അപകടകരം, വീട്ടിലെ പ്രസവം | മുഖപ്രസംഗം

 
Editorial

അപകടകരം, വീട്ടിലെ പ്രസവം | മുഖപ്രസംഗം

ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതു കണ്ടെത്തി കർശനമായി തടയാൻ കഴിയണം.

മലപ്പുറത്ത് ആശുപത്രിയിൽ പോകാതെ വീട്ടിൽവച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവം വളരെ അപകടകരമായ ഒരു പ്രവണതയുടെ സൂചനകളാണു സംസ്ഥാനത്തിനു നൽകുന്നത്. ഇന്നത്തെ കാലത്തും ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതു തന്നെയാണ്. ആധുനിക ചികിത്സ ഉപേക്ഷിച്ച് പ്രസവം വീട്ടിൽ തന്നെയാക്കാൻ ശ്രമിക്കുന്നവർ വർധിക്കുന്നുണ്ട് എന്ന ചില റിപ്പോർട്ടുകളും ആശങ്കപ്പെടുത്തുന്നതാണ്. അക്യുപങ്ചർ തുടങ്ങിയ ചില ചികിത്സാ രീതികൾ മറയാക്കി പ്രവർത്തിക്കുന്ന വ്യാജ സംഘങ്ങൾ ആശുപത്രിയിൽ പോകാതെയുള്ള പ്രസവം പ്രോത്സാഹിപ്പിക്കുന്നു എന്നാണു റിപ്പോർട്ടുകൾ. ആധുനിക വൈദ്യശാസ്ത്രത്തെ അപഹസിച്ചും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കുറ്റപ്പെടുത്തിയുമാണ് ഇത്തരക്കാർ ഗർഭിണികളെ ആശുപത്രിയിൽ നിന്ന് അകറ്റുന്നത്. ഇത്തരത്തിൽ വ്യാജന്മാരുടെ പിടിയിൽ ആളുകൾ അകപ്പെട്ടുപോകുന്നതു തടയേണ്ടത് അനിവാര്യമാണ്.

പൊതുജനാരോഗ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുള്ള സംസ്ഥാനമാണു കേരളം. രാജ്യത്ത് മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണിത്. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുന്നു എന്നാണു കണക്ക്. എന്നാൽ, കേരളത്തിൽ അത് 19 മാത്രമാണ്. ഇത് ഇനിയും കുറച്ചുകൊണ്ടുവരികയാണ് ആവശ്യമായിട്ടുള്ളത്. ആശുപത്രികളെ ആശ്രയിക്കാതെയുള്ള പ്രസവം ഒരിക്കലും സുരക്ഷിതമല്ല. മുഴുവൻ ആളുകളും അതു തിരിച്ചറിയേണ്ടതുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ വീണുപോകാതിരിക്കേണ്ടതുമുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് മലപ്പുറത്ത് ഭർത്താവിന്‍റെ വീട്ടിൽ വച്ച് 35​കാരി പ്രസവത്തിനിടെ മരിച്ചത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു അത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നും കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. ഒരു യുട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ഭര്‍ത്താവ് ഭാര്യയെയും അതിന് ഇരയാക്കുകയായിരുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്. അക്യുപങ്ചർ പഠിച്ചതിനാൽ വേദനയില്ലാതെ പ്രസവിക്കാമെന്നു പറഞ്ഞാണ് ഭർത്താവ് പ്രസവം വീട്ടിൽ മതിയെന്നു തീരുമാനിച്ചതത്രേ. മുൻപു നടന്ന പ്രസവങ്ങളും വീട്ടില്‍ തന്നെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിൽ മൂന്നു മണിക്കൂറോളം വീട്ടിൽ കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോവാൻ ഭർത്താവ് തയാറായില്ലെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും പൊലീസ് പറയുന്നു. യുവതിയുടെ ജീവൻ നഷ്ടപ്പെടുത്തിയതിന് ഭർത്താവിനെതിരേ മാത്രമല്ല അതിനു കൂട്ടുനിന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കെതിരേയും നടപടിയെടുക്കേണ്ടതാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാണിച്ചതുപോലെ ഇതു മനപ്പൂർവമുള്ള നരഹത്യയ്ക്കു തുല്യമാണ്. ഗർഭിണിയാണെന്ന വിവരം വീട്ടിലെത്തിയ ആശാ പ്രവർത്തകയോടു മറച്ചുവച്ചിരുന്നു എന്നാണു പറയുന്നത്. ആരോഗ്യ പ്രവർത്തകർ ആരുമായും ഇവർ സംസാരിച്ചിരുന്നില്ല.

