ശുഭ്മൻ ഗിൽ 
Editorial

ടെസ്റ്റ് ക്രിക്കറ്റിന് പുതിയ നായകൻ | മുഖപ്രസംഗം

ഓപ്പണിങ്ങിൽ രോഹിത് ശർമയ്ക്കു പകരക്കാരനുണ്ടാവണം. നാലാം നമ്പരിൽ വിരാട് കോലിക്കു പകരവും ബാറ്റ്സ്മാൻ വേണം

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു കാലഘട്ടത്തിനു തുടക്കം കുറിക്കുകയാണ്. രോഹിത് ശർമയും വിരാട് കോലിയുമില്ലാത്ത ഇന്ത്യൻ ടീമാണ് അടുത്തമാസം ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്നത്. ജൂൺ 20ന് ആരംഭിക്കുന്ന അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയിൽ ടീമിനെ നയിക്കാൻ ശുഭ്മൻ ഗിൽ നിയോഗിക്കപ്പെട്ടിരിക്കുന്നു. രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്തെത്തുന്ന ഈ ഇരുപത്തഞ്ചുകാരന് ഒപ്പമുള്ളവരിൽ ഏറെയും യുവതാരങ്ങളാണ്. ഫലത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ പുതിയൊരു മുഖമാണ് ഇംഗ്ലണ്ടിൽ കാണുക. ആ മുഖം നല്ല തിളക്കമുള്ളതാവുമെന്നു ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അനുഭവപരിചയം കുറവുള്ള യുവതാരങ്ങൾ പലരുണ്ട് ടീമിൽ. ഭാവിയിലേക്കുള്ള പുതിയ ടീമിനെ കണ്ടെത്താനുള്ള പ്രയത്നത്തിൽ നിർണായകമാവും ഇംഗ്ലണ്ട് പര്യടനം എന്നുറപ്പ്.

മാറ്റത്തിന്‍റെ കാലഘട്ടത്തിൽ ടീമിനെ നയിക്കുന്ന യുവനായകൻ എന്ന നിലയിൽ ഏറെ പ്രസക്തിയുണ്ട് ഗില്ലിനിപ്പോൾ. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. അതിനു പിന്നാലെ മുൻ നായകൻ വിരാട് കോലിയും ടെസ്റ്റ് മത്സരങ്ങളോടു വിടപറഞ്ഞു. പുതിയൊരു നായകനെ കണ്ടെത്തുക മാത്രമല്ല രണ്ട് സീനിയർ താരങ്ങളുടെ അഭാവം നികത്തുക എന്നതു കൂടി സെലക്റ്റർമാർക്കും കോച്ചിനും ബാധ്യതയായി. സ്ഥിരതയാർന്ന പ്രകടനവും അച്ചടക്കവും കഠിനാധ്വാനവും കൊണ്ട് ടീമിൽ ഉറച്ച ഗില്ലിനു നായകസ്ഥാനം പ്രതീക്ഷിച്ചതാണു ക്രിക്കറ്റ് പ്രേമികൾ. സെലക്റ്റർമാരും അതിനൊപ്പം നിന്നു എന്നതാണ് ടീം പ്രഖ്യാപനത്തിൽ കണ്ടത്. ടീം അംഗങ്ങളെ അറിഞ്ഞ് പ്രവർത്തിക്കാനും അവരിൽ നിന്ന് മികച്ച പ്രകടനം ഉറപ്പുവരുത്താനും കഴിയുന്ന നായകനാണ് ഗിൽ എന്നു വിശ്വസിക്കുന്നവരാണ് ഏറെയും. ബാറ്റ്സ്മാൻ എന്ന നിലയിലുള്ള തന്‍റെ പ്രകടനത്തെ ബാധിക്കാതെ തന്നെ നായകന്‍റെ റോൾ ഭംഗിയാക്കാൻ ഗില്ലിനു കഴിയുമെന്നു കരുതാം. രോഹിതും കോലിയുമില്ലാത്ത ടീമിന്‍റെ ബാറ്റിങ്ങ് നിരയിൽ ഏറ്റവും പ്രധാന താരമാണല്ലോ പുതിയ ക്യാപ്റ്റൻ. ഇതുവരെ 32 ടെസ്റ്റുകൾ കളിച്ചിട്ടുള്ള ഗിൽ 59 ഇന്നിങ്സുകളിൽ നിന്നായി 1893 റൺസാണു നേടിയിട്ടുള്ളത്. 35.05 ശരാശരി. അഞ്ച് സെഞ്ചുറികൾ, ഏഴ് അർധ സെഞ്ചുറികൾ. പുതിയ ടീമിന്‍റെ നായകനെന്ന നിലയിൽ ഈ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തേണ്ടത് ആവശ്യമായി വരും.

