വയനാട്ടിലെ ദുരന്തം അനാസ്ഥയുടെ ഫലമോ?
വയനാട്ടിലെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത വളരെയേറെയാണ്. അതു മുൻകൂട്ടിക്കണ്ട് ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളെടുക്കുന്നതു സർക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്. അപകടകരമാണ് എന്നു തോന്നിപ്പിക്കുന്ന സമയത്തു തന്നെ ആ അപകടം ഒഴിവാക്കാനുള്ള നടപടിയും എടുക്കുക എന്നത് ഇത്തരം സാഹചര്യങ്ങളിൽ അനിവാര്യമാണെന്നു തെളിയിക്കുകയാണ് ഇന്നലെയുണ്ടായ വലിയ ദുരന്തം.
വയനാട്ടിലെ കള്ളാടിയിൽ അതിതീവ്ര മഴയ്ക്കിടെ തുരങ്ക പാതയുടെ നിർമാണം നടക്കുന്നതിനു സമീപം മണ്ണിടിഞ്ഞ് മനുഷ്യ ജീവനുകൾ നഷ്ടപ്പെടാനിടയാക്കിയ അതീവ ദുഃഖകരമായ സംഭവം ഉത്തരവാദപ്പെട്ടവർ വേണ്ടവിധം പ്രവർത്തിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാനാവുമായിരുന്നു എന്നാണു കരുതേണ്ടത്. തുരങ്ക പാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപം വലിയ തോതിൽ മണ്ണു കൂട്ടിയിട്ടിരിക്കുകയായിരുന്നു. മഴ കനക്കുമ്പോൾ ഈ മണ്ണ് ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നു നേരത്തേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണത്രേ.
കൂട്ടിയിട്ട മണ്ണ് അവിടെ നിന്നു നീക്കണമെന്നു ജില്ലാ കലക്റ്ററും ദുരന്ത നിവാരണ അഥോറിറ്റിയും കഴിഞ്ഞ മാസം 20ന് ഉത്തരവിറക്കിയതുമാണ്. പക്ഷേ, കരാറുകാർ അതു ചെവിക്കൊണ്ടില്ല. കൂട്ടിയിട്ട മണ്ണ് മാറ്റണമെന്നു രണ്ടു തവണ കർശന നിർദേശം നൽകിയെന്നു പൊതുമരാമത്ത് വകുപ്പും പറയുന്നുണ്ട്. ഇവിടെ മണ്ണ് കൂട്ടിയിട്ടിരുന്നതു തന്നെ അശാസ്ത്രീയമായാണെന്നും പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
ചെളി കലർന്ന വ്യത്യസ്തമായ ഘടനയാണ് ഇവിടുത്തെ മണ്ണിനുള്ളത്. കനത്ത മഴയിൽ സോയിൽ പൈപ്പിങ് പോലുള്ള പ്രതിഭാസങ്ങൾ അപകടസാധ്യതയുണ്ടാക്കും. അതുകൊണ്ടു തന്നെ മഴ തുടങ്ങും മുൻപേ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു. പക്ഷേ, കലക്റ്ററുടെ ഉത്തരവും പൊതുമരാമത്തു വകുപ്പിന്‍റെ നിർദേശവുമൊക്കെ അവഗണിക്കപ്പെട്ടു. കലക്റ്ററുടെ ഉത്തരവിറങ്ങി രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും അപകടകരമായ നിലയിലുള്ള മണ്ണു നീക്കിയില്ല എന്നു കണ്ടെത്തി തക്കതായ നടപടിയെടുക്കാനും ഉത്തരവാദപ്പെട്ട ആരും ഉണ്ടായില്ല. ദുരന്തമുണ്ടായ ശേഷം ഞങ്ങൾ പറഞ്ഞതാണ് അവർ ചെയ്തില്ല എന്നു വിലപിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ.
എന്തായാലും ഇതൊരു മനുഷ്യ നിർമിത ദുരന്തം തന്നെയാണ് എന്നുവേണം കരുതാൻ. അതിന് ഉത്തരവാദികളായ എല്ലാവരും ദുരന്ത സാധ്യത അവഗണിച്ചതിനു സമാധാനം പറയേണ്ടതുണ്ട്. അപകടസാധ്യത ഒഴിവാക്കാനുള്ള നിർദേശങ്ങൾ എന്തുകൊണ്ട് അവഗണിക്കപ്പെട്ടുവെന്നു സർക്കാർ പരിശോധിക്കട്ടെ. ഇനിയും ഇത്തരം അനാസ്ഥകൾ ഒഴിവാക്കാനുള്ള ജാഗ്രത ബന്ധപ്പെട്ട എല്ലാവരും പുലർത്തുകയും ചെയ്യട്ടെ.
പരിസ്ഥിതിലോല മേഖലയിലെ തുരങ്ക നിർമാണം അത്രയേറെ ജാഗ്രതയോടെ ചെയ്യേണ്ടതാണ് എന്ന ഓർമ നിർമാണ കമ്പനിക്ക് ഉണ്ടാവേണ്ടതുണ്ട്. തുരങ്ക നിർമാണം എന്നതല്ല ഏതു വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണു നടത്തുന്നതെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കു മുൻഗണന നൽകിയാവണം അത്.
വയനാട്ടിൽ മാത്രമല്ല കേരളത്തിന്‍റെ മലയോര മേഖലകളിൽ പലയിടത്തും മഴക്കാലത്തു പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത നിരന്തരം വിലയിരുത്തേണ്ടതും മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. പ്രത്യേകിച്ചു ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉത്തരവുകൾ ഇറങ്ങിയാൽ പോരാ അതു സമയത്ത് നടപ്പാവുക തന്നെ വേണം.
അതിനു പ്രായോഗികമായ തടസങ്ങൾ ഉണ്ടെങ്കിൽ അവ തരണം ചെയ്യാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. വയനാട് ജില്ലയിൽ മഴ മുന്നറിയിപ്പു നൽകിയതിൽ വീഴ്ച സംഭവിച്ചു എന്ന പരാതിയും ഉയരുന്നുണ്ട്. ജില്ലയിൽ യെല്ലോ അലെർട്ട് മാത്രമാണു പ്രഖ്യാപിച്ചിരുന്നത്. പക്ഷേ, 24 മണിക്കൂറിൽ 265 മില്ലീമീറ്റർ മഴ പെയ്തു. റെഡ് അലെർട്ട് പ്രഖ്യാപിക്കേണ്ട അത്രയും മഴയാണു പെയ്തത്. പക്ഷേ, അപകടമുണ്ടായ ശേഷമാണ് റെഡ് അലെർട്ട് പ്രഖ്യാപിക്കുന്നത് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രണ്ടു വർഷം മുൻപ് ജൂലൈ 30നു പുലർച്ചെയാണു കേരളം നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന് വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളിലുണ്ടായത്. അന്നത്തെ ഉരുൾപൊട്ടൽ ദുരന്തത്തിൽ 298 പേർക്കാണു ജീവൻ നഷ്ടമായത്. നൂറു കണക്കിനു വീടുകളും ആളുകളുമുണ്ടായിരുന്ന ഒരു പ്രദേശത്തെയപ്പാടെ കുത്തിയൊലിച്ചുവന്ന കൂറ്റൻ പാറകളും മരങ്ങളും മണ്ണും തകർത്തു കളഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ടവരും സമ്പാദ്യങ്ങളെല്ലാം ഒലിച്ചുപോയവരും ഇനി എങ്ങനെ ജീവിക്കുമെന്നറിയാതെ പകച്ചു നിന്ന നാളുകളിൽ ഈ നിസഹായരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി.
ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ് നിർമാണം. അവിടെ ആകെ നിർമിക്കുന്ന 410 വീടുകളിൽ 178 വീടുകളാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്. സെപ്റ്റംബറോടെ രണ്ടാം ഘട്ടം വീടുകളും പൂർത്തിയാക്കുക ലക്ഷ്യമിട്ടാണു സർക്കാരിന്‍റെ പ്രവർത്തനങ്ങൾ. അതിനിടെയാണു മറ്റൊരു ദുരന്തം കൂടി വയനാടിനെ കണ്ണീരിലാഴ്ത്തുന്നത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ ചേർത്തു പിടിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനും സർക്കാരിനു കഴിയട്ടെ.