പ്രവാസികൾക്ക് സഹായമാവട്ടെ,'നോർക്ക കെയർ'

 
Editorial

പ്രവാസികൾക്ക് സഹായമാവട്ടെ,'നോർക്ക കെയർ'

നോർക്ക റൂട്ട്‌സിന്‍റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ സേവനം ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ലഭ്യമാകുമെന്നാണു സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്

കേരളത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണു പ്രവാസികൾ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഗൾഫ് രാജ്യങ്ങളിലും അമെരിക്കയിലും യൂറോപ്പിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനു വരുന്ന പ്രവാസി മലയാളികൾ നാട്ടിലെത്തിക്കുന്ന പണമാണ് ആയിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. സംസ്ഥാനത്തിന്‍റെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് എത്രയോ വർഷങ്ങളായി നാം എടുത്തുപറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എന്നാൽ, ഇവർക്കൊരു പ്രതിസന്ധി വരുമ്പോൾ സംസ്ഥാനം അവരെ വേണ്ടപോലെ പരിഗണിക്കുന്നില്ല എന്ന പരാതിയും വർഷങ്ങളായുണ്ട്. പ്രവാസികൾക്കു വേണ്ടി പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ ക്ഷേമകാര്യങ്ങളിൽ ഇനിയും സർക്കാർ താത്പര്യം കാണിക്കേണ്ടതായിട്ടാണിരിക്കുന്നത്.

പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം നടപ്പാക്കുന്ന പദ്ധതിയാണു "നോർക്ക കെയർ'. സമഗ്ര ആരോഗ്യ- അപകട ഇൻഷ്വറൻസ് പദ്ധതിയാണിത്. പ്രവാസികൾക്കു വേണ്ടി മാത്രമായി ഇങ്ങനെയൊരു പദ്ധതി രാജ്യത്തു തന്നെ ആദ്യമായാണ്. മുഴുവൻ പ്രവാസി മലയാളികൾക്കും ഇത് ഉപകാരപ്രദമായി മാറുന്നുവെങ്കിൽ ഈ സർക്കാരിന്‍റെ വലിയൊരു നേട്ടമായി അതു കണക്കാക്കപ്പെടും. തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടതുപോലെ ലോകത്തെമ്പാടുമുളള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിബദ്ധതയുടെ തെളിവായി "നോർക്ക കെയർ' മാറട്ടെ. നോർക്ക റൂട്ട്‌സിന്‍റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ സേവനം ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ലഭ്യമാകുമെന്നാണു സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ഒരു സമഗ്ര ഇൻഷ്വറൻസ് പദ്ധതി എന്നതു പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നുവെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയർന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത്. നോർക്ക ഐഡി കാർഡുകളുള്ളവരും വിദേശത്തു പഠിക്കുന്ന വിദ്യാർഥികളും പദ്ധതിയുടെ പരിധിയിൽ വരുമത്രേ. പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷയുമാണു ലഭിക്കുക. നിലവിലുള്ള ഇൻഷ്വറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. മാത്രമല്ല, പോളിസി എടുക്കുന്നതിനു മുൻപുള്ള രോഗങ്ങൾക്കും പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.

കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000ത്തിലധികം ആശുപത്രികളിൽ ഇതുവഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും അവർ താമസിക്കുന്ന ഇടങ്ങളിൽതന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവിൽ രാജ്യത്തിനുള്ളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. എന്നാൽ, ഭാവിയിൽ ജിസിസി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എല്ലാ പ്രവാസി മലയാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു. പദ്ധതിയോടുള്ള പ്രവാസികളുടെ പ്രതികരണം എത്രകണ്ടു മികച്ചതാവുമെന്നു വരും ദിവസങ്ങളിൽ അറിയാനിരിക്കുകയാണ്. രണ്ടു മക്കൾ അടക്കം നാലുപേരുടെ കുടുംബത്തിന് 13,411 രൂപയാണു പ്രീമിയമായി പറയുന്നത്. കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോരുത്തർക്കും 4,130 രൂപ പ്രീമിയമായി അടയ്ക്കേണ്ടിവരും. ഇൻഷ്വറൻസ് പ്രവാസിക്കു മാത്രമാണെങ്കിൽ 8,101 രൂപയാണു പ്രീമിയം.

വിദേശത്തുനിന്നു തിരിച്ചെത്തിയ മലയാളികളെ, അതായത് മുൻ പ്രവാസികളെ, "നോർക്ക കെയർ' പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതായി പരാതി ഉയരുന്നുണ്ട്. തിരിച്ചെത്തിയ 14 ലക്ഷത്തോളം പേർ പദ്ധതിയിൽ നിന്നു പുറത്താവുമെന്നാണു കണക്കുകൂട്ടുന്നത്. നിരവധി വർഷങ്ങൾ വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത്, തങ്ങൾക്കു കിട്ടിയ സമ്പാദ്യമത്രയും കേരളത്തിലേക്ക് അയച്ച്, ഈ നാടിന്‍റെ പുരോഗതിക്കു സഹായിച്ചവരാണ് അവരൊക്കെ. ഇപ്പോൾ തൊഴിലില്ലാതെയും ആരോഗ്യം മോശമായും ജീവിക്കുന്നവർ. അവരെ ഈ പദ്ധതിയിൽ നിന്ന് അകറ്റി നിർത്തുന്നത് ഉചിതമല്ല. സർക്കാർ ഈ ആവശ്യം ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. പ്രവാസികളുടെ രക്ഷിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും നല്ല കാര്യമാണ്. രണ്ടാം ഘട്ടത്തിൽ പ്രവാസികളുടെ രക്ഷിതാക്കളെയും പരിധിയിൽ കൊണ്ടുവരും എന്നു പറയുന്നുണ്ട്. ആരോഗ്യ ഇൻഷ്വറൻസിന്‍റെ പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് രക്ഷിതാക്കൾക്കാണല്ലോ.

പാക്കിസ്ഥാനെതിരേ പൊരുതി കാമിന്ദു മെൻഡിസ്; 134 റൺസ് വിജയലക്ഷ‍്യം

ബെൻ സ്റ്റോക്സും മാർക്ക് വുഡും തിരിച്ചെത്തി; ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമായി

1983 ലോകകപ്പ് ഫൈനൽ ഉൾ‌പ്പടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചു; അംപയർ ഡിക്കി ബേർഡിന് വിട

ഓപ്പറേഷൻ നുംഖോർ: പരിവാഹൻ സൈറ്റിലുൾപ്പടെ തിരിമറി നടത്തി, 36 വാഹനങ്ങൾ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മിഷണർ

ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു