കെപിസിസി നേതൃമാറ്റ ചടങ്ങിൽ സണ്ണി ജോസഫും കെ. സുധാകരനും. അജയ് തറയിൽ സമീപം.

 
Editorial

കോൺഗ്രസ് നേതൃത്വത്തിലെ തലമുറ മാറ്റം

മാസങ്ങൾക്കുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. അതു കഴിഞ്ഞ് അധികം കഴിയുംമുൻപേ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്

MV Desk

വളരെ നിർണായകമായൊരു ഘട്ടത്തിലാണ് കേരളത്തിലെ കോൺഗ്രസിനു പുതിയൊരു നേതൃത്വം ഉണ്ടാവുന്നത്. മാസങ്ങൾക്കുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. അതു കഴിഞ്ഞ് അധികം കഴിയുംമുൻപേ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തുടർച്ചയായുള്ള രണ്ടു പ്രധാന തെരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെയും യുഡിഎഫിനെയും ഒരുക്കുക എന്ന വലിയ ലക്ഷ്യമാണ് ഇന്നലെ തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ അധികാരമേറ്റെടുത്ത പുതിയ ടീമിനുള്ളത്. അത് ഒട്ടും ചെറിയ ദൗത്യമല്ല. വളരെ സീനിയറായിട്ടുള്ള നിരവധി നേതാക്കൾ കോൺഗ്രസിലുണ്ട്. അവരെയെല്ലാം ഒറ്റക്കെട്ടായി അണിനിരത്തണം. താഴെത്തട്ടിലുള്ള പ്രവർത്തകരിൽ വരെ ആവേശം ജനിപ്പിക്കണം. എല്ലാവരിലും പ്രതീക്ഷ പകരാൻ പാകത്തിനുള്ളതാവണം നേതാക്കളുടെ പ്രവർത്തനങ്ങൾ. ഗ്രൂപ്പ് പോരാട്ടങ്ങൾ പാർട്ടി താത്പര്യങ്ങളെ ബാധിക്കുന്നത് കോൺഗ്രസിൽ പതിവാണ്. അങ്ങനെ വരാതിരിക്കണമെങ്കിൽ ഗ്രൂപ്പിസം എല്ലാവരും ചേർന്ന് തല്ലിക്കെടുത്തേണ്ടതുണ്ട്. ഗ്രൂപ്പില്ലാതെ എന്തു കോൺഗ്രസ് എന്ന പഴയ സിദ്ധാന്തവും ഉയർത്തിപ്പിടിച്ചു നടന്നാൽ പുതിയ തലമുറ വോട്ടർമാരുടെ അംഗീകാരം കിട്ടുമെന്നു കരുതുക വയ്യ. വ്യക്തികളുടെ സ്വാർഥ താത്പര്യങ്ങളെക്കാൾ പാർട്ടിയുടെ മൊത്തത്തിലുള്ള താത്പര്യത്തിനു പരിഗണന നൽകുന്നതാവണം പുതിയ ടീമിന്‍റെ പ്രവർത്തന ശൈലി. എംഎൽഎ സ്ഥാനത്തിനും മന്ത്രിസ്ഥാനത്തിനും മുഖ്യമന്ത്രി സ്ഥാനത്തിനുമൊക്കെ ഇപ്പോഴേ കടിപിടി തുടങ്ങുന്നുവെങ്കിൽ ജനം കോൺഗ്രസിനെ വീണ്ടും കൈവിടാനുള്ള സാധ്യതയുണ്ട്. സ്ഥാനമാനങ്ങൾ കിട്ടാത്തവർ കിട്ടിയവർക്കു പാരവയ്ക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും ദോഷമേ ചെയ്യൂ.

നേതാക്കളും നേതൃത്വവും ഒരേയൊരു ലക്ഷ്യത്തിൽ പ്രവർത്തിക്കുക എന്നതാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയെ സഹായിക്കുക. കോൺഗ്രസ് രക്ഷപെട്ടാലേ യുഡിഎഫും രക്ഷപെടൂ എന്നു കൂടി ഓർക്കേണ്ടതുണ്ട്. കോൺഗ്രസിലെ ആഭ്യന്തര സംഘർഷങ്ങളും പോരാട്ടങ്ങളും മുന്നണിയെ മൊത്തത്തിൽ ബാധിക്കും. കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും പ്രതീക്ഷകൾ സഫലമാക്കാൻ പുതിയ നേതൃത്വത്തിനു കഴിയട്ടെ. മുൻപ് നേതൃസ്ഥാനങ്ങളിലിരുന്നവർ ‍അതിന് അവരെ സഹായിക്കട്ടെ. ഒരു ജനാധിപത്യ സംവിധാനത്തിൽ നിലവിലുള്ള ഭരണകക്ഷിയും മുന്നണിയും മാത്രം കരുത്തോടെ നിന്നാൽ പോരാ. പ്രതിപക്ഷ കക്ഷികൾക്കും മുന്നണികൾക്കും നല്ല കരുത്തുണ്ടാവണം. അപ്പോഴാണ് ജനാധിപത്യം ശക്തിയാർജിക്കുന്നത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷികളുടെയെല്ലാം പ്രവർത്തനങ്ങൾ ജനങ്ങൾ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ആരെയാണ് ഭരണപക്ഷത്തിരുത്തേണ്ടത്, ആരെ പ്രതിപക്ഷമാക്കണം എന്നൊക്കെ തീരുമാനിക്കുന്നതു ജനങ്ങളാണ്. ആ തീരുമാനമെടുക്കുമ്പോൾ ഓരോ പാർട്ടിയുടെയും നേതൃത്വം വിലയിരുത്തപ്പെടും.

കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട് കോൺഗ്രസിന് ഊർജം പകരാൻ കെ. സുധാകരനു കഴിഞ്ഞിട്ടുണ്ട്. ഇന്നലെ ഇന്ദിരാ ഭവനിലെ പ്രസംഗത്തിൽ അദ്ദേഹം തന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞിരുന്നു. തുടർച്ചയായി രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിനെ സജീവമാക്കി നിർത്തിയതിൽ കെപിസിസി അധ്യക്ഷനെന്ന നിലയിൽ സുധാകരനുള്ള പങ്ക് അവഗണിക്കാനാവില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നുള്ള ഇരുപതിൽ 18 മണ്ഡലങ്ങളിലും വിജയം നേടാൻ യുഡിഎഫിനു കഴിഞ്ഞെന്നു മാത്രമല്ല വലിയ ഭൂരിപക്ഷത്തിനാണ് പല സീറ്റുകളും തൂത്തുവാരിയത്. സംസ്ഥാനത്തെ കോൺഗ്രസിനു മൊത്തത്തിൽ ഇത്രയധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകുന്നത് ചരിത്രത്തിൽ ഇതാദ്യമാണെന്നു സുധാകരൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ നേട്ടങ്ങളും കുറച്ചു കാണേണ്ടതില്ല. ഇതിന്‍റെ തുടർച്ച നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലേക്ക് എത്തിക്കുക എന്നതാണ് സണ്ണി ജോസഫിന്‍റെ നേതൃത്വത്തിലുള്ള പുതിയ ടീമിനു ചെയ്യാനുള്ളത്. വർക്കിങ് പ്രസിഡന്‍റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ നേതൃശേഷിയും ജനപിന്തുണയും തെളിയിച്ചവരാണ്. യുവത്വത്തിന്‍റെ ടീം എന്ന് പാർട്ടി അവകാശപ്പെടുന്നത് അവരുടെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കണമെന്ന് മുഴുവൻ കോൺഗ്രസുകാരും ആഗ്രഹിക്കുന്നുണ്ടാവും.

ജാതി, മത സമവാക്യങ്ങളടക്കം പരിഗണിച്ചാണ് കെപിസിസിയുടെ പുതിയ ടീമിനെ ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. മലയോര കർഷകന്‍റെ പുത്രൻ കെപിസിസി അധ്യക്ഷനാവുന്നു എന്ന എ.കെ. ആന്‍റണിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. മലയോര മേഖലകളിലടക്കം കോൺഗ്രസിന്‍റെ അടിത്തട്ടിൽ വിശ്വാസം വളർത്താനും വോട്ട് ചോർച്ച തടയാനും സണ്ണി ജോസഫിന്‍റെ കെപിസിസി അധ്യക്ഷ പദവി സഹായിക്കുമെന്ന് പാർട്ടി ദേശീയ നേതൃത്വം കരുതുന്നുണ്ടാവും. 1970കളിൽ കെഎസ് യുവിന്‍റെ സജീവ പ്രവർത്തകനായി രാഷ്ട്രീയ രംഗത്തെത്തിയ സണ്ണി ജോസഫിന് ദീർഘകാലത്തെ പ്രവർത്തന പരിചയമുണ്ട്. കണ്ണൂർ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം സുധാകരന്‍റെ വിശ്വസ്തനുമാണ്. മൂന്നു തവണയായി പേരാവൂരിൽ നിന്നുള്ള നിയമസഭാംഗം. യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനായ അദ്ദേഹം മുൻ ഡിസിസി പ്രസിഡന്‍റ് കൂടിയാണ്. നിയമസഭയിൽ കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി സെക്രട്ടറി. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് കെ. സുധാകരനെ മാറ്റുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി സജീവമായിരുന്നു. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവ് അധ്യക്ഷസ്ഥാനത്തു വരണമെന്ന് കേരളത്തിലെ കോൺഗ്രസിൽ പൊതു അഭിപ്രായം രൂപപ്പെട്ടിരിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റു പല പേരുകളും അധ്യക്ഷസ്ഥാനത്തേക്കു പറഞ്ഞു കേട്ടിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതൃനിരയിൽ അടിമുടിയുള്ള അഴിച്ചുപണിയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വളരെ ആലോചിച്ച്, പല ഘടകങ്ങളും പരിഗണിച്ചാണ് ഒടുവിൽ തീരുമാനം വന്നത്. അത് പാർട്ടിക്കു ഗുണകരമാവുമെന്നു തന്നെയാവും കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നത്.

ഉദ്ഘാടനത്തിനിടെ പാഞ്ഞെത്തിയ സ്വകാര‍്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത മന്ത്രി

MPTM 2025: മധ്യപ്രദേശ് ടൂറിസത്തിനു പുതിയ കുതിപ്പ്

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നമീബിയ

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു