ഇത് ഗൗരവമുള്ള സുരക്ഷാ വീഴ്ച തന്നെ

 
Editorial

ഇത് ഗൗരവമുള്ള സുരക്ഷാ വീഴ്ച തന്നെ

നല്ല മഴയുള്ള സമയത്താണ് രാഷ്‌​ട്ര​പതി കേരളത്തിലെത്തിയത്. രാഷ്‌​ട്ര​പതി വരുന്നുവെന്ന് നേരത്തേ തന്നെ അറിയിപ്പു കിട്ടിയതാണ്

Namitha Mohanan

രാഷ്‌​ട്ര​പതിയെയും കൊണ്ട് ലാൻഡ് ചെയ്യുന്ന ഹെലികോപ്റ്ററിന്‍റെ ചക്രം ഇറങ്ങുന്ന പ്രതലത്തിൽ താഴ്ന്നുപോകുന്നത് ഒരു സുരക്ഷാ വീഴ്ചയേയല്ല എന്നു പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചാൽ അത് ആരു വിശ്വസിക്കാനാണ്? അപകടമൊന്നും ഉണ്ടായില്ല എന്നതു തീർച്ചയായും ആശ്വസിക്കാവുന്ന കാര്യം. പക്ഷേ, അലംഭാവം ഉണ്ടായില്ലെന്നു പറഞ്ഞാൽ അംഗീകരിക്കാനാവില്ല. രാ​​ഷ്‌​ട്ര​​പ​​തി ദ്രൗ​​പ​​തി മു​​ർ​​മു ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​ന് എത്തിയപ്പോൾ ഹെ​​ലി​​കോ​​പ്റ്റ​​ർ ഇ​​റ​​ങ്ങി​​യ സ്ഥ​​ല​​ത്തുണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ച തന്നെയാണ്. രാഷ്‌​ട്ര​പതിയുടെ സന്ദർശനത്തിനുള്ള മുന്നൊരുക്കങ്ങൾ വേണ്ടവിധത്തിൽ നടത്തിയില്ല എന്നു സൂചന നൽകുന്നതു കൂടിയാണ് അത്. ഇനിയൊരിക്കലും എവിടെയും ഇത് ആവർത്തിക്കാതിരിക്കട്ടെ. രാഷ്‌​ട്ര​പതിയും പ്രധാനമന്ത്രിയും പോലുള്ള വിശിഷ്ട വ്യക്തികൾ കേരളത്തിൽ വരുന്ന ഒരവസരത്തിലും ഇത്തരത്തിലുള്ള പാളിച്ച ഇനി ഉണ്ടാവാതിരിക്കാൻ ഈ സംഭവം ഒരു പാഠമായി എടുക്കാവുന്നതാണ്.

