ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപികമാർ നീഷ്മ, കീർത്തന, കാവ്യ.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടു വടകരയിൽ മൂന്ന് അധ്യാപികമാർ അറസ്റ്റിലായത് കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്കൂളുകളുടെ പരിസരത്തുപോലും ലഹരി മാഫിയാ സംഘങ്ങൾക്കു പ്രവർത്തിക്കാൻ കഴിയാത്ത വിധത്തിലുള്ള സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടാവേണ്ടതാണ്. അതിനു വേണ്ടി വർഷങ്ങളായി പലവിധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുമുണ്ട്. ലഹരിവിരുദ്ധ ക്ലബുകൾ രൂപീകരിക്കുകയും ലഹരിയുടെ ദോഷവശങ്ങൾ സംബന്ധിച്ചു ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും സ്കൂൾ പരിസരത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന കർശനമായി നിരോധിക്കുകയും ഒക്കെ ചെയ്തിട്ടുള്ളത് ഇതിന്‍റെ ഭാഗമാണ്. കുട്ടികളുടെ ലഹരി ഉപയോഗം തടയുന്നതിനു പ്രധാന പങ്കു വഹിക്കേണ്ടത് അധ്യാപകരാണുതാനും. ലഹരി ഉപയോഗിക്കുന്നുവെന്നു തോന്നിയാൽ വിദ്യാർഥികളുടെ ബാഗ് അധ്യാപകർക്കു പരിശോധിക്കാമെന്ന് മുൻ സർക്കാരിന്‍റെ കാലത്തു വ്യക്തമാക്കപ്പെടുകയുണ്ടായി.
കുട്ടികൾ നേരായ വഴിയിലാണു പോകുന്നതെന്ന് അധ്യാപകർ ഉറപ്പാക്കുന്നു എന്നതാണ് രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍റെയും പ്രതീക്ഷ. അതു തകർക്കപ്പെട്ടാൽ സമൂഹം വലിയൊരു ദുരന്തത്തിലേക്കാണു ചെന്നുചാടുക. അതുകൊണ്ടു തന്നെ അധ്യാപകർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായി എന്നു കേൾക്കുമ്പോൾ വലിയ ആശങ്കയാണ് ഉയരുന്നത്. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്‍ററിലെ (ബിആർസി) മൂന്ന് അധ്യാപികമാരെയാണ് ലഹരി കേസിൽ പൊലീസ് അറസ്റ്റു ചെയ്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷമാണ് ഇവർ ക്ലാസുകളെടുത്തിരുന്നതും കുട്ടികളുമായി സംവദിച്ചിരുന്നതും എന്ന് അന്വേഷണത്തിൽ അറിവായിട്ടുണ്ടത്രേ. ഇരുപത്തെട്ടും ഇരുപത്തൊമ്പതും മുപ്പത്തൊന്നും വയസ് മാത്രമാണ് ഇവരുടെ പ്രായം. ഇവർ എംഡിഎംഎ ഉപയോഗിക്കുന്നവരും ലഹരി ഇടപാടിലെ ഇടനിലക്കാരുമായിരുന്നു പൊലീസ് വ്യക്തമാക്കുന്നുണ്ട്. സ്വാഭാവികമായും ഇവർക്കു വൻ തുക ലഹരി ഇടപാടുകളിലൂടെ ലഭിച്ചിട്ടുണ്ടാവണം. ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയിട്ടുണ്ടെന്നു പൊലീസ് പറയുന്നുമുണ്ട്. ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നതത്രേ. ഇടപാടുകാർ ഉപയോക്താക്കൾക്ക് ആദ്യം ക്യുആർ കോഡ് അയച്ചുനൽകും. ഇതുപയോഗിച്ചു പണം നൽകുന്നവർക്കാണു ലഹരിമരുന്ന് എത്തിച്ചിരുന്നത്. അറസ്റ്റിലായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണു പണം കൈമാറിയിരുന്നത്. ഒരു അക്കൗണ്ടിലേക്കു വലിയ തുക വന്നാൽ ശ്രദ്ധിക്കപ്പെടുമെന്നതിനാൽ മൂന്ന് അക്കൗണ്ടുകളിലൂടെയായിരുന്നു ഇടപാട്.
കേസിൽ കൂടുതൽ പേർക്കു പങ്കുണ്ടെന്നും അതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. ഇതേ കേസുമായി ബന്ധപ്പെട്ട് ഡെലിവറി ബോയ് ആയി പ്രവർത്തിക്കുന്ന ഒരു യുവാവു കൂടി പിടിയിലായിട്ടുണ്ട്. ഇയാൾ മാത്രം ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകൾ നടത്തിയെന്നാണു കണ്ടെത്തിയിരിക്കുന്നത്. ചില പ്രതികൾ വിദേശ നമ്പരുകളിൽ ബന്ധപ്പെട്ടതായും സൂചനയുണ്ടത്രേ. എന്തായാലും ഇപ്പോൾ പിടിയിലായിട്ടുള്ളവർ വലിയൊരു ശൃംഖലയുടെ ഭാഗമാണോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടു തന്നെ അന്വേഷണം കാര്യക്ഷമമായി നടക്കേണ്ടതുണ്ട്. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ട് അടക്കം സാമ്പത്തിക സ്രോതസുകൾ വിശദമായി പരിശോധിക്കുകയാണ്. ഇതിലൂടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുമെന്നാണു കരുതേണ്ടത്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി രണ്ട് ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ വടകര സ്വദേശി സഫ്‌വാനെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകരിലേക്ക് അന്വേഷണമെത്തിയത്. ഇരുവരുടെ ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നു ബിആർസി കേന്ദ്രങ്ങൾ പറയുന്നുണ്ട്. ഇവരിൽ ഒരാൾ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. ലഹരിവിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമായി കുട്ടികൾക്കു സൂംബാ പരിശീലനമൊക്കെ നൽകിയിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന മയക്കുമരുന്നു പരിശോധനകൾ ഫലപ്രദമാവുന്നുണ്ട് എന്നാണ് അധ്യാപികമാരുടെ അറസ്റ്റ് പോലുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. ഇതുപോലെ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ വരെ മയക്കുമരുന്നു ലോബികളുടെ താവളങ്ങൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടാവാം. പൊതുസമൂഹത്തിന്‍റെ കൂടി പിന്തുണയോടെ വേണം അതൊക്കെ കണ്ടെത്തി പുറത്തുകൊണ്ടുവരുന്നതിന്. മയക്കുമരുന്നിന്‍റെ നീരാളിപ്പിടുത്തത്തിൽ നിന്ന് നാടിനെയാകെ രക്ഷിക്കേണ്ടത് നമ്മുടെ അടിയന്തര ആവശ്യമാണല്ലോ. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ എണ്ണായിരത്തിലേറെ കേസുകളാണ് എടുത്തിട്ടുള്ളത്. എണ്ണായിരത്തിലേറെ അറസ്റ്റുകളും നടന്നിട്ടുണ്ട്. വലിയ തോതിൽ എംഡിഎംഎയും കഞ്ചാവും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം കേരള പൊലീസ് ബോധവത്കരണ ക്ലാസുകളും കൗണ്‍സിലിങ്ങുകളും നടത്തുന്നു. സ്കൂള്‍, കോളെജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാം ലഹരി മാഫിയയുടെ വേരറുക്കുന്നതിന് സഹായിക്കട്ടെ.