കായംകുളം പുതുക്കാട് വടക്കതിൽ മജീദ്, ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ

 

social media

Editorial

ആശുപത്രിയുടെ അനാസ്ഥ ജീവനെടുക്കരുത്

. കായംകുളം പുതുക്കാട് വടക്കതിൽ മജീദ്, ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ എന്നിവരാണു മരിച്ചത്

Reena Varghese

സമീപകാലത്തായി ആരോഗ്യ മേഖലയിൽ നിരന്തരമായി കാണുന്ന അപാകതകളുടെ തുടർച്ചയാണ് ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് ഡയാലിസിസ് നടത്തുന്നതിനിടെ വിറയലും ഛർദിയുമുണ്ടായി രണ്ടു പേർ മരിച്ചതിൽ ആശുപത്രിക്കെതിരേ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. അന്നു ഡയാലിസിസ് നടത്തിയ മറ്റു ചിലർക്കും ആരോഗ്യ പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടായി എന്നാണു റിപ്പോർട്ടുകൾ. കായംകുളം പുതുക്കാട് വടക്കതിൽ മജീദ്, ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ എന്നിവരാണു മരിച്ചത്. ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയുമുണ്ടായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

മജീദിനെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. അവിടെ ഐസിയു ബെഡ് ഒഴിവില്ലാത്തതിനാൽ രാമചന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ടു തന്നെ ബന്ധുക്കളിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്. രാമചന്ദ്രനു രാവിലെ എട്ടോടെയാണ് ഡയാലിസിസിനിടെ പ്രശ്നങ്ങളുണ്ടാവുന്നത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് അഞ്ചു വരെ ഡോക്റ്റർമാർ പരിശോധിച്ചില്ലെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.

വൈകിട്ട് ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോഴാണ് മെഡിക്കൽ കോളെജിലേക്കു റഫർ ചെയ്തത്. അവിടെ ചെന്നപ്പോൾ ഐസിയു ബെഡ് ഒഴിവില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഡയാലിസിസിനിടയിലെ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയവരെ നോക്കാൻ ഡോക്റ്റർമാർ വന്നില്ല എന്ന ആരോപണം അതീവ ഗൗരവത്തിൽ കാണേണ്ടതാണ്. രാമചന്ദ്രനു ഡയാലിസിസ് ചെയ്യുന്നതിനു മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നുണ്ട്.

ഒരേ സമയം ഡയാലിസിസ് നടത്തിയ നാലു പേർക്കു വിറയലും ഛർദിയും വന്നപ്പോൾ ആർഒ പ്ലാന്‍റിലെ വെള്ളത്തിന്‍റെ കുഴപ്പമാണെന്ന സംശയം ഉയർന്നതായും പറയുന്നുണ്ട്. മരിച്ച രണ്ടു പേരുടെയും രക്തത്തിൽ അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നാണോ അണുബാധയുണ്ടായത് എന്നതാണ് വിദഗ്ധ മെഡിക്കൽ സംഘം പരിശോധിക്കേണ്ടത്. ആശുപത്രിയിൽ നിന്ന് അണുബാധയുണ്ടായെങ്കിൽ അത് എങ്ങനെയെന്നും കാരണക്കാർ ആരെന്നും കണ്ടുപിടിക്കേണ്ടതുണ്ട്.

ഡയാലിസിസ് മെഷീനിൽ ഉപയോഗിക്കുന്ന ആശുപത്രിയിലെ ആർഒ പ്ലാന്‍റിൽ നിന്നുള്ള വെള്ളം അടക്കം വിദഗ്ധ പരിശോധനകൾ ആവശ്യപ്പെടുന്നുണ്ട്. ഈ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക്  അടച്ചിട്ടിരിക്കുകയാണ്. എല്ലാ പരിശോധനകളും നടത്തി, അണുബാധയില്ലെന്ന് ഉറപ്പാക്കി വേണം ഇനി തുറന്നു പ്രവർത്തിക്കാൻ. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഉണ്ടാവുകയും വേണം. സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്ന നിരവധി ഡയാലിസിസ് രോഗികളുണ്ട്. അവരിലെല്ലാം ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ സംഭവം. 

ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ എത്തുന്നവർക്ക് ആശുപത്രിയിലെ വീഴ്ചകൾ മൂലം മരണം സംഭവിക്കുന്നത് ഏറ്റവും നിർഭാഗ്യകരമായ സംഭവമാണ്. സ്വകാര്യ ആശുപത്രികളിലെ വലിയ ബില്ലുകൾ താങ്ങാൻ കെൽപ്പില്ലാത്ത പാവപ്പെട്ടവരും സാധാരണക്കാരുമാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അവരുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത വിധത്തിലാണ് ആശുപത്രികളുടെ പ്രവർത്തനമെങ്കിൽ അത് എത്രയും വേഗം തിരുത്തേണ്ടിയിരിക്കുന്നു.

വാഹനാപകടത്തെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ തുന്നലും പ്ലാസ്റ്ററുമിട്ട യുവാവിന്‍റെ കാലിൽ അഞ്ചുമാസത്തിനു ശേഷമുള്ള പരിശോധനയിൽ ഫൈബർ ചില്ല് കണ്ടെത്തിയെന്ന വാർത്ത വന്നതു കഴിഞ്ഞ ദിവസമാണ്. ബൈക്ക് അപകടത്തിൽ മുറിവേറ്റ ഭാഗത്തെ നീരും വേദനയും കുറയാതെ വന്നപ്പോഴാണ് യുവാവ് വീണ്ടും മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിയതും തീവ്രപരിചരണ വിഭാഗത്തിൽ കിടക്കയില്ലാത്തതിനാൽ സഹകരണ വകുപ്പിനു കീഴിലുള്ള ആശുപത്രിയിലേക്കു പോയതും.

അവിടെ നടത്തിയ പരിശോധനയിലാണ് മുറിവേറ്റ ഭാഗത്ത് രണ്ടു സെന്‍റീമീറ്റർ നീളമുള്ള ഫൈബർ ചില്ല് കണ്ടെത്തിയത്. മെഡിക്കൽ കോളെജിൽ ചില്ലുമാറ്റാതെയാണു തുന്നലും പ്ലാസ്റ്ററും ഇട്ടതെങ്കിൽ എത്ര വലിയ അശ്രദ്ധയാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഏതാണ്ട് ഒന്നര വർഷം മുൻപ് പതിനൊന്നു വയസുകാരന് മരുന്നുമാറി കുത്തിവയ്പ്പു നൽകിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്റ്റർ മനുഷ്യാവകാശ കമ്മിഷൻ ചെയർപെഴ്സന് റിപ്പോർട്ട് നൽകിയതും സമീപ ദിവസങ്ങളിലാണ്. പനി ബാധിച്ചു ചികിത്സക്കെത്തിയ കുട്ടിക്ക് പേവിഷ വാക്സിൻ കുത്തിവച്ചതുപോലുള്ള സംഭവങ്ങൾ സർക്കാർ ആശുപത്രികളിൽ ഉണ്ടായിട്ടുണ്ട് എന്നതും ഇതോടൊപ്പം ഓർക്കാവുന്നതാണ്.

മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസെന്ന് ശശി തരൂർ

പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ; ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം

ധരംശാലയിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 കാരി മരിച്ചു; പ്രൊഫസറടക്കം നാലുപേർക്കെതിരേ കേസ്

നിയമസഭാ തെരഞ്ഞെടുപ്പിലും എൻഎസ്എസിന് സമദൂര നിലപാട് തന്നെയെന്ന് സുകുമാരൻനായർ

ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ അകറ്റി നിർത്താൻ കോൺഗ്രസ്