സമയപരിധിയില്ല, പക്ഷേ, തടഞ്ഞുവയ്ക്കരുത്
രാജ്യം പ്രത്യേക താത്പര്യത്തോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ തീർപ്പുണ്ടായിരിക്കുന്നു. സംസ്ഥാന സർക്കാരുകൾ നിയമസഭയിൽ പാസാക്കിയെടുക്കുന്ന ബില്ലുകൾ ഗവർണർമാർ പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണിത്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നു എന്ന ആക്ഷേപം കഴിഞ്ഞ വർഷങ്ങളിലെല്ലാം ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിനു വേണ്ടി രാഷ്ട്രീയ താത്പര്യത്തോടെ ഗവർണർമാർ പ്രവർത്തിക്കുന്നു എന്നതാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണവും.
ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതിനെതിരേ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിക്കുകയുമുണ്ടായി. തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിൽ കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഗവർണർക്കു സമയപരിധി വച്ചുകൊണ്ട് ഉത്തരവിടുകയുമുണ്ടായി. ഈ ഉത്തരവ് രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി വയ്ക്കാനാവുമോ എന്ന സംശയം പലരും ഉന്നയിച്ചു. അതിനിപ്പോൾ സുപ്രീം കോടതി തന്നെ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്. അതിന്‍റെ അന്തഃസത്ത എല്ലാവരും ഉൾക്കൊള്ളുക എന്നതാണ് ജനാധിപത്യം കരുത്തോടെ നിലനിൽക്കുന്നതിന് അനിവാര്യമായിട്ടുള്ളത്.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ പരമാവധി മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങിയ ബെഞ്ച് ഏപ്രിലിൽ വിധിച്ചത്. തിരിച്ചയച്ച ബിൽ നിയമസഭ പാസാക്കി വീണ്ടും നൽകിയാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ആ ബെഞ്ച് നിർദേശിച്ചിരുന്നു. സമയപരിധി പിന്നിട്ടാൽ ബില്ലുകൾ സ്വയമേവാ നിയമമാവുമെന്നും ഇവരുടെ വിധിയിൽ പറയുന്നുണ്ട്. തമിഴ്നാട്ടിൽ ഗവർണർ തടഞ്ഞുവച്ച 10 ബില്ലുകളും പാസാക്കിയതായി കണക്കാക്കുമെന്നും അന്നു കോടതി പറഞ്ഞു. ബില്ലുകൾ അനിശ്ചിത കാലത്തേക്കു തടഞ്ഞുവയ്ക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നു നിരീക്ഷിച്ചാണ് കോടതിയുടെ അന്നത്തെ ഉത്തരവ്. ബില്ലുകൾ പിടിച്ചുവയ്ക്കാനുള്ള ഒരധികാരവും ഭരണഘടന ഗവർണർമാർക്കു നൽകിയിട്ടില്ലെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഗവർണർ സർക്കാരിന്‍റെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കേണ്ടതാണെന്നും ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഭരണസംവിധാനത്തിനു തടസം സൃഷ്ടിക്കുകയാണെന്നും ഗവർണർമാർ വഴിമുടക്കികളാവരുതെന്നും കോടതി അന്നത്തെ വിധിയിൽ പറഞ്ഞു.
ഇതേത്തുടർന്ന് ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് എങ്ങനെ നിശ്ചയിക്കാനാവുമെന്ന കാര്യത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതിയോടു വ്യക്തത തേടുകയുണ്ടായി. കോടതി വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിലാണു പ്രത്യേക അവകാശം ഉപയോഗിച്ചു നൽകിയ പ്രസിഡൻഷ്യൽ റഫറൻസിൽ രാഷ്ട്രപതി വ്യക്തത തേടിയത്. അതിന്മേലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ ഏകകണ്ഠമായ ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിൽ പറയുന്നത് ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനു ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാവില്ലെന്നു തന്നെയാണ്. നിശ്ചിത സമയപരിധി കഴിഞ്ഞാൽ ബില്ലിനു സ്വയമേവാ അനുമതി ലഭിച്ചതായി കണക്കാക്കുന്നതും ഭരണഘടനാ ബെഞ്ച് തടഞ്ഞിരിക്കുകയാണ്. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് ഇതു വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗവർണർ തന്‍റെ അധികാരം ഉപയോഗിക്കുന്നതിന് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കോടതിയും അതു നിശ്ചയിക്കുന്നത് ഉചിതമല്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് വ്യക്തമാക്കുന്നുണ്ട്.
