നിർമല സീതാരാമൻ

 
Editorial

അടിസ്ഥാന സൗകര്യ വികസനം ഊന്നിയുള്ള ബജറ്റ്

സംസ്ഥാനങ്ങളുടെ പേരെടുത്തു പറഞ്ഞു പദ്ധതികൾ പ്രഖ്യാപിക്കുന്ന പഴയകാല ബജറ്റുകളുടെ സ്വഭാവത്തിൽ നിന്ന് ഇത്തവണ ഏതാണ്ടു പൂർണമായി കേന്ദ്ര സർക്കാർ പിന്മാറിയിരിക്കുന്നു.

MV Desk

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി നിയമസഭകളിലേക്കു തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ജനപ്രിയ സ്വഭാവമുള്ള കേന്ദ്ര ബജറ്റ് പ്രതീക്ഷിച്ചവർക്കെല്ലാം നിരാശയാണ് ഉണ്ടായിരിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്‍റിൽ അവതരിപ്പിച്ച ബജറ്റിൽ ഒറ്റനോട്ടത്തിൽ ആളുകളെ ആകർഷിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങളൊന്നുമില്ല. സർക്കാരിന്‍റെ ദീർഘകാല ലക്ഷ്യങ്ങൾക്കനുസൃതമായ തുടർ ബജറ്റ് എന്ന നിലയിലേ ഇതിനെ കാണാനാവൂ. സംസ്ഥാനങ്ങളുടെ പേരെടുത്തു പറഞ്ഞു പദ്ധതികൾ പ്രഖ്യാപിക്കുന്ന പഴയകാല ബജറ്റുകളുടെ സ്വഭാവത്തിൽ നിന്ന് ഇത്തവണ ഏതാണ്ടു പൂർണമായി കേന്ദ്ര സർക്കാർ പിന്മാറിയിരിക്കുന്നു.

തുടർച്ചയായ ഒമ്പതാം ബജറ്റ് അവതരിപ്പിച്ച നിർമല മൂലധനച്ചെലവുകൾ വർധിപ്പിക്കുന്നതിനും മാനുഫാക്ചറിങ് മേഖലയുടെ കരുത്തു കൂട്ടുന്നതിനും സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും ഒക്കെയാണു മുൻഗണന നൽകുന്നത്. അടുത്ത സാമ്പത്തിക വർഷം 12.2 ലക്ഷം കോടി രൂപ മൂലധനച്ചെലവുകൾക്കായി മാറ്റിവയ്ക്കുകയാണു ധനമന്ത്രി. കഴിഞ്ഞ തവണ ഇത് 11.2 ലക്ഷം കോടിയായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ നൽകുന്ന പ്രാധാന്യം ഇതിൽനിന്നു വ്യക്തമാണ്. ഏഴ് അതിവേഗ റെയ്‌ൽ ഇടനാഴികൾ, ചരക്ക് ഇടനാഴി, ദേശീയ പാതകൾ, ദേശീയ ജലപാതകൾ, ഇൻഫ്രാസ്ട്രക്ചർ റിസ്ക് ഗ്യാരന്‍റി ഫണ്ട് എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടു പദ്ധതികൾ പലതുണ്ട്. ഈ മേഖലയിൽനിന്ന് സർക്കാരിന്‍റെ ഫോക്കസ് മാറുന്നില്ലെന്നത് ഓരോ ബജറ്റും കാണിച്ചുതരുന്നു.

കേരളം, ഒഡിശ, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുള്ള ധാതു ഖനന ഇടനാഴി അപൂർവ ധാതു ഖനനം വർധിപ്പിക്കുന്നതിന് ഉപകരിക്കും. കേരളത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലും വിഴിഞ്ഞം-ചവറ- കൊച്ചി ധാതു ഇടനാഴിയെക്കുറിച്ചു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പദ്ധതിയും വരുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള പദ്ധതിയാണിത്. എന്നാൽ, കേരളത്തിന്‍റെ വിലപ്പെട്ട ധാതു സമ്പത്തിൽ അധികാരം സ്ഥാപിക്കാനാണോ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന സംശയം സംസ്ഥാന സർക്കാർ ഉന്നയിക്കുന്നുണ്ട്. ഏതായാലും ധാതു സമ്പത്ത് കേരളത്തിന് ഉപകാരപ്പെടുംവിധം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുകയാണു വേണ്ടത്. ബജറ്റിൽ കേരളത്തിനു പ്രഖ്യാപിച്ചിട്ടുള്ള പ്രധാന പദ്ധതി എന്ന നിലയിൽ ഇതിനെ കാണാവുന്നതാണ്.

ധാതു ഇടനാഴിക്കു പുറമേ അതിവേഗ റെയ്‌ൽ പാതയും തെരഞ്ഞെടുപ്പു വർഷത്തിൽ തമിഴ്നാടിനു പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കുമുള്ള അതിവേഗ പാതകൾ ബജറ്റിന്‍റെ ഭാഗമാണ്. മുംബൈ-പൂനെ, പൂനെ- ഹൈദരാബാദ്, ഹൈദരാബാദ്- ബംഗളൂരു, ഡൽഹി- വാരാണസി, വാരാണസി- സിലിഗുരി എന്നിവയാണു മറ്റു നിർദിഷ്ട അതിവേഗ പാതകൾ. അതിവേഗ പാതയെന്ന കേരളത്തിന്‍റെ സ്വപ്നം ഇപ്പോഴും അകലെയാണ് എന്നതു മലയാളികളെ നിരാശപ്പെടുത്തുന്നുണ്ട്. പശ്ചിമ ബംഗാളിലെ ഡങ്കുനിയിൽ നിന്ന് ഗുജറാത്തിലെ സൂററ്റിലേക്കുള്ള ചരക്ക് ഇടനാഴിയാണ് ശ്രദ്ധേയമായ മറ്റൊരു അടിസ്ഥാന സൗകര്യ വികസന പദ്ധതി. തെരഞ്ഞെടുപ്പു കാലത്ത് ഈ പദ്ധതി ഉയർത്തിക്കാണിക്കാൻ ബംഗാളിലെ ബിജെപിക്കു കഴിയും.

