ശബരിമലയുമായി ചുറ്റപ്പെട്ട് വലിയ സ്വർണക്കൊള്ള വിവാദങ്ങൾ അരങ്ങേറിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ, ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചു. ഭക്തലക്ഷങ്ങൾ അയ്യപ്പ ദർശനത്തിനെത്തുന്ന ദിവസങ്ങളാണിനി. ഡിസംബർ 27നാണു മണ്ഡലപൂജ. അതു കഴിഞ്ഞു നട അടച്ചാൽ പിന്നെ മകരവിളക്ക് തീർഥാടനത്തിന് ഡിസംബർ 30നു വീണ്ടും നട തുറക്കും. ജനുവരി 14നാണു മകരവിളക്ക്. തുടർന്ന് ഭക്തർക്ക് ജനുവരി 19 വരെ ദർശനം നടത്താം. 20ന് രാജപ്രതിനിധിക്കു മാത്രം ദർശനം നൽകിയാണു നട അടയ്ക്കുക. ദിവസവും പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി 11 വരെയും ദർശനത്തിനു സൗകര്യമുണ്ട്. ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനം ലഭിക്കും. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകളുണ്ട്. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കു ചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ അതുകൂടി തത്സമയ ബുക്കിങ്ങിലേക്കു മാറും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനവും പെട്ടെന്നു ദർശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ തീർഥാടന കാലത്ത് അയ്യപ്പദർശനത്തിനെത്തുന്ന ഭക്തലക്ഷങ്ങളെ സ്വീകരിക്കാൻ വേണ്ട തയാറെടുപ്പുകൾ സന്നിധാനത്തും നിലയ്ക്കലും പമ്പയിലുമെല്ലാം നടത്തിയിട്ടുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പാതകൾ സഞ്ചാരയോഗ്യമാക്കുക, പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷയ്ക്ക് ആവശ്യമായ പൊലീസുകാരെ നിയോഗിക്കുക, പ്രത്യേക ശുചീകരണ സേനയെ വിന്യസിക്കുക തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും പൂർത്തിയാക്കേണ്ടത്. ഇക്കാര്യത്തിലൊന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് അവകാശവാദം. നിലയ്ക്കലിൽ പുതിയ പാർക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ 2,000 വാഹനങ്ങൾ അധികമായി പാർക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.
അയ്യപ്പഭക്തരെ ദർശനത്തിന് എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും കെഎസ്ആർടിസിയും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ 467 ബസുകളും രണ്ടാം ഘട്ടത്തിൽ 502 ബസുകളും പ്രത്യേക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിക്കുന്നുണ്ട്. മകരവിളക്കിന് അതിലും വളരെ കൂടുതൽ ബസുകളുണ്ടാവും. തീർഥാടനം സുഗമമാക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ പ്രധാനമാണ്. തീർഥാടകരുടെ സുരക്ഷ, യാത്ര, വാഹനങ്ങളുടെ പാർക്കിങ് അടക്കം കാര്യങ്ങളിൽ പൊലീസിന്‍റെ സഹായം ആവശ്യമായി വരും. ആവശ്യാനുസരണം സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതടക്കം ക്രമീകരണങ്ങൾ സുരക്ഷയുടെ ഭാഗമായി ഒരുക്കേണ്ടതാണ്. കാര്യക്ഷമമായ മൊബൈൽ പട്രോളിങ് ഉറപ്പാക്കേണ്ടതുണ്ട്. ഗതാഗത നിയന്ത്രണത്തിനുള്ള ഉദ്യോഗസ്ഥരും ആവശ്യത്തിനുണ്ടാവണം. ആരോഗ്യ വകുപ്പിന്‍റെ സേവനവും ഏറ്റവും മികച്ച നിലയിലുള്ളതായിരിക്കണം.
എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്‍റെ സേവനം ഉണ്ടാകുമെന്നാണു സർക്കാർ അവകാശപ്പെടുന്നത്. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്‍ററുകൾ പ്രവർത്തിക്കുമെന്നും പറയുന്നു. ഓപ്പറേഷൻ തീയെറ്ററുകൾ, താത്കാലിക ഡിസ്പെൻസറി, മെഡിക്കൽ സ്റ്റോർ തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് വിശദീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ തീർഥാടകർക്ക് ഉപകാരപ്പെടും വിധം ഇതൊക്കെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആവശ്യത്തിനുള്ള ആരോഗ്യ പ്രവർത്തകരും മരുന്നുകളും ഉപകരണങ്ങളും ഉണ്ടെങ്കിലേ കാര്യക്ഷമമായ പ്രവർത്തനം ഉണ്ടാവൂ. തീർഥാടകർക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയതു സ്വാഗതാർഹമാണ്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പമ്പാസ്നാനം നടത്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്ന ജാഗ്രതാ മുന്നറിയിപ്പ് ആരോഗ്യ വകുപ്പു നൽകിയിട്ടുണ്ട്. മുങ്ങുമ്പോൾ മൂക്കു പൊത്തിപ്പിടിക്കുകയോ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യുക എന്നതാണു നിർദേശം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്കജ്വരം. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഈ രോഗം കാണപ്പെട്ടിട്ടുണ്ട് എന്നതിനാൽ തീർഥാടനകാലത്തും ജാഗ്രത പുലർത്തുന്നതു നല്ലതാണ്. തീർഥാടകർ ശബരിമലയിലെത്തുന്നതിനു മുൻപ് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതു പതിവാണ്. ക്ഷേത്രക്കുളങ്ങളിൽ ക്ലോറിനേഷൻ നടത്തുന്നതുപോലുള്ള തയാറെടുപ്പ് ദേവസ്വം ബോർഡുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തേണ്ടതുണ്ട്.
ഇരുമുടിക്കെട്ടുമേന്തി മലകയറാനെത്തുന്ന അയ്യപ്പ ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതു കേരളത്തിന്‍റെ പൊതുവിലുള്ള ഉത്തരവാദിത്വമാണ്. അതു സർക്കാരിന്‍റെയോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയോ മാത്രം കാര്യമായി കാണേണ്ടതില്ല. തീർഥാടനത്തിനായി സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവരോടു നല്ല നിലയിൽ പെരുമാറാനും അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാനും നമുക്കു കഴിയേണ്ടതാണ്. വിവിധ തീർഥാടന കേന്ദ്രങ്ങളിൽ ദർശനം നടത്തിയാണ് അവരുടെ യാത്ര. അവിടെയൊക്കെ അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. തീർഥാടനം നിയന്ത്രിക്കുന്ന സർക്കാർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പ്രത്യേകിച്ച് ഓരോ കാര്യത്തിലും വലിയ ശ്രദ്ധ നൽകണം. ഇനിയും പൂർത്തിയാവാനുള്ള ജോലികൾ എത്രയും വേഗം തീർക്കുന്നത് അടക്കം കാര്യങ്ങളിൽ അമാന്തം പാടില്ല. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തീർഥാടകരുടെ തിരക്കു നിയന്ത്രിക്കാനും സമയബന്ധിതമായി ദർശനം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്വം പൊലീസ് നിർവഹിക്കണം. ഭക്ഷണവും കുടിവെള്ളവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണം. സർക്കാരിന്‍റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഏറ്റവും നല്ല രീതിയിൽ, വിവാദങ്ങളില്ലാതെ തീർഥാടനം മുന്നോട്ടുകൊണ്ടുപോകാൻ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേവസ്വം ബോർഡ് ഭരണത്തിനു കഴിയട്ടെ.