ജീവിതച്ചെലവു കൂട്ടുന്ന ഇന്ധന വില വർധന

 
Editorial

ജീവിതച്ചെലവു കൂട്ടുന്ന ഇന്ധന വില വർധന

നാണയപ്പെരുപ്പവും വിലക്കയറ്റവും ഇന്ധന വില വർധനയുടെ പ്രത്യാഘാതമായി കാണേണ്ടതാണ്

MV Desk

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചിരിക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപ വീതമാണു കൂട്ടിയിരിക്കുന്നത്. ഇതുമൂലം ജനങ്ങളുടെ ജീവിതച്ചെലവിൽ വർധനയുണ്ടാകുമെന്ന് ഉറപ്പാണ്. നാണയപ്പെരുപ്പവും വിലക്കയറ്റവും ഇന്ധന വില വർധനയുടെ പ്രത്യാഘാതമായി കാണേണ്ടതാണ്. അതുകൊണ്ടു തന്നെ ഇന്ധന വില വർധന ഒരു നല്ല കാര്യമായി ഒരിക്കലും കരുതാറില്ല. സർക്കാരിനും എണ്ണക്കമ്പനികൾക്കും വരുമാനം വർധിപ്പിക്കാനോ ഇന്ധന വിൽപ്പനയിലെ നഷ്ടം കുറയ്ക്കാനോ വിൽപ്പന വില കൂട്ടുന്നതു സഹായിക്കും. അതിന്‍റെ ഭാരം പക്ഷേ, സാധാരണക്കാരന്‍റെ മുതുകിലാണ് എന്നതാണു വിഷയം.

പക്ഷേ, ഇത്തവണത്തെ വില വർധന പ്രതീക്ഷിച്ചതു തന്നെയാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വിതരണത്തിലുണ്ടായ തടസം ഇന്ധന പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. അത് ഇന്ത്യയെ മാത്രമല്ല പല ലോകരാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചു. ഇന്ത്യയിൽ എന്നാണു വില വർധിപ്പിക്കുകയെന്ന് ഉറ്റുനോക്കുകയായിരുന്നു എല്ലാവരും. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം കഴിഞ്ഞു പത്തു ദിവസം പിന്നിടുമ്പോഴാണു വില വർധനയുണ്ടാവുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി വലിയ നഷ്ടത്തിലാണ് പെട്രോളും ഡീസലും വിൽക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം. ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ 14 രൂപയുടെ നഷ്ടമുണ്ടെന്നാണു കമ്പനികൾ പറയുന്നത്. ഡീസൽ വിൽപ്പനയിൽ ലിറ്ററിന് 42 രൂപയാണത്രേ നഷ്ടം. അതായത് ഇപ്പോഴത്തെ വില വർധനയ്ക്കു ശേഷവും പെട്രോൾ വിൽപ്പനയിൽ ലിറ്ററിന് 11 രൂപയും ഡീസൽ വിൽപ്പനയിൽ ലിറ്ററിന് 39 രൂപയും നഷ്ടമുണ്ടാവും. അവരുടെ അവകാശവാദം അനുസരിച്ചാണെങ്കിൽ ഇപ്പോഴത്തെ വില വർധനയും മതിയാവില്ല. വൈകാതെ വീണ്ടും വില വർധിപ്പിക്കുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയരുന്നുണ്ട്.

ആഗോള തലത്തിൽ ക്രൂഡ് ഓയിലിന് ഇതുപോലെ ഉയർന്ന വില തുടരുകയാണെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം എണ്ണക്കമ്പനികൾക്കുണ്ടായ മൊത്തം ലാഭം ഏപ്രിൽ-ജൂൺ ക്വാർട്ടറിലെ നഷ്ടം കൊണ്ട് ഇല്ലാതാവും എന്നാണവർ പറയുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികൾക്കു ദിവസം 1,000 കോടി രൂപയുടെ നഷ്ടമുണ്ടാവുന്നുവെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഏതാനും ദിവസം മുൻപു പറഞ്ഞത്. അന്താരാഷ്‌ട്ര വില വർധനയുടെ ഭാരം ഉപയോക്താക്കളിൽ എത്തുന്നതു കുറയ്ക്കാനാണ് മാർച്ച് 27ന് കേന്ദ്ര സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ ലിറ്ററിനു 10 രൂപ വീതം കുറച്ചത്. സ്വകാര്യ എണ്ണ വിതരണ കമ്പനികൾ നേരത്തേ തന്നെ ഇന്ധന വില വർധിപ്പിച്ചിരുന്നുവെന്നും ഇതോടൊപ്പം പറയേണ്ടതുണ്ട്.

