തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ തേടി എത്തിയ രോഗി ആറാം നാൾ മരിക്കുന്നതിന് മുൻപ് സുഹൃത്തിനയച്ച ശബ്ദസന്ദേശം പ്രസക്തം.
''അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചാല്‍ ഒരക്ഷരം മറുപടി പറയില്ല. യൂണിഫോമിട്ടിരിക്കുന്ന ആളിനോടു കാര്യം ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണു കൊണ്ടുപോലും നോക്കാൻ ശ്രമിക്കില്ല. തിരിഞ്ഞുപോലും നോക്കില്ല. ഒരു മറുപടി പിന്നീടാവട്ടെ പറയില്ല. ഇവിടെ കൈക്കൂലിയുടെ ഏറ്റവും വലിയ ബഹളം. വെള്ളിയാഴ്ച രാത്രിയാണ് ഞാന്‍ എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ ഇവിടെ വന്നത്. ഇന്ന് 6 ദിവസം തികയുകയാണ്. കിട്ടുന്നതില്‍ വച്ച് ഏറ്റവും വേഗതയുള്ള ആംബുലന്‍സ് വിളിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടത്. എന്നോടു കാണിക്കുന്ന നിരാലംബതയും ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്നു മനസിലാകുന്നില്ല. പരിശോധിക്കാന്‍ വരുന്ന ഡോക്റ്ററോടു പല തവണ ചോദിച്ചു, ചികിത്സ എപ്പോള്‍ നടക്കുമെന്ന്. അവർക്ക് ഒരു ഐഡിയയുമില്ല... ഇവർ കൈക്കൂലി വാങ്ങിയാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിയില്ല... എന്‍റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാല്‍ നിസാരമായി കാര്യങ്ങൾ നോക്കിക്കാണുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു കാരണം. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതു പുറംലോകത്തെ അറിയിക്കണം''- തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ അടിയന്തര പ്രാധാന്യമുള്ള ഹൃദ്രോഗ ചികിത്സ തേടി എത്തിയ ഒരു രോഗി ആറാം നാൾ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് സുഹൃത്തിനയച്ച ശബ്ദസന്ദേശമാണിത്.
തനിക്കു ചികിത്സ കിട്ടിയില്ലെന്നും താൻ മരിച്ചാൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കാരണമെന്നും രോഗി നേരിട്ടു പറയുകയാണ്. രോഗി മരിച്ച ശേഷം ചികിത്സാ പിഴവെന്നു ബന്ധുക്കൾ ആരോപിക്കുന്നതിനെക്കാളൊക്കെ പ്രാധാന്യമുണ്ട് ഈ സന്ദേശത്തിന്. ഒരർഥത്തിൽ മരണ മൊഴി തന്നെയാണിത്. ചികിത്സാ പിഴവൊന്നും സംഭവിച്ചിട്ടില്ല എന്ന വാദവുമായി മെഡിക്കൽ കോളെജ് അധികൃതർ രംഗത്തുവന്നിട്ടുണ്ട്. കഴിയാവുന്ന ചികിത്സയൊക്കെ നൽകി എന്നാണ് വാദം. അതിൽ അദ്ഭുതമില്ല. തങ്ങൾ തിരിഞ്ഞുനോക്കിയില്ലെന്ന് അവർ പറയുമെന്നു കരുതാനാവില്ലല്ലോ. വിശദ അന്വേഷണം നടക്കണം. അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടും അതിന്മേലുള്ള നടപടികളും പ്രഹസനമായി മാറാതിരിക്കണം. കുറ്റക്കാരെ സംരക്ഷിക്കാനാണു ശ്രമിക്കുന്നതെങ്കിൽ നേരത്തേ ആരോഗ്യ മന്ത്രി തന്നെ തുറന്നുപറഞ്ഞ 'സിസ്റ്റം തകരാർ' പരിഹരിക്കപ്പെടാതെ കിടക്കുകയേയുള്ളൂ.
