽ വന്നു ദിവസങ്ങൾക്കുള്ളിൽ വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നൊന്നും പറയുന്നതിൽ അർഥമില്ല. ഒരു ദിവസം സ്വിച്ചിട്ടതുപോലെ നിർത്താൻ കഴിയുന്നതുമല്ല അത്. എന്നാൽ, പരിഹാരം കാണാനുള്ള പരിശ്രമങ്ങൾ സർക്കാർ തലത്തിൽ തുടർച്ചയായി ഉണ്ടാവേണ്ടതുണ്ട്. മുൻ സർക്കാരിന്‍റെ കാലത്തും ഇത്തരം പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപക്ഷേ, ഫലപ്രദമായിട്ടില്ല എന്നതാണു വസ്തുത.
എന്തൊക്കെയാണു പോരായ്മകൾ എന്നു പരിശോധിച്ചും ആവശ്യമായ നടപടികളെക്കുറിച്ചു പഠിച്ചും കൃത്യമായ പദ്ധതികൾ തയാറാക്കി എത്രയും വേഗം ആക്‌ഷൻ പ്ലാനിലേക്കു നീങ്ങുക എന്നതാണ് ആവശ്യമായിട്ടുള്ളത്. നഷ്ടപ്പെടുന്നതു മനുഷ്യജീവനുകളാണ് എന്ന ബോധ്യത്തിൽ നിന്നാണ് അടിയന്തര ശ്രദ്ധ നൽകണമെന്ന ചിന്ത ഉണ്ടാവേണ്ടത്.
വന്യജീവി- മനുഷ്യ സംഘർഷം പരിഹരിക്കുന്നതിനു സർക്കാർ സമഗ്ര പദ്ധതി തയാറാക്കുമെന്നു വനം മന്ത്രി ഷിബു ബേബി ജോൺ അവകാശപ്പെട്ടത് ഏതാനും ദിവസം മുൻപാണ്. മന്ത്രിയുടെ ഈ വാക്കുകൾ മലയോര ജനതയ്ക്കു പ്രതീക്ഷ നൽകുന്നുണ്ട്. അതു വെറുതേയാവരുത്. ബന്ധപ്പെട്ട മുഴുവൻ ആളുകളെയും സംവിധാനങ്ങളെയും ഉൾപ്പെടുത്തിയുള്ള കൂട്ടായ പ്രവർത്തനമാണ് ഇക്കാര്യത്തിലുണ്ടാവേണ്ടത്.
വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുക, അവ നാട്ടിലെത്തിയാൽ ആഘാതം കുറയ്ക്കുക, ദുരിതബാധിതർക്കു സമയബന്ധിതമായി നഷ്ടപരിഹാരം നൽകുക എന്നിങ്ങനെ മൂന്നു ഘടകങ്ങളാണു പദ്ധതിക്കുള്ളതെന്നാണു മന്ത്രി പറയുന്നത്. വന്യജീവികൾ പുറത്തു വരുന്നതു തടയാൻ വനത്തിനുള്ളിലെ വിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതു സഹായിക്കും.
വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കിയാൽ അതിനുവേണ്ടി വന്യമൃഗങ്ങൾക്കു നാട്ടിൽ ഇറങ്ങേണ്ടിവരില്ല. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ കിടങ്ങ്, സൗരോർജ വേലി, തൂക്കുവേലി തുടങ്ങിയവയെല്ലാം ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം ശാസ്ത്രീയ പഠനം നടത്തി പുതിയ മാർഗങ്ങൾ ആവിഷ്കരിക്കുന്നതു കാലോചിതമാണ്.
വനാതിർത്തികളിലുള്ള ഇപ്പോഴത്തെ സൗരോർജ വേലികൾ പൂർണമായും പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം പുതിയ വേലികൾ നിർമിക്കേണ്ടതുമുണ്ട്. വന്യമൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും ആക്രമണസാധ്യതകൾ മുൻകൂട്ടി അറിയുന്നതിനും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കേണ്ടതുണ്ട് എന്നതിൽ സംശയമൊന്നുമില്ല. ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അതും എത്രയും വേഗത്തിൽ പരിഹരിക്കണം.
നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ ജനങ്ങൾക്ക് അപകടം ഉണ്ടാകാതെ തിരികെ അയക്കുന്നതിനു വനം വകുപ്പിനു പ്രത്യേക ജാഗ്രതയുണ്ടാവേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അനാസ്ഥയും അവഗണനയും വർഷങ്ങളായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നതാണ്. വനം വകുപ്പു ജീവനക്കാരുടെ സമീപനത്തിനെതിരേ എത്രയോ വട്ടം ജനങ്ങളുടെ പ്രതിഷേധം ഉയർന്നിട്ടുള്ളതാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും ഉദ്യോഗസ്ഥർ കൂടെയുണ്ടാവുമെന്നു തീർച്ചപ്പെടുത്തിയാൽ തന്നെ അതു വലിയ ആശ്വാസമാണു നൽകുക. ദുരിതബാധിതർക്കു സമയബന്ധിതമായി നഷ്ടപരിഹാരം നൽകുന്നതു മാത്രമല്ല നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതും പരിഗണിക്കേണ്ടതാണ്. കൃഷിനാശം കണക്കാക്കുന്ന മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണെന്നും ധനസഹായം അപര്യാപ്തമാണെന്നും കർഷകർ പരാതിപ്പെടുന്നതാണ്.
വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിനു പ്രധാന തടസമായി നിൽക്കുന്നതു കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ്. അതിൽ കാലാനുസൃതമായ ഭേദഗതികൾ ഉണ്ടാവേണ്ടതുണ്ട്. പ്രായോഗികമായ പ്രതിവിധികളെക്കുറിച്ചു കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നതും സമവായത്തിലെത്തുന്നതും അനിവാര്യമാണ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന അപകടകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനു സംസ്ഥാനത്തിനു കൂടുതൽ അധികാരം ലഭിക്കേണ്ടതുണ്ട്.
ജനവാസ മേഖലകളിൽ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന വന്യജീവികളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിനു കൂടുതൽ അധികാരം നൽകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പാസാക്കിയിരുന്നതാണ്. എന്നാൽ, ഗവർണർ അതിൽ ഒപ്പുവയ്ക്കാതെ പിടിച്ചുവയ്ക്കുകയും ഒടുവിൽ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്യുകയാണുണ്ടായത്. ഇപ്പോഴത്തെ നിയമപ്രകാരം മനുഷ്യജീവനു ഭീഷണിയാവുന്ന സാഹചര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് മൃഗത്തെ കൊല്ലാൻ ഉത്തരവിടാനുള്ള അധികാരമുണ്ട്. എന്നാൽ, അതിനുള്ള നടപടിക്രമങ്ങൾ സങ്കീർണവും സമയമെടുക്കുന്നതുമാണ്.
നിലവിലുള്ള നിയമപ്രകാരം ഒരു കടുവ മനുഷ്യനെ കൊന്നാലും അതിനെ ഉടൻ തന്നെ മനുഷ്യഭോജിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നു മന്ത്രി ഷിബു ബേബി ജോൺ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് അതേ കടുവയാണോ, അതു മനുഷ്യമാംസം ഭക്ഷിച്ചിട്ടുണ്ടോ എന്നൊക്കെ തെളിയിക്കണമത്രേ. ഇത്തരം വ്യവസ്ഥകളൊക്കെ യഥാസമയം നടപടിയെടുക്കുന്നതിനു തടസമായി മാറുകയാണ്. കേന്ദ്ര സർക്കാരുമായുള്ള ചർച്ച അതിനാൽ തന്നെ പ്രാധാന്യമർഹിക്കുന്നതാണ്.