sabarimala
ശബരിമലയിലെ സ്വർണക്കവർച്ച സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച പൊലീസിന്‍റെ പ്രത്യേക സംഘം (എസ്എടി) നടത്തുന്ന അന്വേഷണം മുന്നോട്ടുപോകുന്തോറും ജനങ്ങളുടെ ആശങ്കയും വർധിക്കുകയാണ്. ഉയർന്ന തലത്തിലുള്ള നേതാക്കൾ ആരോപണ വിധേയരാവുകയും അറസ്റ്റിലാവുകയും ഒക്കെ ചെയ്യുന്നത് ലക്ഷക്കണക്കിനു വിശ്വാസികൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇനിയെത്ര നേതാക്കൾ കുടുങ്ങാനിരിക്കുന്നു എന്ന ചോദ്യവും അന്തരീക്ഷത്തിലുണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണു പൊലീസ് അന്വേഷണം എന്നതുകൊണ്ട് മുഴുവൻ കുറ്റവാളികളെയും പിടികൂടും എന്നു തന്നെ ജനങ്ങൾ വിശ്വസിക്കുന്നു. രാഷ്ട്രീയ സ്വാധീനത്തിൽ തട്ടിപ്പുകാർ രക്ഷപെടുന്ന അവസ്ഥ നാടിനെയൊന്നാകെ ഞെട്ടിച്ച ഈ കേസിൽ ഉണ്ടാവില്ല എന്നു കരുതാം. എത്ര തലപ്പത്തേക്ക് അന്വേഷണം പോകേണ്ടിവന്നാലും അതിന് ഒരു തടസവുമുണ്ടാകരുത്. ആരൊക്കെ കുറ്റവാളികളാണെങ്കിലും അവരൊക്കെ കുടുങ്ങണം. ഇതു ചെറിയൊരു തട്ടിപ്പല്ല. വിശ്വാസികളെ മുഴുവൻ വിദഗ്ധമായി കബളിപ്പിച്ച തസ്കര സംഘത്തെയാണ് വെളിച്ചത്തുകൊണ്ടുവരാനുള്ളത്.
ശബരിമലയുടെ പ്രാധാന്യം എത്ര വലുതാണെന്ന് നമുക്കെല്ലാമറിയാം. വിവിധ നാടുകളിൽ നിന്നായി വിശ്വാസ ലക്ഷങ്ങളാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്. പ്രത്യേക കാലഘട്ടത്തിൽ (മണ്ഡലം, മകരവിളക്ക്) ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. ഈ ഭക്തർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടവരാണ് ദേവസ്വം ബോർഡിൽ ഇരിക്കുന്നത്. വിശ്വാസികൾ അയ്യപ്പ സ്വാമിക്കു സമർപ്പിക്കുന്ന പണവും സ്വർണവും അടിച്ചുമാറ്റുകയാണ് അത്തരത്തിൽ ചുമതലപ്പെട്ടവർ ചെയ്യുന്നതെന്നു വന്നാൽ നാടിനു തന്നെ അതു ചീത്തപ്പേരാണ്. ദേവനു സമർപ്പിക്കുന്നതൊക്കെ തട്ടിയെടുക്കാൻ ആർത്തിപൂണ്ടു കാത്തിരിക്കുന്നവരാണ് ക്ഷേത്രം നടത്തിപ്പുകാർ എന്നു തെളിഞ്ഞാൽ എന്താവും ഈ നാടിന്‍റെ പ്രതിച്ഛായ. കിലോക്കണക്കിനു സ്വർണമാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ കേസന്വേഷണം ഒരു വീഴ്ചയുമില്ലാതെ പുരോഗമിക്കണം.
