ഡി.കെ. ശിവകുമാർ

 

MV Graphics

Editorial

കാത്തിരുന്ന കസേരയിൽ ഡി.കെ. ശിവകുമാർ

കോൺഗ്രസ് രാഷ്‌ട്രീയത്തിലെ കിങ് മേക്കറും ട്രബിൾ ഷൂട്ടറും ക്രൈസിസ് മാനെജരുമായി അറിയപ്പെടുന്ന 'ഡികെ'

MV Desk

മുഖ്യമന്ത്രി സ്ഥാനത്തെത്താനുള്ള ഡി.കെ. ശിവകുമാറിന്‍റെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. കോൺഗ്രസ് രാഷ്‌ട്രീയത്തിലെ കിങ് മേക്കറും ട്രബിൾ ഷൂട്ടറും ക്രൈസിസ് മാനെജരുമായി അറിയപ്പെടുന്ന 'ഡികെ' കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. മൂന്നു വർഷത്തെ സിദ്ധരാമയ്യയുടെ ഭരണത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിൽ പ്രധാന പങ്കുവഹിച്ചത് ശിവകുമാറിന്‍റെ മുന്നിൽ നിന്നുള്ള പ്രവർത്തനവും തന്ത്രങ്ങളുമാണ്. മുഖ്യമന്ത്രിസ്ഥാനത്തിന് സ്വാഭാവികമായും അവകാശവാദം ഉന്നയിക്കാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. എന്നാൽ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും അവകാശവാദം ഉന്നയിച്ചു രംഗത്തെത്തി. പാർട്ടി പ്രവർത്തകരുടെ പിന്തുണയിൽ ഒന്നാമനായിരുന്നെങ്കിലും എംഎൽഎമാരുടെ കണക്ക് ശിവകുമാറിന് അനുകൂലമായിരുന്നില്ലെന്നാണു പറയുന്നത്. എന്തായാലും മുഖ്യമന്ത്രി തർക്കത്തിന് ഹൈക്കമാൻഡ് കണ്ടെത്തിയ ഫോർമുല കസേര പങ്കിടുക എന്നതായിരുന്നു. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ, പിന്നീടു ശിവകുമാർ എന്നതായിരുന്നു ധാരണയത്രേ. രണ്ടര വർഷം ആയപ്പോൾ തന്നെ ശിവകുമാർ അവകാശവാദവുമായി ഹൈക്കമാൻഡിനു മുന്നിലെത്തിയെങ്കിലും സിദ്ധരാമയ്യ ഇതുവരെ ചെറുത്തുനിൽക്കുകയായിരുന്നു. ഹൈക്കമാൻഡ് കൂടി നിലപാടു കടുപ്പിച്ചതോടെയാണു നിലവിലുള്ള മുഖ്യമന്ത്രി രാജിവച്ചതും ഡികെയ്ക്ക് അവസരം ഒരുങ്ങിയതും.

ജനപിന്തുണ കണക്കിലെടുത്ത് കേരളത്തിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കേണ്ടിവന്ന സാഹചര്യം ഡികെയ്ക്കും സഹായകരമായി എന്നു പലരും കരുതുന്നുണ്ട്. കർണാടക സർക്കാരിന്‍റെ ജനപ്രീതി വർധിപ്പിക്കാൻ ഇതു സഹായിക്കുമെന്നും കോൺഗ്രസ് അനുകൂല രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നു. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു പിന്നാലെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ വിജയിപ്പിക്കാൻ ശിവകുമാറിന്‍റെ മുഖ്യമന്ത്രിസ്ഥാനം ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അനുകൂലികളും വിശ്വസിക്കുന്നത്. നിലവിലുള്ള സർക്കാരുകളെ ബാധിക്കാറുള്ള ഭരണവിരുദ്ധ വികാരത്തിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കാൻ ഇപ്പോൾ ശിവകുമാർ വരുന്നതു ഗുണകരമാവുമെന്ന കണക്കുകൂട്ടൽ ഹൈക്കമാൻഡിനുമുണ്ട്. യുവ വോട്ടർമാർക്കിടയിൽ ശിവകുമാറിനു വലിയ സ്വാധീനമുണ്ട്. നിർണായക സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിൽ നിന്നുള്ള നേതാവാണ് അദ്ദേഹം. ആ നിലയ്ക്കുള്ള ജനപിന്തുണയും പ്രധാനമാണ്. ജെഡിഎസിനു ലഭിക്കാറുള്ള വൊക്കലിഗ വോട്ടുകളിൽ നല്ലൊരു പങ്ക് കോൺഗ്രസിലേക്കു കൊണ്ടുവരാൻ ശിവകുമാറിനു കഴിഞ്ഞിട്ടുണ്ട്.

