തഹ്സിൻ മുഹമ്മദ് ജംഷിദ്
മൂന്നു രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട്. അമെരിക്ക, ക്യാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ഇത്തവണ ലോക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ആകെയുള്ളത് 104 മത്സരങ്ങൾ. അതിൽ എഴുപത്തെട്ടും അമെരിക്കയിലാണ്. മെക്സിക്കോയിലും ക്യാനഡയിലും 13 മത്സരങ്ങൾ വീതം.
ലോകമെങ്ങുമുള്ള കോടിക്കണക്കിനു ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കു തുടക്കമാവുകയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്‍റാണ് ഇക്കുറി നടക്കുന്നത്. ഇതാദ്യമായി 48 ടീമുകൾ ഈ പോരാട്ടത്തിൽ അണിനിരക്കുന്നു. മൂന്നു രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട്. അമെരിക്ക, ക്യാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ഇത്തവണ ലോക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ആകെയുള്ളത് 104 മത്സരങ്ങൾ. അതിൽ എഴുപത്തെട്ടും അമെരിക്കയിലാണ്. മെക്സിക്കോയിലും ക്യാനഡയിലും 13 മത്സരങ്ങൾ വീതം. 16 നഗരങ്ങളാണു മത്സരങ്ങൾക്കു വേദിയൊരുക്കുന്നത്. മെക്സിക്കോ സിറ്റിയിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ ഫുട്ബോൾ ലഹരി ലോകമെങ്ങും പടരുകയായി. ജൂലൈ 19നു ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണു ഫൈനൽ അരങ്ങേറുക.
അർജന്‍റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ജർമനി തുടങ്ങി പരമ്പരാഗതമായി കരുത്തുകാണിക്കുന്ന ടീമുകളെല്ലാം ആരാധകരുടെ പ്രതീക്ഷകൾ നിലനിർത്താനുള്ള വാശിയുമായി കളത്തിലിറങ്ങുന്നുണ്ട്. അതിനൊപ്പം അട്ടിമറികൾക്കു കാത്തിരിക്കുന്ന ടീമുകളും പലതാണ്. 2022ലെ ഖത്തർ ലോകകപ്പിന്‍റെ ഗ്രൂപ്പ് മത്സരത്തിൽ അർജന്‍റീനയെ സൗദി അറേബ്യ കീഴടക്കിയതും 2002ലെ ലോകകപ്പിൽ കിരീടം നിലനിർത്താനെത്തിയ ഫ്രാൻസിനെ ഉദ്ഘാടന മത്സരത്തിൽ സെനഗൽ ഞെട്ടിച്ചതും പോലുള്ള അട്ടിമറികൾക്ക് ഇക്കുറിയും സാധ്യതകളില്ലാതില്ല.
മത്സരത്തിലെ ഓരോ നിമിഷവും ആവേശഭരിതമാവുക എന്നതാണു ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്നത്. കഴിഞ്ഞ തവണത്തെ ചാംപ്യൻമാരായ അർജന്‍റീന ഒരിക്കൽക്കൂടി ജേതാക്കളാവാൻ കളത്തിലിറങ്ങുന്നത് ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിലാണ്. ഖത്തറിൽ ആദ്യമായി ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞ മെസിക്ക് അത് ആവർത്തിക്കാൻ കഴിയട്ടെ എന്നാവും അർജന്‍റൈൻ ആരാധകർ ഒന്നടങ്കം പ്രാർഥിക്കുന്നത്. 1958ലും 1962ലും ബ്രസീൽ ജേതാക്കളായ ശേഷം ഒരു രാജ്യവും തുടർച്ചയായി രണ്ടു തവണ ലോകകപ്പ് നേടിയിട്ടില്ല. ആറു പതിറ്റാണ്ടിലേറെയായി സംഭവിക്കാത്ത നേട്ടത്തിനാണു മെസിപ്പടയൊരുങ്ങുന്നത്. അടുത്തിടെ ഇന്‍റർ മയാമിക്കു വേണ്ടി കളിച്ചപ്പോഴുണ്ടായ പരുക്കു വകവയ്ക്കാതെയാണു പരിശീലകൻ ലയണൽ സ്കലോനി മെസിയെ ടീമിലെടുത്തത് എന്നതുകൂടി ഒപ്പം പറയേണ്ടതുണ്ട്. ഇതു മെസിയുടെ ആറാം ലോകകപ്പാണ്.
പോർച്ചുഗലിന്‍റെ സൂപ്പർ ഹീറോ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത് ആറാം ലോകകപ്പ് തന്നെ. ഇത്തവണ കപ്പ് റൊണാൾഡോ സ്വന്തമാക്കും എന്ന പ്രതീക്ഷയാണു പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പ്രകടിപ്പിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയികളായ രാജ്യമാണു ബ്രസീൽ. അഞ്ചു തവണയാണ് അവർ ലോകത്തിന്‍റെ നെറുകയിൽ നെഞ്ചുവിരിച്ചുനിന്നത്. നാലു തവണ ജേതാക്കളായിട്ടുള്ള ജർമനിയാണു രണ്ടാം സ്ഥാനത്ത്. ലോകകപ്പിൽ ഇനിയും തകർക്കപ്പെടാത്ത ചരിത്ര നേട്ടങ്ങളുടെ നീണ്ട ലിസ്റ്റ് ബ്രസീലിന്‍റെ പേരിലുണ്ട്.
സൂപ്പർ താരം നെയ്മർ പരുക്കിന്‍റെ പിടിയിൽ നിന്നു മോചനം നേടി വരുന്നു എന്ന റിപ്പോർട്ടുകൾ ബ്രസീലിയൻ ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്. തന്ത്രശാലിയായ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഒരുക്കിയിറക്കുന്ന ബ്രസീലിയൻ ടീം ആരാധകരെ നിരാശപ്പെടുത്തില്ലെന്നാണു പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞ തവണ അർജന്‍റീനയ്ക്കു മുന്നിൽ അടിയറവു പറയേണ്ടിവന്ന ഫ്രാൻസിന് കപ്പ് വീണ്ടെടുക്കുകയെന്ന വലിയ ലക്ഷ്യമാണുള്ളത്. 2018ലെ ചാംപ്യൻമാർ കൂടിയായ അവർക്ക് തുടർച്ചയായ മൂന്നാം ഫൈനൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നായകൻ കിലിയൻ എംബാപ്പെയുടെ കളിമികവ് പ്രയോജനപ്പെടുമോയെന്നു കണ്ടുതന്നെ അറിയാം.
ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളും എന്നതുപോലെ ഫുട്ബോൾ ആരാധകരുടെ നാടാണു കേരളവും. ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകകപ്പ് നമുക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പതിവുപോലെ ലോകകപ്പ് ആവേശം പടർന്നുകഴിഞ്ഞു. അർജന്‍റീനയുടെയും ബ്രസീലിന്‍റെയും ജർമനിയുടെയും പോർച്ചുഗലിന്‍റെയുമൊക്കെ ഹോർഡിങ്ങുകളും കട്ടൗട്ടുകളും ഇവിടെ ഉയരുകയാണ്. അർജന്‍റീന, ബ്രസീൽ ആരാധകർ തമ്മിലുള്ള ഫ്ലക്സ് മത്സരം പൊടിപൊടിക്കുകയാണ്. ഈ രണ്ടു ടീമുകൾക്കുമാണല്ലോ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ളത്.
മത്സരങ്ങളിൽ ആരു ജയിക്കും എന്നു പ്രവചിച്ചുകൊണ്ടുള്ള സൗഹൃദ വാതുവയ്പ്പുകൾ നടക്കുന്നുണ്ട്. ഒന്നിച്ചിരുന്നു കളികാണാൻ വലിയ സ്ക്രീനുകൾ ഒരുക്കിയവരുമുണ്ട്. രാത്രി വൈകി മത്സരങ്ങൾ നടക്കുന്നു എന്നതാണ് ആശങ്കയായി നിലനിൽക്കുന്നത്. എന്തായാലും നമുക്ക് ഫുട്ബോൾ ആസ്വദിക്കാം; തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ. ഖത്തറിന്‍റെ ദേശീയ ടീമിൽ ഒരു മലയാളി താരം ഇടം പിടിച്ചിട്ടുണ്ട് എന്നതും ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. കണ്ണൂർ ജില്ലക്കാരായ ജംഷീദ് തച്ചങ്കണ്ടിയുടെയും ഷൈമയുടെയും മകൻ തഹ്സിൻ മുഹമ്മദിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചാൽ ലോകകപ്പിൽ പന്തുതട്ടുന്ന ആദ്യ മലയാളിയാവും ഈ പത്തൊമ്പതുകാരൻ. തഹ്സിൻ ബൂട്ടണിഞ്ഞ് ലോകകപ്പ് കളത്തിലിറങ്ങുമ്പോൾ മുഴുവൻ മലയാളികളുടെ പ്രാർഥനകളും ഒപ്പമുണ്ടാവും.