നേതാക്കളുടെ അറസ്റ്റു കൊണ്ട് ഭരണകക്ഷിയായ സിപിഎം പ്രതിരോധത്തിലായി എന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകാലമാണിത്. പോരാത്തതിന് അധികം വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു. പാർട്ടിക്കോ സർക്കാരിനോ സ്വർണക്കവർച്ചയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ആദ്യം എൻ. വാസുവും പിന്നാലെ എ. പദ്മകുമാറും അറസ്റ്റിലാവുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമാരാണ് ഇരുവരും. ദേവസ്വം കമ്മിഷണറുമായിരുന്നു വാസു. രണ്ടു പേരും സിപിഎം നേതാക്കളാണ്. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും കോന്നി മുന്‍ എംഎല്‍എയുമാണു പദ്മകുമാർ. ആ നിലയ്ക്കു കൂടുതൽ ഉയർന്ന തലത്തിലുള്ള നേതാവ്. അറസ്റ്റിലായി എന്നതുകൊണ്ട് ആരും കുറ്റക്കാരനാവുന്നില്ല എന്ന ന്യായമുണ്ട് പാർട്ടിക്ക്. പദ്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിക്കുകയുണ്ടായി. കുറ്റക്കാരനാണോയെന്നു പറയേണ്ടതു കോടതിയാണ് എന്നതിൽ സംശയമില്ല. യഥാർഥ കവർച്ചക്കാർ ആരാണെന്ന് കോടതി കണ്ടെത്തട്ടെ. അപ്പോഴും ഉന്നത തലത്തിൽ വരെ സംശയങ്ങൾ നീളുന്നു എന്നത് അതീവ ഗൗരവമായി കാണേണ്ടതാണല്ലോ.
കുറ്റക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആരുടെ കൈയിൽ നിന്നു കിട്ടിയിട്ടുണ്ടെങ്കിലും അതു പരിശോധിക്കപ്പെടേണ്ടതാണ്. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കും എന്നൊക്കെ ഭരണപക്ഷ നേതാക്കൾ അവകാശപ്പെടുന്നുണ്ട്. അത് ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ശബരിമലയിലെ സ്വർണം കട്ടവർ ആരായാലും അവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണം. കുറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കണം. '' നമ്മൾ ദൈവതുല്യം കാണുന്ന പലരും ഇതിനകത്ത് ഉണ്ടെങ്കിൽ എനിക്ക് എന്തു ചെയ്യാൻ പറ്റും'' എന്നു പദ്മകുമാർ പരസ്യമായി പ്രതികരിച്ചത് കുറച്ചു ദിവസം മുൻപാണ്. ആരാണ് ഈ 'ദൈവതുല്യർ' എന്ന ചോദ്യം മുഴുവൻ വിശ്വാസികളുടെയും മനസിലുണ്ട്. അതു വെളിച്ചത്തുകൊണ്ടുവരേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ദേവസ്വം ബോർഡിന്‍റെ തീരുമാനങ്ങൾ സർക്കാരിന്‍റെ അറിവോടെയല്ലെന്നും ദേവസ്വം ബോർഡുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണെന്നും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നുണ്ട്. ദേവസ്വം ബോർഡിന്‍റെ തീരുമാനങ്ങൾ ബോർഡിന്‍റേതു മാത്രമാണ് എന്ന വാദം എത്രപേർ വിശ്വസിക്കും എന്ന പ്രശ്നം എന്തായാലും സിപിഎമ്മിനും സർക്കാരിനും അഭിമുഖീകരിക്കാനുണ്ട്.
സ്വർണക്കവർച്ചയിൽ ബോർഡിനോ അതിന്‍റെ ഭരണക്കാർക്കോ യാതൊരറിവും പങ്കുമില്ല എന്നാണ് ഈ കേസിന്‍റെ തുടക്കത്തിൽ ഭരണപക്ഷ നേതാക്കൾ അവകാശപ്പെട്ടുകൊണ്ടിരുന്നത്. ആ അവകാശവാദത്തിനുള്ള കനത്ത പ്രഹരമായിട്ടുണ്ട് ബോർഡിന്‍റെ മുൻ പ്രസിഡന്‍റുമാരുടെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരാണ് അറസ്റ്റിലായിട്ടുള്ളത്. സ്‌പോണ്‍സറും ഇടനിലക്കാരനുമായ ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ മുരാരി ബാബു, തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ്. ബൈജു, മുന്‍ എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവരാണ് വാസുവിനും പദ്മകുമാറിനും പുറമേ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായവർ നൽകുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ ഇനിയും പലരും കുടുങ്ങിയേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ശബരിമലയിലെ സ്വർണപ്പാളികൾ എങ്ങനെ 'ചെമ്പു പാളികളാ'യി മാറിയെന്ന് അന്വേഷണത്തിനൊടുവിൽ വ്യക്തമാവുന്നതു കാത്തിരിക്കാം.