നല്ല മഴയുള്ള സമയത്താണ് രാഷ്‌​ട്ര​പതി കേരളത്തിലെത്തിയത്. രാഷ്‌​ട്ര​പതി വരുന്നുവെന്ന് നേരത്തേ തന്നെ അറിയിപ്പു കിട്ടിയതാണ്. മഴ മുന്നറിയിപ്പും ലഭിച്ചു. സ്വാഭാവികമായും രാഷ്‌​ട്ര​പതിയുടെ യാത്രയ്ക്ക് മഴ സൃഷ്ടിച്ചേക്കാവുന്ന തടസങ്ങൾ പരിഗണിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നാണ് വ്യക്തമാവുന്നത്. നിലയ്ക്കലിലാണ് രാഷ്‌​ട്ര​പതിയുടെ ഹെലികോപ്റ്റർ ഇറക്കാൻ തീരുമാനിച്ചിരുന്നത്. കാലാവസ്ഥ മോശമായതിനാൽ അതിനു കഴിയില്ലെന്ന് തലേന്നു രാത്രി ബന്ധപ്പെട്ടവർ ‍അറിയിക്കുകയായിരുന്നു. പകരം പത്തനംതിട്ട ന​ഗ​ര​ത്തി​നു സ​മീ​പം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തിടുക്കത്തിൽ തട്ടിക്കൂട്ടിയ ഹെലിപാഡിൽ രാഷ്‌​ട്ര​പതി വന്നിറങ്ങി. അവിടുത്തെ ഹെലിപാഡിലെ കോൺക്രീറ്റ് തറ വേണ്ടത്ര ഉറച്ചിരുന്നില്ല. അതുകൊണ്ടാണ് ഹെലികോപ്റ്റർ താഴ്ന്നുപോയത്. രാഷ്‌​ട്ര​പതി പമ്പയിലേക്കു പുറപ്പെട്ട ശേഷം പൊ​​ലീ​​സും ഫ​​യ​​ർ​ ഫോ​​ഴ്സും ചേ​​ർ​​ന്ന് 7,800 കി​ലോ ഭാ​ര​മു​ള്ള വ്യോ​മ​സേ​ന​യു​ടെ പ​ടു​കൂ​റ്റ​ൻ എം​ഐ 17 വി5 ​​കോ​​പ്റ്റ​​ർ താഴ്ന്നിടത്തുനിന്ന് ത​​ള്ളി​​ നീ​​ക്കിയത് ലോകം മുഴുവൻ കണ്ടുകഴിഞ്ഞു.

ഈ ഹെലിപാഡ് രാഷ്‌​ട്ര​പതിക്ക് ഇറങ്ങാൻ മാത്രം ഉറപ്പുള്ളതായിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കഴിയാതിരുന്നത് മുൻകൂട്ടി ഹെലിപാഡ് തയാറാക്കാതിരുന്നതുകൊണ്ടാണ്. രാത്രി വൈകി കോ​​ണ്‍ക്രീ​​റ്റ് ചെ​​യ്തു തു​​ട​​ങ്ങുകയും പുലർച്ചെ അതു പൂർത്തിയാവുകയും ചെയ്ത പ്രതലത്തിലാണു രാവിലെ രാഷ്‌​ട്ര​പതിയുടെ കോപ്റ്റർ ഇറങ്ങിയത്. കോൺക്രീറ്റ് ഉറയ്ക്കാനുള്ള സമയം കിട്ടിയില്ല എന്നതാണ് ഇതിനർഥം. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് 70 കി​ലോ​മീ​റ്റ​ർ റോ​ഡ് മാ​ർ​ഗം പോ​കേ​ണ്ട​തി​നാ​ൽ നി​ശ്ച​യി​ച്ച​തി​ലും നേ​ര​ത്തേ രാ​വി​ലെ ഏഴരയോടെ രാ​ജ്ഭ​വ​നി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട രാഷ്‌​ട്ര​പതി രാവിലെ 8.33നാണ് പ്രമാടത്തെ ഹെലിപാഡിലെത്തിയത്. നിലയ്ക്കലിൽ ഇറങ്ങാൻ കഴിയാതെ വരുന്ന സാഹചര്യം മുൻകൂട്ടി കണ്ട് പകരം ഹെലിപാഡുകൾ തയാറാക്കുന്നത് "പ്ലാൻ ബി'യുടെ ഭാഗമാവേണ്ടതായിരുന്നു. നിലയ്ക്കലിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു എന്നു ബന്ധപ്പെട്ടവർ അവകാശപ്പെടുന്നുണ്ട്. മരങ്ങൾ വെട്ടിമാറ്റുന്നതടക്കം സുരക്ഷാ നടപടികൾ എല്ലാം നിലയ്ക്കലിൽ സ്വീകരിച്ചു. പക്ഷേ, മഴയാണ്, കാലാവസ്ഥ മോശമാവാം എന്നൊന്നും മുൻകൂട്ടി കണ്ടില്ല.