അതേസമയം തന്നെ, ഗവർണർമാർക്ക് ബില്ലുകളുടെ മുകളിൽ അടയിരിക്കാനാവില്ല എന്നും കോടതി പറയുന്നുണ്ട്. ന്യായമായ സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണു കോടതിയുടെ നിർദേശം. പരിഗണനയ്ക്കു വരുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നത് ഗവർണർ നീട്ടിക്കൊണ്ടുപോകുകയോ അകാരണമായി വച്ചുതാമസിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ ന്യായമായ ഒരു സമയപരിധിക്കുള്ളില്‍ ഭരണഘടനാപരമായ ചുമതല നിറവേറ്റാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കാന്‍ കോടതിക്ക് പരിമിതമായ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്നും അത്തരം നിര്‍ദേശങ്ങള്‍ നല്‍കുമ്പോൾ ഗവര്‍ണറുടെ നിലപാടിന്‍റെ ന്യായാന്യായങ്ങളെക്കുറിച്ചു പരാമര്‍ശങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണര്‍മാരെ വ്യക്തിപരമായി കോടതികളിലേക്കു വലിച്ചിഴയ്ക്കുന്നതിന് ഭരണഘടനാപരമായ വിലക്കുണ്ട്. എന്നാല്‍ ചുമതല നിറവേറ്റുന്നതില്‍ നിന്ന് ഗവര്‍ണര്‍മാര്‍ വിട്ടുനിന്നാല്‍ അതില്‍ ഇടപെടാന്‍ കോടതിക്ക് നിയന്ത്രിത അധികാരവുമുണ്ട്. ഗവര്‍ണര്‍ക്ക് നിയമ നടപടികളില്‍ നിന്ന് വ്യക്തിപരമായ പരിരക്ഷയുണ്ടെങ്കിലും ഗവര്‍ണര്‍ എന്ന ഭരണഘടനാ സ്ഥാപനം സുപ്രീം കോടതിയുടെ അധികാരപരിധിക്കു വിധേയമാണ്- കോടതി വിശദീകരിക്കുന്നു.
ബില്ലിന് അംഗീകാരം നൽകുക, രാഷ്ട്രപതിക്കു വിടുക, നിയമസഭയിലേക്കു തിരിച്ചയക്കുക എന്നീ മൂന്നു സാധ്യതകളിലൊന്ന് വച്ചുതാമസിപ്പിക്കാതെ ഗവർണർ നിറവേറ്റുന്നതു തന്നെയാണ് ജനാധിപത്യത്തിന്‍റെ കരുത്ത്. ആശയവിനിമയത്തിലൂടെയും ചർച്ചകളിലൂടെയും പ്രശ്നത്തിനു പരിഹാരം കാണുകയാണു വേണ്ടത്. ഒരു തീരുമാനവുമെടുക്കാതെ ബില്ലുകൾ പിടിച്ചുവച്ച് സംസ്ഥാന സർക്കാരുകളെ വട്ടം ചുറ്റിക്കുന്നത് ഒഴിവാകേണ്ടതു തന്നെയാണ്. സർക്കാരും ഗവർണറും ഐക്യത്തിലായിരിക്കുക എന്നതാണു ഭരണം സുഗമമാവുന്നതിന് ആവശ്യമായിട്ടുള്ളത്. സർക്കാരിനെ ഗവർണറും ഗവർണറെ സർക്കാരും മനസിലാക്കുകയും ശത്രുവായി കാണാതിരിക്കുകയും വേണം. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുന്നതും ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുന്നതും ഇന്ത്യൻ ജനാധിപത്യത്തിന് അനിവാര്യമാണ്.