ആയിരക്കണക്കിനു രോഗികളാണ് വിവിധ സർക്കാർ മെഡിക്കൽ കോളെജുകളിൽ നിത്യേന ചികിത്സയ്ക്കെത്തുന്നത്. അവർക്കെല്ലാം ചികിത്സ യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മന്ത്രാലയത്തിന്‍റെ ഉത്തരവാദിത്വമാണ്. ആരുടെയൊക്കെയോ വീഴ്ചയെന്നോ തെറ്റിദ്ധാരണയെന്നോ ഒക്കെയുള്ള മട്ടിൽ ഓരോ പരാതിയെയും കണ്ടതുകൊണ്ടായില്ല. സർക്കാർ ആശുപത്രികളിലെ ചികിത്സ സംബന്ധിച്ചു നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അതിനൊക്കെ ശേഷവും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നു എന്നതു ഗൗരവമാണ്. തന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നു രോഗിക്കോ അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കൾക്കോ തോന്നുന്നെങ്കിൽ അതിനർഥം ആശുപത്രി അന്തരീക്ഷം ഒട്ടും രോഗീസൗഹൃദമല്ല എന്നാണ്. നായയെ നോക്കുന്ന കണ്ണു കൊണ്ടുപോലും നോക്കുന്നില്ല എന്നൊക്കെ ഒരു രോഗി പറയുന്നുവെങ്കിൽ അതിനു പിന്നിൽ എത്രമാത്രം മനോവേദനയുണ്ടാവും. അതു കാണേണ്ടതും അറിയേണ്ടതും ആരോഗ്യ വകുപ്പാണ്.
സ്വകാര്യ ആശുപത്രികളിലെ ലക്ഷങ്ങൾ ചെലവു വരുന്ന ചികിത്സ താങ്ങാൻ കഴിയാത്ത സാധാരണക്കാരാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അവരോടു നീതി കാണിക്കാൻ ജീവനക്കാർക്കു കഴിയുന്നില്ലെങ്കിൽ അതു പൊറുക്കാനാവാത്ത വീഴ്ചയാണ്. ഓട്ടൊ ഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണുവാണ് (48) ചികിത്സ കിട്ടിയില്ല എന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് വേണുവിനെ മെഡിക്കൽ കോളെജിലേക്കു കൊണ്ടുവരുമ്പോൾ അടിയന്തരമായി ആൻജിയോഗ്രാം നിർദേശിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്നു വേണുവിന്‍റെ ബന്ധുക്കളും ആരോപിക്കുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുമുണ്ട്.
മെഡിക്കൽ കോളെജിൽ എത്തിച്ചപ്പോൾ ആൻജിയോഗ്രാം ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നുവെന്നും ക്രിയാറ്റിന്‍റെ അളവ് കൂടുതലായിരുന്നുവെന്നും അധികൃതർ വിശദീകരിക്കുന്നു. കാർഡിയോളജി ഡോക്റ്റർമാരുടെ നിർദേശപ്രകാരമുള്ള ചികിത്സകളും മരുന്നുമാണു നൽകിയിരുന്നതെന്നും പറയുന്നു. എന്തായിരുന്നു രോഗിയുടെ അവസ്ഥയെന്ന് പൊതുജനങ്ങൾക്കറിയില്ല. പക്ഷേ, ആശുപത്രിയിൽ വേണ്ടത്ര ചികിത്സയും പരിഗണനയും കിട്ടുന്നുവെന്നു രോഗിക്കോ ബന്ധുക്കൾക്കോ വിശ്വാസം വന്നില്ല എന്നുറപ്പാണ്. തിരിഞ്ഞുനോക്കിയില്ലെന്ന് അവർ വെറുതേ പറയേണ്ടതുണ്ടോ, രോഗി ഇങ്ങനെയൊരു ശബ്ദ സന്ദേശം അയയ്ക്കേണ്ടതുണ്ടോ? ചെയ്തതു ശരിയായിരുന്നെങ്കിൽ അത് എന്തുകൊണ്ട് രോഗിയുടെ ബന്ധുക്കളെ ധരിപ്പിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്.
സർക്കാർ മെഡിക്കൽ കോളെജുകളിൽ മികച്ച ചികിത്സ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു കൊണ്ട് നിരവധി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടിവന്ന ഒരു ഡോക്റ്ററുടെ നിസഹായാവസ്ഥ അടുത്തിടെ തുറന്നുപറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ തന്നെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലായിരുന്നു. ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തൽ സംസ്ഥാനത്തു വലിയ കോളിളക്കമുണ്ടാക്കി. ഔദ്യോഗിക ജീവിതത്തിൽ ഒരു രൂപ പോലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അഭിമാനപൂർവം അവകാശപ്പെടുന്ന ഡോക്റ്ററാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെ ആത്മാർഥതയുള്ള നിരവധി ഡോക്റ്റർമാരും മറ്റു ജീവനക്കാരും സർക്കാർ ആശുപത്രികളിലുണ്ട്. അപ്പോഴും സംവിധാനം അപ്പാടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നു തെളിയിക്കുന്നതാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവർത്തിച്ച് ഉയരുന്ന പരാതികൾ. തീവ്ര വേദനയോടെ അവർ തങ്ങളുടെ നിസഹായാവസ്ഥ വെളിപ്പെടുത്തുമ്പോൾ അതിനെ നിസാരവത്കരിച്ചു തള്ളാനാവില്ല.