വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസമാകില്ലെന്നും മന്ത്രി വ്യക്തമാക്കി
T siddique on onion price hike

വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

Symbolic image
Updated on

തിരുവനന്തപുരം: സവാള വില​ വർധനയിൽ ജനങ്ങൾക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവ​രുകയാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. വിപണിയെ അതിന്‍റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വില​ വർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്‍റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്‍റെയും സപ്ലൈകോയുടെയും ഔട്ട്‌​ലെറ്റുകൾ വഴി കിലോയ്ക്ക് 35 നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ​സംസ്ഥാനത്തെ വിവിധ വിപണികളിൽ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ കൃഷിമന്ത്രിയുടെയും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്‍റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്.

കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടൽ വ്യാപിപ്പിക്കും. നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉത്പാദന കേന്ദ്രങ്ങളിലെ വില​ വർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വില ​വർധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു.

ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ​പ്രളയബാധിത കർഷകർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. ​പ്രളയബാധയുടെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച ദുരന്തനിവാരണ അഥോറിറ്റി നോട്ടിഫിക്കേഷൻ പുറത്തുവന്നശേഷം തുടർ സാമ്പത്തിക സഹായ നടപടികളിലേക്ക് കടക്കും.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകയുടെ ഏറിയ പങ്കും വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി അറിയിച്ചു. പിആർഎസ് ഉൾപ്പെടെയുള്ള നടപടികൾ മുന്നോട്ടുപോയിട്ടുണ്ടെന്നും അടുത്ത നെല്ല് സംഭരണത്തിനായുള്ള കൂടിയാലോചനകൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com