അഴിമതിക്കെതിരേ "സീറോ ടോളറൻസ്' നയം- മന്ത്രി എം. ലിജു

 
Editorial

എക്സൈസ് വകുപ്പിനെ ശുദ്ധീകരിക്കാം

മാസപ്പടി കൈപ്പറ്റിയ കേസിൽ ഡെപ്യൂട്ടി കമ്മിഷണർ അടക്കം ഏഴു പേരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്.

MV Desk

സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ അഴിമതിക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാനുള്ള വകുപ്പു മന്ത്രിയുടെയും എക്സൈസ് കമ്മിഷണറുടെയും ശ്രമം ശ്ലാഘനീയമാണ്. അഴിമതിക്കെതിരേ "സീറോ ടോളറൻസ്' നയമാണു സ്വീകരിക്കുകയെന്നു മന്ത്രി എം. ലിജുവും എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവും വ്യക്തമാക്കുന്നുണ്ട്. എത്ര വലിയ ഉദ്യോഗസ്ഥനായാലും ഇക്കാര്യത്തിൽ ഇളവുണ്ടാവില്ലെന്നാണു മന്ത്രി പറയുന്നത്. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരേ നടപടിയെടുത്തത് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എക്സൈസ് വകുപ്പിനെ ശുദ്ധീകരിക്കാൻ മന്ത്രിക്കും ഈ സർക്കാരിനും കഴിയുന്നുവെങ്കിൽ അതു നല്ലൊരു പ്രവർത്തനമായി വിലയിരുത്തപ്പെടുമെന്ന് ഉറപ്പാണ്. ഈ വകുപ്പിൽ അഴിമതി പുതുമയുള്ള കാര്യമല്ലല്ലോ.

ബാറുകളിൽ നിന്നു കൈക്കൂലിയും മാസപ്പടിയും പാരിതോഷികവും എല്ലാം കൈപ്പറ്റി അവയുടെ നിയമവിരുദ്ധ പ്രവർത്തനത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കാറുണ്ട്. എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരാണ് എന്നല്ല. നേരായ വഴിയേ മാത്രം സഞ്ചരിക്കുന്നവരുണ്ട്. എന്നാൽ, അഴിമതി കാണിക്കുന്നവർ വകുപ്പിനു മൊത്തത്തിൽ ചീത്തപ്പേരുണ്ടാക്കുകയാണു ചെയ്യുന്നത്. ഇത്തരക്കാരെ കണ്ടെത്തി കർശന നടപടിയെടുത്തില്ലെങ്കിൽ ആകെ കുത്തഴിഞ്ഞ അവസ്ഥയാവും. അതിന് മന്ത്രിയും സർക്കാരും അനുവദിച്ചു കൂടാ. ഉദ്യോഗസ്ഥ അഴിമതിയും വീഴ്ചയും സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് കമ്മിഷണർ പറയുന്നുണ്ട്. അവ പരിശോധിച്ച ശേഷം കോട്ടയത്തേതു പോലുള്ള നടപടികൾ മറ്റിടങ്ങളിലും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാം. ഒരു ജില്ലയിൽ മാത്രമല്ല സംസ്ഥാന വ്യാപകമായി തന്നെ അഴിമതിക്കാരുടെ സംഘമുണ്ട്. അവരെയെല്ലാം കണ്ടെത്തി സംവിധാനത്തിൽ ആവശ്യമായ തിരുത്തൽ വരുത്താനാവണം. അതേസമയം തന്നെ സത്യസന്ധരായ ഉദ്യോഗസ്ഥർക്കു പൂർണ പിന്തുണ നൽകുകയും വേണം. അഴിമതിക്കു തടയിടാൻ അവരുടെ സഹായം സർക്കാരിന് ഉപകരിക്കും.

എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു നേരിട്ടു നടത്തിയ മിന്നൽ പരിശോധനയിലാണ് കോട്ടയത്തെ വിവിധ ബാറുകളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയത്. ക്രമക്കേടുകളിൽ ഡെപ്യൂട്ടി കമ്മിഷണർക്കു പങ്കുള്ളതായും അദ്ദേഹം കണ്ടെത്തുകയായിരുന്നു. ബാറുകൾ നേരത്തേ തുറക്കുന്നതിനും വൈകി അടയ്ക്കുന്നതിനും ഉദ്യോഗസ്ഥർ മൗനാനുവാദം നൽകി. ബാറുകളിൽ പരിശോധന നടത്തുന്നതു വിലക്കി. ജില്ലയിലെ 27 ബാറുകളിൽ നിന്ന് ഡെപ്യൂട്ടി കമ്മിഷണർക്കു പണം ലഭിച്ചിരുന്നു എന്നാണു പറയുന്നത്. ഒരു ബാറിൽ നിന്ന് പ്രതിമാസം 15,000 രൂപ വരെ മാസപ്പടിയായി ലഭിച്ചു. ഉദ്യോഗസ്ഥന്‍റെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണു ബാറുടമകൾ പണം അയച്ചിരുന്നത്. ഉദ്യോഗസ്ഥർക്കു വേണ്ടി മാസം തോറും പണപ്പിരിവ് നടത്തിയിരുന്നത് ഒരു ബാറുടമയാണെന്നും കണ്ടെത്തിയിട്ടുണ്ടത്രേ. ലക്ഷക്കണക്കിനു രൂപയുടെ പണപ്പിരിവാണ് ഓരോ മാസവും നടന്നിട്ടുണ്ടാവുക. അതെല്ലാം വീതിച്ചു കിട്ടിയവർ ബാറുടമകളുടെ ഏതു പ്രവർത്തനത്തിനും മൗനാനുവാദം നൽകിയിട്ടുമുണ്ടാവും. പ‍ണത്തിനു പുറമേ പാരിതോഷികമായി മദ്യവും ഉദ്യോഗസ്ഥർക്കു നൽകാറുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ബാറിലെ നിത്യസന്ദർശകരായിരുന്ന ചില ഉദ്യോഗസ്ഥർ അവിടെയെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ എക്സൈസ് സംഘം ശേഖരിക്കുകയുണ്ടായി. മാസപ്പടി കൈപ്പറ്റിയ കേസിൽ ഡെപ്യൂട്ടി കമ്മിഷണർ അടക്കം ഏഴു പേരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്.

സത്യസന്ധരായ ചില ഉദ്യോഗസ്ഥർ രഹസ്യമായി നൽകിയ വിവരത്തിന്‍റെ അ‍ടിസ്ഥാനത്തിലാണ് കമ്മിഷണർ സാധാരണക്കാരന്‍റെ വേഷത്തിൽ ബാറുകളിലെത്തി നേരിട്ടു വിവരങ്ങൾ ശേഖരിച്ച് മാസപ്പടി വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ബിജാപുരിലേക്കു പോകുന്നുവെന്നു ധരിപ്പിച്ച് രഹസ്യമായി കോട്ടയത്തെത്തി ബാർ ഹോട്ടലിൽ തന്നെ മുറിയെടുത്തു താമസിച്ചായിരുന്നു "ഓപ്പറേഷൻ ബിജാപുർ' എന്നു പേരിട്ട അസാധാരണമായ ഈ പരിശോധന അദ്ദേഹം നടത്തിയത്. ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്ന കമ്മിഷണർ മാത്രമല്ല അതിനു സഹായിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നുണ്ട്. ഇത്തരത്തിൽ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാവണം മറ്റു ജില്ലകളിലും അഴിമതിക്കാരെ കണ്ടെത്തേണ്ടത്. കൈക്കൂലിപ്പണം തിരിച്ചുപിടിക്കുന്നതിന് ബാറുകളിൽ വ്യാജമദ്യ വിതരണം പോലുള്ള നടപടികളുണ്ടായാൽ അതു ജനങ്ങളുടെ ആരോഗ്യത്തെയാണു ബാധിക്കുക. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലാത്തതാണ്.

ലഹരി മാഫിയക്കെതിരേയും മയക്കുമരുന്നു വ്യാപനത്തിനെതിരേയും കർശനമായ നടപടികളാണ് ആഭ്യന്തര വകുപ്പും എക്സൈസ് വകുപ്പും സ്വീകരിച്ചുവരുന്നത്. പൊലീസിന്‍റെ ഓപ്പറേഷൻ തൂഫാനൊപ്പമാണ് എക്സൈസിന്‍റെ ലഹരിക്കെതിരായ പദ്ധതി ഓപ്പറേഷൻ തണ്ടറും പ്രഖ്യാപിച്ചിട്ടുള്ളത്.

ലഹരിക്കെതിരേ "മയങ്ങില്ല കേരളം' ക്യാംപെയ്നും എക്സൈസ് വകുപ്പ് നടത്തുന്നുണ്ട്. സമാനതകളില്ലാത്ത എന്‍ഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങളാണ് എക്സൈസ് വകുപ്പ് നടപ്പാക്കുന്നതെന്നു മന്ത്രി ലിജു അവകാശപ്പെടുന്നുണ്ട്. അതിനു വിപരീതമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

മുട്ടിൽ മരം മുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ

വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