ഓപ്പണിങ്ങിൽ രോഹിത് ശർമയ്ക്കു പകരക്കാരനുണ്ടാവണം. നാലാം നമ്പരിൽ വിരാട് കോലിക്കു പകരവും ബാറ്റ്സ്മാൻ വേണം. ഇവർ ആരാവും എന്നതാണ് ഇപ്പോഴത്തെ ചൂടുള്ള ചർച്ച. ടീം കോംപിനേഷൻ ഇംഗ്ലണ്ടിലെത്തിയ ശേഷമാവും കോച്ചും ക്യാപ്റ്റനും ചേർന്നു തീരുമാനിക്കുന്നത്. യശസ്വി ജയ്സ്വാളിനു പങ്കാളിയായി ഓപ്പണിങ് സ്ലോട്ടിൽ ടെസ്റ്റ് ടീമിൽ പുതുമുഖമായ സായ് സുദർശൻ എത്തുമെന്നു കരുതുന്നവരുണ്ട്. അഭിമന്യു ഈശ്വരനെ പരിഗണിക്കുമെന്നും ചിലർ കരുതുന്നു. കെ.എൽ. രാഹുൽ യശസ്വിയോടൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യുമെന്നും കണക്കുകൂട്ടലുണ്ട്. ഓപ്പൺ ചെയ്യുന്നത് രാഹുലാണെങ്കിൽ സായ് സുദർശനനോ കരുൺ നായരോ മൂന്നാം നമ്പരിൽ ഇറങ്ങിയേക്കും. കോലിക്കു പകരം നാലാം നമ്പരിലോ അല്ലെങ്കിൽ മൂന്നാം നമ്പരിലോ ഇറങ്ങുന്നതിനെക്കുറിച്ചാണ് ഗിൽ ആലോചിക്കുന്നതെന്നും കേൾക്കുന്നുണ്ട്. എന്തായാലും ബാറ്റിങ് നിരയുടെ വിശ്വാസ്യത നിലനിർത്താൻ നായകന്‍റെ സംഭാവന അനിവാര്യമാണ്. ക്യാപ്റ്റന്‍റെ ഉത്തരവാദിത്വം ബാറ്റ്സ്മാന്‍റെ പ്രകടനത്തെ ബാധിക്കാൻ പാടില്ലെന്നർഥം. ഒരു വിദേശ രാജ്യത്ത് ടീമിനെ നയിക്കുക ഗില്ലിനെപ്പോലൊരു പുതിയ നായകന് എളുപ്പമുള്ള കാര്യമല്ല. അതേസമയം ഒരു സുവർണാവസരവുമാണത്. അതിൽ വിജയിക്കാൻ വ്യക്തിഗത പ്രകടനം ഏറ്റവും മികച്ചതാവണം.

ദീർഘകാല ലക്ഷ്യത്തോടെയാണ് ഗില്ലിനെ നായകനായി തീരുമാനിച്ചതെന്ന് സെലക്റ്റർമാർ വ്യക്തമാക്കുന്നുണ്ട്. ഒന്നോ രണ്ടോ പരമ്പരയുടെ ക്യാപ്റ്റൻ എന്ന നിലയിലല്ല സെലക്റ്റർമാർ പുതിയ നായകനെ കാണുന്നതെന്നത് ആശ്വാസമാണ്. ഗില്ലിനു സമയം കൊടുക്കാൻ അവർ തയാറാവും എന്നാണ് ഇതിനർഥം. പക്ഷേ, ക്യാപ്റ്റന്‍റെ സമ്മർദം വ്യക്തിഗത പ്രകടനത്തെ ബാധിച്ചാൽ എതിരഭിപ്രായങ്ങൾ ശക്തമായി ഉയർന്നുകൂടായ്കയില്ല. സമീപകാലത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ നായകനാണു ഗിൽ. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി പരിചയവുമില്ല. എന്നാൽ, കഴിഞ്ഞവർഷം സിംബാബ്‌വേക്കെതിരേ ടി 20 പരമ്പരയിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ നാലിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ ഗെയിമിൽ പരാജയപ്പെട്ട ശേഷമായിരുന്നു ഗംഭീര തിരിച്ചുവരവുണ്ടായത്. ക്യാപ്റ്റന്‍റെ സമ്മർദം നല്ല നിലയിൽ അതിജീവിക്കാൻ അന്ന് ഗില്ലിനു കഴിഞ്ഞു. ഏകദിനത്തിലും ടി 20യിലും വൈസ് ക്യാപ്റ്റനായും ഗിൽ കളിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി- മാർച്ചിൽ നടന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്‍റിൽ ചാംപ്യന്മാരായ ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനും ഗില്ലായിരുന്നു.

55 ഏകദിന മത്സരങ്ങളിൽ നിന്ന് 2775 റൺസാണ് ഗിൽ നേടിയിട്ടുള്ളത്. 59.04 ശരാശരി. എട്ട് സെഞ്ചുറികളും 15 അർധ സെഞ്ചുറികളും. 21 ടി 20 മത്സരങ്ങളിൽ 30.42 ശരാശരിയിൽ 578 റൺസും ഗില്ലിനുണ്ട്; ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും അടക്കം. പുതിയ ക്യാപ്റ്റനു കീഴിൽ കൂടുതൽ നേട്ടങ്ങളിലേക്കു കുതിക്കാൻ ഇന്ത്യൻ ക്രിക്കറ്റിനു കഴിയട്ടെ. പുതിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിലെ ആദ്യ പരമ്പരയാണ് ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നത്. ഈയൊരു പുതിയ തുടക്കത്തിൽ ടീമിനെ മുന്നിൽ നിന്നു നയിക്കാൻ ഗില്ലിനാവുമെന്നാണു ക്രിക്കറ്റ് പ്രേമികൾ വിശ്വസിക്കുന്നുണ്ടാവുക.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