മഞ്ഞക്കുറ്റികൾ കടപുഴകുമ്പോൾ
പിണറായി സർക്കാരിന്‍റെ കാലത്ത് ഏറെ വിവാദവും ജനകീയ പ്രതിഷേധവും ഉയർന്ന സിൽവർ ലൈൻ (കെ-റെയ്‌ൽ) അതിവേഗ റെയ്‌ൽ പദ്ധതി പൂർണമായി ഉപേക്ഷിക്കപ്പെടുകയാണ്. ആയിരക്കണക്കിനാളുകൾക്ക് ആശങ്കയുടെ ദിനങ്ങൾ അവസാനിക്കുന്നു. പദ്ധതിയെ അതിശക്തമായി എതിർത്തിരുന്ന യുഡിഎഫ് അധികാരത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ചിട്ടുള്ള മുഴുവൻ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സ്ഥലം ഏറ്റെടുത്തുകൊണ്ട് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുകയാണ്. സിൽവർ ലൈനുമായി ബന്ധപ്പെട്ടുള്ള കേസുകൾ പിൻവലിക്കുന്നത് ആഭ്യന്തര വകുപ്പു പരിശോധിച്ചു ശുപാർശ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പിണറായി വിജയന്‍റെ ഒന്നാം സർക്കാരിന്‍റെ കാലത്ത് ആരംഭിച്ചതാണ് സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ. സ്വപ്നപദ്ധതിയായി ഇതിനെ ഉയർത്തിപ്പിടിച്ചു എൽഡിഎഫ് സർക്കാർ. എന്നാൽ, കേരളത്തിനു യോജിക്കാത്ത പദ്ധതിയാണ് ഇതെന്നു തുടക്കം മുതൽ പലരും ചൂണ്ടിക്കാണിച്ചിരുന്നു. പാരിസ്ഥിതികമായി വലിയ ദോഷങ്ങളുണ്ടാക്കുമെന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടു. സാമ്പത്തികമായി വിജയകരമാവില്ല എന്ന അഭിപ്രായവും ഉയർന്നു. പദ്ധതിക്കെതിരേ കേരളത്തിന്‍റെ പല ഭാഗങ്ങളിലും അതിശക്തമായ ജനകീയ സമരങ്ങൾ നടന്നു. സമരക്കാരെ പൊലീസ് നേരിട്ട രീതികളും വലിയ വിമർശനമുയർത്തി. കോൺഗ്രസും യുഡിഎഫും സമരങ്ങൾക്കൊപ്പം നിന്നു. കേന്ദ്ര സർക്കാരും പദ്ധതിക്ക് അനുകൂലമായില്ല. അപ്പോഴും കേന്ദ്രം അനുവദിച്ചാൽ പദ്ധതി നടപ്പാക്കും എന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ.
നടക്കില്ല എന്ന് ഉറപ്പായ പദ്ധതി അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ കിടക്കുകയായിരുന്നു പിന്നീട്. ഏറ്റെടുത്തു മഞ്ഞക്കുറ്റിയടിച്ച 3000 ഏക്കറോളം ഭൂമി അക്ഷരാർഥത്തിൽ കുരുക്കിൽപ്പെട്ടു. പാവപ്പെട്ടവരുടെ വീടുകളും പുരയിടങ്ങളും അടക്കം മഞ്ഞക്കുറ്റികൾക്കിടയിൽ പെട്ടുപോയി. ഭൂമി പണയം വയ്ക്കാനോ വിൽക്കാനോ ഒന്നും കഴിയാതെ ആളുകൾ വട്ടംകറങ്ങി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ നിരവധിയാളുകളെ ദോഷകരമായി ബാധിച്ചു. സിൽവർ ലൈൻ "ഭൂതം' എങ്ങനെയെങ്കിലും വിട്ടൊഴിഞ്ഞാൽ മതി എന്നു പ്രാർഥിച്ചുകൊണ്ടിരുന്ന നിരവധിയാളുകളാണ് ഇപ്പോൾ ആശ്വസിക്കുന്നത്, ആഹ്ലാദം പ്രകടിപ്പിക്കുന്നത്.
