പ്രതി സുകാന്ത്
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് 2 മാസം നീണ്ട ഒളിവു ജീവിതത്തിനു ശേഷം ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിനു പിന്നാലെ കീഴടങ്ങിയപ്പോൾ കേരള പൊലീസിന് അത് നാണക്കേടിന്‍റെ തൂവലാണെന്ന് ചൂണ്ടിക്കാട്ടാതെ നിവൃത്തിയില്ല. കൊച്ചി ഡിസിപി ഓഫിസിലാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ 22ന്, മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയുന്നതു വരെ സുകാന്തിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയ്‌ൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടി ചാക്കയ്ക്ക് സമീപം ട്രെയ്നിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. അന്വേഷണത്തിൽ ഇത് ശരിയാണെന്ന് തെളിഞ്ഞതോടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന സുകാന്തുമായുള്ള പ്രണയ ബന്ധം തകർന്നതാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ഉറപ്പിച്ച പൊലീസ് അയാൾക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നും കണ്ടെത്തിയതോടെ ബലാത്സംഗ കുറ്റം അടക്കം ചുമത്തി കേസെടുത്തു.
ആദ്യ ദിവസങ്ങളിൽ കൃത്യമായ അന്വേഷണം നടത്തിയ പൊലീസിന് പിന്നീടെപ്പോഴോ വഴിതെറ്റി. പെൺകുട്ടിയുടെ മരണത്തിൽ വീട്ടുകാർ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഉദ്യോഗസ്ഥ മരിച്ചതിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സുകാന്തും മാതാപിതാക്കളും ഒളിവിൽ പോയി. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽഅച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം കസ്റ്റഡിയിലെടുത്തിരുന്നു. അവർ പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അച്ഛനും അമ്മയുമായി ഒളിവിൽ പോയിട്ടും ഈ ആധുനിക കാലത്ത് ഒരു പ്രതിയെ പിടികൂടാൻ പൊലീസിന് കഴിയാത്തത് നാണക്കേടാണ്. കാക്കിയിട്ട അന്വേഷണ ഉദ്യോഗസ്ഥർ പൊലീസ് എന്ന വാക്കിന്‍റെ പണ്ടു പഠിച്ച അർഥം ഇടയ്ക്കെങ്കിലും ഓർക്കുന്നത് നന്നായിരിക്കും.
യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജ രേഖകളുണ്ടാക്കിയതിനുള്ള തെളിവും പൊലീസിന് ലഭിച്ചു. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് യുവതിക്ക് ഗർഭഛിദ്രം നടത്തിയത്. അതിനു ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയ്ക്ക് സന്ദേശമയച്ചു. തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.
സുകാന്തിന്‍റെ അമ്മാവന്‍റെ ചാവക്കാട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സുകാന്തിന്‍റെ ഐ ഫോണ്‍ കണ്ടെത്തിയിരുന്നു. ഒളിവിൽ പോകും മുമ്പ് സുകാന്ത് താമസിച്ചത് അമ്മാവന്‍റെ വീട്ടിലാണ്. ഈ ഫോണിലുണ്ടായിരുന്ന ടെലഗ്രാം അക്കൗണ്ടിൽ നിന്ന് നിർണായക ചാറ്റുകൾ പൊലീസ് കണ്ടെത്തി. ഈ ചാറ്റിൽ പല തവണ പെണ്‍കുട്ടിയോട് ചാകാൻ സുകാന്ത് പറയുന്നുണ്ട്. ഇക്കാര്യം ആവർത്തിക്കുമ്പോള്‍ "ഞാൻ മരിക്കാം' എന്ന് ഒടുവിൽ പെണ്‍കുട്ടി മറുപടി നൽകാൻ നിർബന്ധിതയാകുന്നു. എന്ന് മരിക്കുമെന്നാണ് കശ്മലന്‍റെ അടുത്ത ചോദ്യം. ഓഗസ്റ്റ് 9ന് മരിക്കുമെന്നാണ് മറുപടി. അതിനു ശേഷം വാട്സ്ആപ്പിലും ഇവരുടെ ചാറ്റുകളുണ്ട്. തുടർന്നാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
ഇത്രയും കിരാതനായ ഒരാളുടെ പേരിൽ ആത്മഹത്യാ പ്രേരണാ കുറ്റമുള്‍പ്പെടെ ചുമത്തപ്പെട്ടതിനു പിന്നാലെ സുകേഷിനെ സര്‍വീസില്‍ നിന്ന് ഐബി പിരിച്ചുവിട്ടു. അതിൽ തീർച്ചയായും ഐബി അഭിനന്ദനം അർഹിക്കുന്നു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യാത്ത സാഹചര്യത്തിൽ ഐബിക്ക് വേണമെങ്കിൽ പിരിച്ചുവിടൽ തീരുമാനം നീട്ടാമായിരുന്നു.
പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 2 മാസത്തോളം ഒളിവില്‍ കഴിഞ്ഞിട്ടും ഇയാളെ എന്തുകൊണ്ട് പിടിക്കാന്‍ സാധിച്ചില്ല എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കോടതിയുടെ ആ ചോദ്യം കേരള മനഃസാക്ഷിയുടേതുമായിരുന്നു.
ഈ കേസ് കേരളത്തിലെ ഓരോ പെൺകുട്ടിക്കും ഒരു പാഠമാവണം. നിങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി കീഴടക്കാൻ ഇരകൾ കാത്തുനിൽക്കുകയാണ്. അത്തരക്കാരെ തിരിച്ചറിയാൻ സാധിക്കണം. മികച്ച വിദ്യാഭ്യാസവും ഐബി പോലെ ഒരു സംവിധാനത്തിൽ ജോലി ഉണ്ടായിട്ടും സഹപ്രവർത്തകൻ ഒരുക്കിയ കെണി തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്തിലാവും ആ പെൺകുട്ടി സ്വയം ജീവനൊടുക്കിയത്. ആത്മഹത്യ ഒരിക്കലും നല്ല തീരുമാനമല്ലെന്ന് പ്രിയപ്പെട്ട പെൺകുട്ടികൾ തിരിച്ചറിയണം. ഇത്തരം കഴുകന്മാർ കടിച്ചു കീറാനെത്തിയാൽ അത്തരക്കാരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാനാണ് സന്നദ്ധമാവേണ്ടത്. ഇനി ഒരു പെൺകുട്ടിക്കും ഇത്തരം ദുർവിധി ഉണ്ടാവാതിരിക്കാൻ ഈ കേസിലെ കുറ്റവാളി മാതൃകാപരമായി ശിക്ഷിക്കപ്പെടണം.