2022 ഏപ്രിലിനു ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ലെന്നു സർക്കാർ ചൂണ്ടിക്കാണിക്കുന്നു. എന്നു മാത്രമല്ല 2024 മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇന്ധന വില ലിറ്ററിനു രണ്ടു രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞുനിൽക്കുകയായിരുന്നു എന്നതാണു കഴിഞ്ഞ വർഷങ്ങളിൽ വില വർധിക്കാതിരിക്കാൻ കാരണമെന്ന് എടുത്തു പറയേണ്ടതുണ്ട്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെ ആക്രമിക്കുന്നതിനു മുൻപ് ക്രൂഡ് ഓയിൽ ബാരലിന് 70-72 ഡോളർ മാത്രമായിരുന്നു വില. യുദ്ധം തുടങ്ങിയതോടെ ബാരലിന് 120 ഡോളർ വരെ കുതിച്ചുകയറി. ലോകത്തെ എണ്ണ വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു. ഇപ്പോഴും ഇക്കാര്യത്തിലൊരു പരിഹാരമായിട്ടില്ല. സമാധാന ചർച്ചകൾ വിജയിക്കുമെന്ന പ്രതീക്ഷയിൽ ക്രൂഡ് വില അൽപ്പം കുറയുകയുണ്ടായി. ഇപ്പോൾ ബാരലിനു110 ഡോളറിൽ താഴെയാണു വില. പാചക വാതക വിതരണത്തിലും പ്രതിസന്ധിയുണ്ടായതിനെത്തുടർന്ന് എൽപിജി വില നേരത്തേ വർധിപ്പിച്ചിരുന്നു. പക്ഷേ, ഇപ്പോഴും നഷ്ടത്തിലാണു പാചക വാതക വിൽപ്പന എന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.

വില വർധന വരുന്നു എന്നതിന്‍റെ സൂചനയായിരുന്നു ഏതാനും ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൽ തെളിഞ്ഞത്. രാജ്യത്ത് എണ്ണ ഉപയോഗം ജാഗ്രതയോടെ വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി. പെട്രോൾ- ഡീസൽ ഉപയോഗം കുറയ്ക്കണം, കാർ പൂളിങ് പോലുള്ള സംവിധാനങ്ങളുടെ സാധ്യത ഉപയോഗിക്കണം, സാധിക്കുന്നവർ ഇലക്‌ട്രിക് വാഹനങ്ങളിലേക്കു മാറണം, വർക്ക് ഫ്രം ഹോം പരിഗണിക്കണം, ഒരു വർഷത്തേക്ക് അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളായിരുന്നു അദ്ദേഹം നൽകിയത്.

അതേസമയം, ക്രൂഡ് ഓയിൽ വില കുറഞ്ഞുനിൽക്കുമ്പോൾ ആഭ്യന്തര വിൽപ്പന വില കുറയ്ക്കാതെ വൻ ലാഭമുണ്ടാക്കിയ എണ്ണക്കമ്പനികളും സർക്കാരും അന്താരാഷ്‌ട്ര വില വർധനയുടെ പേരിൽ വില കൂട്ടുന്നതിനു ന്യായീകരണമില്ലെന്നാണ് കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇന്ധന പ്രതിസന്ധിയുണ്ടാവുമെന്നു മുൻകൂട്ടിക്കണ്ട് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിക്കൊരു പരിഹാരമുണ്ടാവുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്യുക എന്നതാണ് സാധാരണക്കാരന് ആശ്വാസം കിട്ടാനുള്ള മാർഗം. അപ്പോഴും കൂട്ടിയ വില എണ്ണക്കമ്പനികൾ കുറയ്ക്കുമോ എന്നതു ചോദ്യചിഹ്നമാണ്.

മിച്ചൽ മാർഷ് അടിയോടടി, നിക്കോളാസ് പുരാൻ ഫിനിഷർ; 16.4 ഓവറിൽ കളി തീർത്ത് ലഖ്നൗ

പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണം; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്ന് വിമർശനം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മുഖ‍്യ സൂത്രധാരൻ അറസ്റ്റിൽ

ഹാന്‍റാ വൈറസ്: യുഎസിൽ 41 പേർ നിരീക്ഷണത്തിൽ

പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ‍്യമന്ത്രി വിജയ് ഉൾപ്പടെയുള്ളവർക്ക് ക്ഷണം