സിൽവർ ലൈൻ കുഴിച്ചുമൂടപ്പെടുമ്പോഴും ഉയർന്നു നിൽക്കുന്ന ഒരു ചോദ്യം നമുക്ക് അതിവേഗ റെയ്‌ൽപ്പാത വേണ്ടേ എന്നതാണ്. അതിവേഗം സഞ്ചരിക്കാനുള്ള എല്ലാ മാർഗങ്ങളും തേടിക്കൊണ്ടിരിക്കുന്ന കാലമാണിത്. യാത്രാമണിക്കൂറുകൾ വെട്ടിക്കുറയ്ക്കാൻ കഴിയുന്ന ഗതാഗത മാർഗത്തെക്കുറിച്ച് ആധുനിക ലോകത്തിന് ആലോചിക്കാതെ വയ്യ. അതിന്‍റെ ഭാഗമാണ് അതിവേഗ ട്രെയ്‌നുകളെക്കുറിച്ചുള്ള ആലോചനകളും. പല രാജ്യങ്ങളിലും 300 കിലോമീറ്ററിലേറെ വേഗമുള്ള ബുള്ളറ്റ് ട്രെയ്നുകൾ ഓടുന്നുണ്ട്. ഇന്ത്യയിൽ തന്നെ മുംബൈ- അഹമ്മദാബാദ് അതിവേഗ റെയ്‌ൽ ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ ട്രെയ്‌ൻ ഓടാൻ കഴിയുന്ന പാതയാണിത്.
കേരളത്തിനും അതിവേഗം വേണ്ട എന്നു പറയാനാവുമെന്നു തോന്നുന്നില്ല. അതേസമയം തന്നെ അത് എങ്ങനെ നടപ്പാക്കും എന്നതു ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന പദ്ധതിയല്ല, പരസ്പര ധാരണയിൽ രൂപപ്പെടുന്ന പദ്ധതിയാണ് ആവശ്യമായിട്ടുള്ളത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, ഈ ചെറിയ സംസ്ഥാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണു വൻ തോതിൽ ഭൂമിയേറ്റെടുക്കുന്നത്. പ്രതിഷേധിക്കുന്ന ആളുകളെയെല്ലാം തല്ലിയൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കുന്നതു ശരിയായ മാർഗമാവില്ല. ഏറ്റവും കുറച്ചു ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന പദ്ധതിയാവണം. അതു സമവായത്തിലൂടെ ഏറ്റെടുക്കാൻ കഴിയണം. സാമ്പത്തികമായി വിജയം നേടാൻ കഴിയുന്നതാവണം. പരിസ്ഥിതിക്കു ദോഷം വരുത്താത്തതാവണം. ഇത്തരത്തിൽ ഏറെ ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിലവിലുള്ള റെയ്‌ൽ സംവിധാനം ശക്തിപ്പെടുത്തി അതിവേഗ ട്രെയ്നുകൾ ഓടിക്കാൻ കഴിയുമെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
പാതകൾ നവീകരിച്ചാൽ 160 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയുന്ന വന്ദേഭാരത് ട്രെയ്‌നുകൾ റെയ്‌ൽവേ അവതരിപ്പിച്ചിട്ടുണ്ട്. അതിവേഗ ട്രെയ്‌നുകൾക്കുള്ള പരീക്ഷണങ്ങൾ ഇനിയും തുടരുമെന്നും ഉറപ്പാണ്. സിൽവർ ലൈൻ പദ്ധതിക്കു ബദലായി മെട്രൊമാൻ ഇ. ശ്രീധരൻ നിർദേശിച്ച പദ്ധതിയുണ്ട്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 400 കിലോമീറ്ററിലേറെ നീളത്തില്‍ തുരങ്കപാതയും ആകാശപാതയും ചേര്‍ന്ന അതിവേഗ പാതയാണ് അദ്ദേഹം നിർദേശിച്ചത്. ആദ്യം സെമി ഹൈസ്പീഡ് പാതയൊരുക്കുക, പിന്നീട് ഇത് ഹൈ സ്പീഡാക്കി മാറ്റുക എന്നതാണു പദ്ധതി. ഇത്തരത്തിലുള്ള എല്ലാ സാധ്യതകളും വിശദമായ ചർച്ചകൾക്കു വിധേയമാക്കേണ്ടതാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയെന്നത് ഏതു പദ്ധതിയുമായി ബന്ധപ്പെട്ടായാലും വളരെ പ്രധാനമാണെന്നത് അടിവരയിട്ടു പറയേണ്ടതുണ്ട്.