ഭരണത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കാനും അതുവഴി ജനപിന്തുണ വർധിപ്പിക്കാനും പുതിയ മുഖ്യമന്ത്രിക്കു കഴിയുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ. ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ അധികാരത്തിലുള്ളത്. അതുകൊണ്ടു തന്നെ കർണാടകയിലെ ഭരണം നിലനിർത്തുക എന്നതു വളരെ പ്രധാനമാണ്. ശിവകുമാർ ഏറ്റെടുക്കുന്ന ദൗത്യവും അത്രയും വലുതാണ്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 135 സീറ്റോടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപി 66 സീറ്റിലേക്കും ജെഡിഎസ് 19 സീറ്റിലേക്കും ഒതുങ്ങി. എന്നാൽ, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിഎസും തമ്മിൽ സഖ്യത്തിലായത് കോൺഗ്രസിനു തിരിച്ചടിയായി. ബിജെപി പതിനേഴും ജെഡിഎസ് രണ്ടും സീറ്റ് നേടിയപ്പോൾ കോൺഗ്രസ് ഒമ്പതു സീറ്റിൽ ഒതുങ്ങി. ഈ സഖ്യം തുടരുന്ന സാഹചര്യമുണ്ടായാൽ കോൺഗ്രസിനെ അധികാരത്തിൽ നിലനിർത്തുന്നതിനു മുഖ്യമന്ത്രിയുടെ ജനപ്രീതി പാർട്ടിക്ക് ഏറെ വിലപ്പെട്ടതാവും.

കർണാടകയിലെ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാർ ‌80കളിൽ വിദ്യാർഥി നേതാവായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. നാലു പതിറ്റാണ്ടായി തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലും സജീവമാണ്. മികച്ച സംഘടനാപാടവമുള്ള അദ്ദേഹം എട്ടു തവണയാണ് എംഎൽഎയായിട്ടുള്ളത്. 1985ൽ ആദ്യമായി നിയമസഭയിലേക്കു മത്സരിക്കുമ്പോൾ പ്രായം ഇരുപത്തിമൂന്നു വയസു മാത്രം. അന്നു സതാനൂരിൽ സാക്ഷാൽ എച്ച്.ഡി. ദേവഗൗഡക്കെതിരേ 15,000ത്തിലേറെ വോട്ടിനു തോറ്റെങ്കിലും ഊർജസ്വലനായ ഒരു യുവ കോൺഗ്രസ് നേതാവിന്‍റെ ഉദയമായി അതു മാറി. 1989ൽ സതാനൂരിൽ നിന്നു തന്നെ ആദ്യമായി നിയമസഭയിലെത്തി. 1994, 1999, 2004 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലത്തിലെ ജനപ്രതിനിധിയായി.

2008 മുതൽ കനകപുരയാണ് അദ്ദേഹത്തിന്‍റെ മണ്ഡലം. നാലു തവണ സംസ്ഥാന മന്ത്രിയും ഒടുവിൽ ഉപമുഖ്യമന്ത്രിയുമായി. 2020ലാണ് കർണാടക പിസിസി അധ്യക്ഷനാവുന്നത്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിശ്വസ്തനായാണു ശിവകുമാർ അറിയപ്പെടുന്നത്. പാർട്ടിയെ അടിത്തട്ടു മുതൽ ശക്തിപ്പെടുത്താനും കരുത്തുറ്റ മുഖ്യമന്ത്രി എന്ന വിശേഷണം നേടിയെടുക്കാനും അദ്ദേഹത്തിനു കഴിയുമെന്ന് അനുയായികൾ വിശ്വസിക്കുന്നുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ കർണാടകയിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷകൾക്കൊത്തുയരാൻ ഡികെയ്ക്കു കഴിയുമോയെന്നു കാത്തിരുന്നു കാണേണ്ടതാണ്.

മംഗലാപുരത്തെ നാലുവട്ടം എംഎൽഎയും നിലവിൽ സ്പീക്കറുമായ യു.ടി. ഖാദർ, 1980 മുതൽ എംഎൽഎയും നിലവിൽ സർവജ്ഞ നഗർ എംഎൽഎയും സിദ്ധരാമയ്യ സർക്കാരിൽ ഊർജ വകുപ്പു മന്ത്രിയുമായ കെ. ജോസഫ് ജോർജ് എന്നീ രണ്ടു മലയാളികൾ ശിവകുമാർ മന്ത്രിസഭയിലുണ്ട് എന്നതും ശ്രദ്ധേയം. കാസർഗോഡ് ഉപ്പള സ്വദേശിയാണ് ഖാദർ. മുമ്പ് ആരോഗ്യ- കുടുംബക്ഷേമം, ഭക്ഷണം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, നഗരവികസനം, ഭവന നിർമാണം എന്നിവയുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ചിങ്ങവനത്താണ് കേളചന്ദ്ര ജോസഫ് ജോർജ് എന്ന കെ.ജെ. ജോർജ് ജനിച്ചത്. മുമ്പ് എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയിൽ വൻകിട, ഇടത്തരം വ്യവസായ മന്ത്രിയായിരുന്നു. ബംഗളൂരു വികസന- നഗരാസൂത്രണ മന്ത്രി, ആഭ്യന്തര മന്ത്രി, വീരേന്ദ്ര പാട്ടീൽ സർക്കാരിൽ ഗതാഗത- ഭക്ഷ്യ- സിവിൽ സപ്ലൈസ് സഹമന്ത്രി, എസ്. ബംഗാരപ്പ സർക്കാരിൽ ഭവന- നഗരവികസന കാബിനറ്റ് മന്ത്രി എന്നീ പദവികൾ വഹിച്ചിരുന്നു.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വീണ്ടും അധിക തീരുവ ചുമത്താൻ യുഎസ്

അഞ്ച് ദിവസം കനത്ത മഴ

സംസ്ഥാനത്ത് ഇനി വാഹന സെൻസസ്

ഷാർജയിൽ രണ്ട് വയസുകാരൻ മരിച്ച സംഭവം: ഇന്ത്യൻ ദമ്പതികൾക്ക് ജാമ്യം

28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ ആരംഭിക്കും