നരേന്ദ്രമോദിയും ഷീ ജിൻപിങ്ങും
ന്യൂഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അവസരമൊരുക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഷാങ്ഹായ് സഹകരണ ഓർഗനൈസേഷന്റെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തിയപ്പോൾ ടിയാൻജിനിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായിട്ടുള്ള ക്രമമായ പുരോഗതി കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യ-ചൈന ബന്ധങ്ങൾ വിശദമായി വിലയിരുത്തിയെന്നാണു റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായതും ദീർഘകാല ലക്ഷ്യങ്ങളുള്ളതുമായ ഉറച്ച ബന്ധമാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നാണു വ്യക്തമാക്കപ്പെടുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളാവാതെ നോക്കുക എന്ന നിലപാട് പ്രായോഗികമാക്കാൻ കഴിഞ്ഞാൽ ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ കുതിച്ചുചാട്ടം തന്നെയുണ്ടാക്കാൻ ഇരു രാജ്യങ്ങൾക്കും സാധ്യമാവും.
ഇതു പറയുമ്പോഴും ഓർക്കേണ്ട പ്രധാന വസ്തുത ബന്ധങ്ങൾ മെച്ചപ്പെടുന്നതിന് ഏറ്റവും പ്രധാനമായത് അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉറപ്പാക്കണമെന്നതാണ്. അതിർത്തിയിൽ സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടായാൽ അതു കണ്ടുനിൽക്കാൻ ഇന്ത്യയ്ക്കു കഴിയില്ല. അനാവശ്യമായി അതിർത്തിയിൽ പ്രകോപനമുണ്ടാക്കാതിരിക്കേണ്ടത് അതിനാൽ തന്നെ ചൈനയുടെ ഉത്തരവാദിത്വമാണ്. അതിർത്തിയിലെ സമാധാനവും ശാന്തിയും ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതിയിൽ നിർണായകമാണെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. അതിർത്തി പ്രശ്നങ്ങൾക്കു ന്യായയുക്തവും പരസ്പരം അംഗീകരിക്കാവുന്നതുമായ പരിഹാരം ഉണ്ടാവേണ്ടതുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താത്പര്യവും അതു തന്നെയാവും. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനും അതിർത്തി പ്രശ്നങ്ങൾക്കു പരിഹാരം കാണാനും ശ്രമങ്ങളുണ്ടാവുമെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. അതിർത്തി പരിപാലനത്തിൽ നിലവിലുള്ള കരാറുകൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിനെ ഓർമിപ്പിക്കുന്നുണ്ട്. പരസ്പര വിശ്വാസവും പരസ്പര താത്പര്യവും പരസ്പര സംവേദനവുമാകണം ഉഭയകക്ഷി ബന്ധത്തെ നയിക്കേണ്ടതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു. അതിർത്തി പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ തുടരാനാണു തീരുമാനം എന്നറിയുന്നു. അത് എല്ലാവരും സ്വാഗതം ചെയ്യുന്നതാണ്.
ഇരു രാജ്യങ്ങളുടെയും കരുത്ത് തിരിച്ചറിഞ്ഞു പരസ്പരം പിന്തുണയ്ക്കുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കും ഗുണകരമാവും. വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം വിപുലീകരിക്കാവുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ഇപ്പോൾ നല്ല നിലയിൽ മുന്നോട്ടുപോകുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണു ചൈന ഇപ്പോൾ. തുടർച്ചയായി നാലു വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന യുഎസിനെയാണ് ഉഭയകക്ഷി വ്യാപാരത്തിന്റെ കാര്യത്തിൽ ചൈന കടത്തിവെട്ടിയിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 15,110 കോടി ഡോളറിന്റേതാണ്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 36.66 ശതമാനം ഉയർന്ന് 1947 കോടി ഡോളറിലെത്തി. ഇറക്കുമതി 17 ശതമാനത്തോളം വർധിച്ച് 13,163 കോടി ഡോളറിന്റേതായി. എന്നാൽ, ഈ വ്യാപാരത്തിൽ ഇന്ത്യയുടെ വ്യാപാര കമ്മിയും വർധിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതി വൻ തോതിൽ ഉയർന്നപ്പോൾ ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി ആനുപാതികമായി വർധിക്കാത്തതാണ് ഇന്ത്യയുടെ വ്യാപാര കമ്മിയെ ദോഷകരമായി ബാധിച്ചത്. വ്യാപാരത്തിലുള്ള ഈ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മോദിയും ഷീയും തമ്മിൽ ധാരണയിലെത്തിയെന്നാണു റിപ്പോർട്ടുകൾ. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചൈനീസ് വിപണിയിൽ കൂടുതൽ സ്ഥാനം കിട്ടുക എന്നതു പ്രധാനമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം ശക്തമാക്കാനുള്ള നീക്കങ്ങളും ഇതിനിടെ നടക്കുന്നുണ്ട്. ചൈനയിലെ ഗുവാങ്ഷുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനസർവീസ് ഈ മാസം 21നു പുനരാരംഭിക്കുമെന്ന് ചൈന സതേൺ എയർലൈൻ അറിയിച്ചിട്ടുണ്ട്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ സർവീസ് വീണ്ടും ആരംഭിക്കുന്നത്. 2020ൽ കൊവിഡിനെ തുടർന്നു നിർത്തിവച്ചതാണ് ഈ സർവീസ്. പിന്നീട് ലഡാക്കിൽ അതിർത്തി സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ സർവീസ് പുനരാരംഭിക്കുന്നതു നീണ്ടുപോവുകയായിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിർത്തിവച്ചിരുന്ന വ്യോമഗതാഗതം ഇന്ത്യൻ, ചൈനീസ് വിമാനക്കമ്പനികൾ പുനരാരംഭിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഇതിന്റെ തുടർച്ചയായി വേണം ഗുവാങ്ഷു- ന്യൂഡൽഹി സർവീസിനെയും കാണാൻ. ഇന്ത്യയും ചൈനയും അയൽ രാജ്യങ്ങൾ എന്ന നിലയിൽ മാത്രമല്ല ലോകത്തെ പ്രമുഖ രാജ്യങ്ങൾ എന്ന നിലയിലും പരസ്പരം സഹകരിച്ചു മുന്നോട്ടുപോകേണ്ടതുണ്ട്. പരസ്പര വിശ്വാസവും ബഹുമാനവും നിലനിർത്തുക എന്നത് ഇതിൽ അതീവ പ്രാധാന്യമുള്ള കാര്യമാണ്.