സംസ്ഥാനത്ത് ഇതിനു മുൻപും ഇത്തരത്തിലുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് പ്രസവത്തിനിടെ മരിച്ച ഒരു യുവതിക്കും നൽകിയത് അക്യുപങ്ചർ ചികിത്സയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നതാണ്. ഇവരുടെ ആദ്യ പ്രസവങ്ങൾ സിസേറിയനായിരുന്നു. അതിനാൽ തന്നെ ഈ പ്രസവവും നിർബന്ധമായും ആശുപത്രിയിൽ തന്നെ വേണമെന്നു ആരോഗ്യ വിദഗ്ധർ വീട്ടിലെത്തി നിർദേശിച്ചിട്ടും ഭർത്താവ് സമ്മതിച്ചില്ലത്രേ. ആശുപത്രിയിൽ കൊണ്ടുപോകണം, ചികിത്സ നൽകണം എന്നു നിർദേശിച്ച പ്രദേശവാസികളോട് ഭർത്താവ് വളരെ മോശമായി പെരുമാറിയെന്നും അന്ന് ആരോപണമുയർന്നിരുന്നു. അക്യുപങ്ചർ ചികിത്സ മതിയെന്നും പ്രസവം വീട്ടിൽ തന്നെയാവണമെന്നും അയാൾ നിർബന്ധം പിടിച്ചു. വീട്ടിൽ പ്രസവത്തിനു ശ്രമിക്കുമ്പോൾ അമിത രക്തസ്രാവമുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. എന്നാൽ, നവജാത ശിശുവും യുവതിയും ചികിത്സ സാധ്യമാകും മുൻപേ മരിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിൽ തന്നെ തിരൂരിൽ അക്യുപങ്ചർ ചികിത്സയിലൂടെ പ്രസവം നടത്തിയപ്പോൾ നവജാത ശിശു മരിച്ച സംഭവം വിവാദം ഉയർത്തിയിരുന്നതാണ്. അവിടെയും ആദ്യ മൂന്നു പ്രസവവും സിസേറിയനായിരുന്ന യുവതിക്കാണ് നാലാം പ്രസവത്തിന് അക്യുപങ്ചർ ചികിത്സയാക്കിയത്. മെഡിക്കൽ സംഘം പലവട്ടം വീട്ടിലെത്തി ബോധവത്കരണം നടത്തിയിട്ടും ഇവർ പിന്മാറിയില്ല. വീട്ടിൽ തന്നെ പ്രസവം നടത്തിയപ്പോഴാണു കുട്ടി മരിച്ചത്. ചാലക്കുടി മേലൂർ കരുവാപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന ഒഡീഷ സ്വദേശിയുടെ ഭാര്യ സ്വയം പ്രസവമെടുത്ത് പൊക്കിൾക്കൊടി മുറിച്ചതിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവമുണ്ടായത് ഏതാനും മാസങ്ങൾ മുൻപാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് ഏതാണ്ട് മൂവായിരത്തോളം പ്രസവങ്ങൾ വീട്ടിൽ നടന്നിട്ടുണ്ടെന്നാണു പറയുന്നത്. ഇതിൽ തന്നെ 1,300ൽ ഏറെ പ്രസവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മലപ്പുറം ജില്ലയിലാണെന്നും പറയുന്നുണ്ട്. വീട്ടിലെ പ്രസവത്തിനെതിരേ ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാവുന്നില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. വീട്ടുപ്രസവങ്ങൾ നടത്തിക്കൊടുക്കുന്ന രഹസ്യ കേന്ദ്രങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന, രോ​ഗ​പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന സംഘങ്ങൾ സംസ്ഥാനത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതു കണ്ടെത്തി കർശനമായി തടയാൻ സർക്കാർ സംവിധാനങ്ങൾക്കു കഴിയണം. ഗർഭിണികൾക്ക് ആവശ്യമായ ചികിത്സയും പരിചരണവും നൽകുന്നതിൽ മാതൃക കാണിക്കുന്ന സംസ്ഥാനം എന്ന സത്പേര് നമുക്കു നിലനിർത്തുക തന്നെ വേണം.

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ബോയ്സ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