രാജ്യത്ത് മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചു ധനമന്ത്രി പറയുന്നുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ റീജണൽ മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുന്നതു സ്വാഗതാർഹമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊക്കെ ഈ ഹബ്ബുകളിൽ സൗകര്യമുണ്ടാവുമെന്നാണു ധനമന്ത്രി അവകാശപ്പെടുന്നത്. നിരവധിയായ തൊഴിലവസരങ്ങളും ഇതു സൃഷ്ടിക്കും. ബജറ്റിൽ ആയുർവേദത്തിനു നൽകുന്ന പ്രാധാന്യവും ശ്രദ്ധേയമാണ്. മൂന്ന് ആയുർവേദ എയിംസുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. സ്വാഭാവികമായും അതിലൊന്ന് ആയുർവേദത്തിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്ന കേരളത്തിന് അർഹതപ്പെട്ടതാണ്. ഇതിനായി സമ്മർദം ചെലുത്താൻ കേരളത്തിൽ നിന്നുള്ള നേതാക്കൾക്കു കഴിയണം. ഏഴു തന്ത്രപ്രധാന- മുൻനിര മേഖലകളിൽ ഉത്പാദനം വർധിപ്പിക്കാൻ ഊന്നൽ നൽകുന്നതാണ് ഈ ബജറ്റ്. ബയോ ഫാർമ, സെമി കണ്ടക്റ്റർ- ഇലക്‌ട്രോണിക്സ് ഘടകങ്ങൾ, ധാതു ഖനനം, രാസവസ്തുക്കൾ, കണ്ടെയ്നറുകളും കൺസ്ട്രക്‌ഷൻ- ഇൻഫ്രാസ്ട്രക്ചർ ഉപകരണങ്ങളും, ടെക്സ്റ്റൈൽസ്, കായിക ഉപകരണങ്ങൾ തുടങ്ങിയവയിലാണ് ‍ഉത്പാദന വർധനയ്ക്കു ശ്രദ്ധ പതിപ്പിക്കുക. രാജ്യം സ്വയംപര്യാപ്തമാവുകയും കയറ്റുമതിയിൽ കുതിപ്പുണ്ടാക്കുകയും ചെയ്യുന്നതിന് ഇതു സഹായിക്കുമെന്നു ധനമന്ത്രി കരുതുന്നു.

ഇന്ത്യയെ ബയോഫാർമ ഹബ്ബായി വികസിപ്പിക്കാൻ ബയോ ഫാർമ ശക്തി എന്ന പദ്ധതിക്ക് 10,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 10,000 കോടി രൂപയുടെ എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നത് ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ മേഖലയ്ക്ക് ഉത്തേജനമാകും. ഡാറ്റാ സ്റ്റോറെജിന്‍റെ ഹബ്ബായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തിലാണ് ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതിയൊഴിവു പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ സംരംഭകർക്കായുള്ള ഷി മാർട്ടുകൾ, എല്ലാ ജില്ലകളിലും പെൺകുട്ടികൾക്കായി ഹോസ്റ്റലുകൾ, മത്സ്യ മേഖലയിൽ വനിതകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ തുടങ്ങിയ പദ്ധതികളും ബജറ്റിന്‍റെ ഭാഗമാണ്. നാളികേരം, കൊക്കോ, കശുവണ്ടി എന്നിവയുടെ ഉത്പാദന വർധനയുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ കേരളത്തിനും ഗുണകരമായി മാറും. എന്നാൽ, എയിംസും അതിവേഗ റെയ്‌ൽപാതയും വിഴിഞ്ഞം തുറമുഖത്തിനായുള്ള സഹായവും അടക്കം കേരളം പ്രതീക്ഷിച്ച പലതും ബജറ്റിലില്ല എന്നതു നിരാശപ്പെടുത്തുന്നതു തന്നെയാണ്. എത്രയോ വർഷമായി നാം എയിംസിനു വേണ്ടി കാത്തിരിക്കുന്നു.

ടി20 ലോകകപ്പിൽ കളിക്കും, ഇന്ത്യയെ ബഹിഷ്കരിക്കും; പ്രകോപനവുമായി പാക്കിസ്ഥാൻ

പാക്കിസ്ഥാനെ കറക്കി വീഴ്ത്തി ഇന്ത്യൻ കൗമാരപ്പട അണ്ടർ-19 ലോകകപ്പ് സെമിയിൽ

കേരളം ഇന്ത്യയുടെ ഭാഗമാണോ‍? ബജറ്റ് നിരാശാജനകമെന്ന് വി.ഡി. സതീശൻ

പുതിയ ഐടി നിയമം ഏപ്രിൽ 1 മുതൽ

സിയാലിനെ മൾട്ടിമോഡൽ കാർഗോ ശൃംഖലാ കേന്ദ്രമാക്കും: മുഖ്യമന്ത്രി