.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
രൂക്ഷമാവുന്ന പാചക വാതക പ്രതിസന്ധി
file photo
പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കപ്പൽ ചരക്കു നീക്കം തടസപ്പെട്ടതു മൂലമുള്ള പാചകവാതക ക്ഷാമം ഇന്ത്യയെയും ഗുരുതരമായി ബാധിക്കുകയാണ്. പാചകവാതകം ആവശ്യത്തിനുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസവും വ്യക്തമാക്കുകയുണ്ടായി. ഇപ്പോഴത്തെ ആവശ്യത്തിനുതകുന്ന എൽപിജി ശേഖരം രാജ്യത്തുണ്ടെന്നാണ് അവകാശവാദം. ഇറക്കുമതിയിലെ കുറവു പരിഹരിക്കാൻ മറ്റു മാർഗങ്ങൾ ഊർജിതമാക്കിയെന്നും പെട്രോളിയം മന്ത്രാലയം അറിയിക്കുന്നു. റിഫൈനറിയികളിൽ വരുത്തിയ ക്രമീകരണങ്ങളിലൂടെ എൽപിജി ഉത്പാദനം 25 ശതമാനം വർധിപ്പിച്ചെന്നും ബുക്ക് ചെയ്താൽ രണ്ടര ദിവസത്തിനുള്ളിൽ വീടുകളിൽ ഗ്യാസ് എത്തുമെന്നുമാണു പറയുന്നത്.
എന്നാൽ, അതനുസരിച്ചല്ല കാര്യങ്ങൾ നടക്കുന്നത് എന്നതാണ് അനുഭവം. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പാചക വാതക ക്ഷാമം അതിരൂക്ഷമാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകൾ വേണ്ടത്ര ലഭിക്കാതായതോടെ പല നഗരങ്ങളിലും ഹോട്ടലുകൾ അടച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ ഭക്ഷണ വിതരണവും പ്രതിസന്ധിയിലായി. ബംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നാലിലൊന്നു ഹോട്ടലുകളും അടച്ചു കഴിഞ്ഞു എന്നാണു റിപ്പോർട്ടുകൾ. മുംബൈ നഗരത്തിലെ ശേഷിക്കുന്നവയിൽ തന്നെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ഡൽഹിയിലും ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലായിട്ടുണ്ട്.
രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലെന്നതുപോലെ കേരളത്തിലും പാചകവാതക ക്ഷാമം അതിരൂക്ഷമാണ്. ഗാർഹിക കണക്‌ഷനുകളുടെ ബുക്കിങ് ഇടവേള ദീർഘിപ്പിച്ചിട്ടുണ്ട്. വിലയും വർധിപ്പിച്ചിട്ടുണ്ട്. എന്നു മാത്രമല്ല ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇൻഡക്‌ഷൻ കുക്കർ തുടങ്ങിയ ബദൽ മാർഗങ്ങൾ തേടുന്നുണ്ടു പലരും. പ്രത്യേകിച്ച് ഇൻഡക്‌ഷൻ കുക്കറുകൾ വലിയ തോതിൽ ഉപയോഗിക്കാൻ തുടങ്ങി എന്നാണു റിപ്പോർട്ടുകൾ. വേനൽ കടുത്ത ഈ അവസരത്തിൽ പാചകത്തിനുള്ള വൈദ്യുതി ഉപയോഗം വർധിക്കുന്നത് കേരളത്തെ ആ നിലയ്ക്കും പ്രതിസന്ധിയിലാക്കാനുള്ള സാധ്യതയുണ്ട്. പാചകവാതക പ്രതിസന്ധി ഇനിയും രൂക്ഷമായാൽ വൈദ്യുതി ഉപയോഗത്തിലുണ്ടാവുന്ന കുതിച്ചുകയറ്റം സർക്കാരിനു മറ്റൊരു തലവേദനയാവും. വിറകടുപ്പുകൾ ഉപയോഗിക്കുന്ന വീടുകൾ ഇപ്പോൾ തീരെ കുറവാണ്. വിറകിലേക്കു മാറുക പലർക്കും എളുപ്പവുമല്ല.
ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ വിറകടുപ്പിൽ പാചകം ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിറകടുപ്പ് ഉപയോഗിക്കുന്നതിനു ചെലവാകുന്ന അധികത്തുക നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. കുറച്ചു ഹോട്ടലുകളും വിറകടുപ്പിനെ ആശ്രയിച്ചേക്കാം. എന്നാൽ, അതുകൊണ്ട് ഹോട്ടൽ, കാറ്ററിങ് മേഖലയിലെ പ്രതിസന്ധി ഒഴിയില്ല. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടർ കിട്ടാതായി എന്നാണ് അവർ പറയുന്നത്. സംസ്ഥാനത്തു നിരവധി ഹോട്ടലുകൾ അടച്ചുകഴിഞ്ഞു. ചില ഹോട്ടലുകളുടെ പ്രവർത്തന സമയം വെട്ടിക്കുറച്ചിട്ടുണ്ട്. തുറന്നിരിക്കുന്ന ഹോട്ടലുകളിൽ തന്നെ വിഭവങ്ങൾ വളരെ കുറച്ചു മാത്രമാണ്. ബേക്കറി വ്യവസായത്തെയും പാചക വാതകക്ഷാമം ബാധിച്ചിട്ടുണ്ട്. ആശുപത്രി, ഹോസ്റ്റൽ തുടങ്ങിയ അവശ്യ സർവീസുകൾക്കുള്ള സിലിണ്ടറുകൾ നൽകുന്നുണ്ടെന്നാണ് പാചകവാതക വിതരണ ഏജൻസികൾ പറയുന്നത്. ഹോട്ടൽ, ബേക്കറി തുടങ്ങിയവ അടച്ചുപൂട്ടുന്നത് നിരവധിയാളുകൾക്കാണു തൊഴിലില്ലാതാക്കുക. ജീവനക്കാരെ കുറയ്ക്കാൻ ഹോട്ടലുടമകൾ നിർബന്ധിക്കപ്പെടുകയാണ്. നഗരങ്ങളിലെത്തുന്നവർക്ക് ഭക്ഷണം ലഭിക്കാനുള്ള സൗകര്യം ഇല്ലാതാവുന്നതും വലിയ പ്രതിസന്ധിയാണ്. പാചകവാതകം കിട്ടാതെയാകുമോ എന്ന ആശങ്ക വീട്ടമ്മമാരുടെ സ്വസ്ഥതയും കെടുത്തുകയാണ്. കേന്ദ്ര സർക്കാർ ഈ ആശങ്കകളൊക്കെ പരിഹരിക്കാൻ അടിയന്തര നടപടികൾ എടുത്തേ തീരൂ.
പാചകവാതക ലഭ്യത ഉറപ്പാക്കാനും വില വർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുകയുണ്ടായി. സംസ്ഥാനത്തെ പാചക വാതക പ്രതിസന്ധിയിൽ കേന്ദ്ര പെട്രോളിയം മന്ത്രിക്ക് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കത്തയക്കുകയും ചെയ്തു. വാണിജ്യ എൽപിജി റീഫില്ലിങ് പൂർണമായും നിർത്തലാക്കുന്നതു രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിക്കും ദുരിതത്തിനും കാരണമാകുമെന്നു കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ഹോട്ടലുകളുടെയും റസ്റ്ററന്‍റുകളുടെയും പ്രവർത്തനം താറുമാറായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്നുമാണ് കത്തിൽ മന്ത്രി ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നൊക്കെ പ്രശ്നത്തിന്‍റെ ഗൗരവം കേന്ദ്ര സർക്കാരിന് ഉൾക്കൊള്ളാവുന്നതാണ്.
രാജ്യത്തിന് ആവശ്യമുള്ളതിന്‍റെ 60 ശതമാനം എൽപിജിയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ 90 ശതമാനവും ഹോർമുസ് കടലിടുക്കു വഴിയാണ് എത്തുന്നത്. ഈ കടലിടുക്കു വഴിയുള്ള വിവിധ രാജ്യങ്ങളുടെ ആഗോള ചരക്കുനീക്കം ഇറാൻ തടഞ്ഞിരിക്കുകയാണ്. നിരവധി ഇന്ത്യൻ കപ്പലുകളാണു കടലിടുക്കിൽ കുടങ്ങിയിരിക്കുന്നത്. അതിൽ ഭൂരിഭാഗത്തിലും എണ്ണയും എൽപിജിയുമാണുള്ളത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളിൽ രണ്ടെണ്ണത്തിന് ഇറാൻ യാത്രാനുമതി നൽകിയിട്ടുണ്ട്. നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ഇടപെടലുകളെത്തുടർന്നാണിത്. ഇത്തരം നീക്കങ്ങൾ ഇനിയും ഊർജിതമായി നടക്കട്ടെ. കൂടുതൽ കപ്പലുകൾക്ക് ഉടൻ യാത്രാനുമതി കിട്ടും എന്നു പ്രതീക്ഷിക്കാം. ഹോർമുസ് കടലിടുക്കു വഴിയല്ലാതെയുള്ള ഇറക്കുമതി വർധിപ്പിക്കാനുള്ള സാധ്യതകളും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇരട്ടിയോളമായി വർധിപ്പിച്ചതു വലിയ പ്രതീക്ഷ നൽകുന്നുണ്ട്.