കോൺക്രീറ്റ് താഴ്ന്നാൽ എന്താ പ്രശ്നം, ഹെ​ലി​കോ​പ്റ്റ​ർ മു​ക​ളി​ലോ​ട്ട​ല്ലേ ഉ​യ​രു​ന്ന​ത് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്നു തന്നെ ഉയരുന്നത് വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ. രാഷ്‌​ട്ര​പതിയുടെ സുരക്ഷയ്ക്ക് ഒരു പ്രശ്നവും ഉണ്ടായില്ല എന്നത് ഉറയ്ക്കാത്ത പ്രതലത്തിൽ കോപ്റ്റർ ഇറക്കേണ്ടിവന്നതിനു ന്യായീകരണമല്ല. ഹെലിപാഡ് നിർമാണത്തിൽ വ്യോമസേന അപാകതകൾ ഉന്നയിച്ചിട്ടില്ലെന്നു സം​​സ്ഥാ​​ന പൊ​​ലീ​​സ് മേ​​ധാ​​വി ര​വ​ത ച​​ന്ദ്ര​​ശേ​​ഖ​​ര്‍ പറഞ്ഞിട്ടുണ്ട്. ഇതു പകരം ഹെലിപാഡ് നേരത്തേ തയാറാക്കാതിരുന്നതിനുള്ള ന്യായീകരണവുമാവുന്നില്ല. നി​​ശ്ച​​യി​​ച്ച​​തി​​ല്‍ നി​​ന്നും അ​​ഞ്ച​​ടി മാ​​റി​​യാ​​ണ് കോ​​പ്റ്റ​​ര്‍ ലാ​​ന്‍ഡ് ചെ​​യ്ത​​തെന്നും ലാ​​ന്‍ഡ് ചെ​​യ്യേ​​ണ്ടി​യി​രു​ന്ന സ്ഥ​​ല​​ത്തേ​​ക്കു പി​​ന്നീ​​ട് ത​​ള്ളി​ മാ​​റ്റു​​കയാ​​ണു ചെ​​യ്ത​​തെന്നുമുള്ള വിശദീകരണവും ഉറയ്ക്കാത്ത തറയ്ക്കു ന്യായീകരണമാവില്ലല്ലോ.

രണ്ടു വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് എഡിജിപി തയാറാക്കിയ സുരക്ഷാ പദ്ധതി ചോർന്നതിനെച്ചൊല്ലി സംസ്ഥാനത്തു വിവാദമുയർന്നതാണ്. യാത്രാവിവരങ്ങളും ഉദ്യോഗസ്ഥരുടെ വിന്യാസവും എല്ലാം ചോർന്നതിൽ കേന്ദ്ര ഏജൻസികൾ അതൃപ്തി അറിയിക്കുന്ന സാഹചര്യമുണ്ടായി. 2006ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കു കൊണ്ടുപോകുമ്പോൾ പൈലറ്റ് വാഹനമോടിച്ച ഡ്രൈവർക്കു വഴിതെറ്റിയതും വിവിഐപി സുരക്ഷയിൽ സംസ്ഥാനത്തു സംഭവിച്ച ഗുരുതരമായ വീഴ്ചയായിരുന്നു. വിവിഐപി സുരക്ഷാ കാര്യങ്ങളിൽ പാകപ്പിഴകൾ സംഭവിക്കാതിരിക്കാൻ അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.

ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് കസ്റ്റഡിയിൽ

ആലപ്പുഴയിൽ കയർഫെഡ് ഷോറൂമിൽ തീപിടിത്തം

''ഇന്ത്യക്കെതിരായ ഏത് യുദ്ധത്തിലും പാക്കിസ്ഥാൻ പരാജ‍യപ്പെടും'': മുൻ സിഐഎ ഉദ്യോഗസ്ഥൻ

'മോൺത' ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ തുലാമഴയുടെ ഭാവം മാറും

''സതീശനിസം അവസാനിച്ചു, വരുന്ന തെരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും യുഡിഎഫിനെ വിജയിപ്പിക്കും'': പി.വി. അൻവർ