.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
എസ്.പി. വെങ്കടേഷ്
file photo
നമ്മുടെ ചലച്ചിത്രഗാന ശാഖയെ സമ്പന്നമാക്കിയ നിരവധി പ്രതിഭാധനൻമാരുണ്ട്. ഇതര നാടുകളിൽ നിന്നുവന്ന് മലയാളത്തിന്‍റെ ആത്മാവു തൊട്ടറിഞ്ഞവരും അവരിൽ ഉൾപ്പെടുന്നു. സാഹിത്യത്തെയും സംഗീതത്തെയും ഏറ്റവും മനോഹരമായി കോർത്തിണക്കി അവർ മലയാളികൾക്കു നൽകിയിരിക്കുന്ന എത്രയെത്ര ഗാനങ്ങളാണ് വർഷങ്ങൾക്കു ശേഷവും ഒരു തരി പോലും തിളക്കം നഷ്ടപ്പെടാതെ നിലനിൽക്കുന്നത്. തമിഴ്നാട്ടിൽ നിന്നു വന്ന് കേരളക്കരയുടെ മനസു കീഴടക്കിയ അത്തരത്തിലൊരു സംഗീത സംവിധായകനാണ് എസ്.പി. വെങ്കടേഷ്.
അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള ദേഹവിയോഗം അതുകൊണ്ടു തന്നെ നമ്മെ ദുഃഖിതരാക്കുന്നു. അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച എത്രയെത്ര ഗാനങ്ങളാണ് മായാത്ത വസന്തമായി നമ്മുടെ ഓർമകളിൽ നിലനിൽക്കുന്നത്. തലമുറകൾ മാറിയാലും ആ ഓർമകൾക്കു മരണമുണ്ടാവില്ല എന്നുതന്നെ പറയണം.
എൺപതുകളിലും തൊണ്ണൂറുകളിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ സംഭാവന ചെയ്ത അദ്ദേഹം പശ്ചാത്തല സംഗീതത്തിലും അപാരമായ മികവു കാണിച്ചിരുന്നു. സംഗീതത്തിന്‍റെ രാജാവ് എന്ന വിശേഷണം തികച്ചും അർഹതപ്പെട്ട സംഗീത സംവിധായകൻ. ഓരോ ഗാനത്തിലും സംഗീതത്തിന്‍റെ വൈവിധ്യം കൊണ്ടുവരുന്നതിൽ അതിശയകരമായ കഴിവു പ്രകടിപ്പിച്ച മായാജാലക്കാരനായി വെങ്കടേഷിനെ നമുക്കു കാണാനാവും.
അസൂയപ്പെടുത്തുന്ന റേഞ്ച് എന്നു തന്നെ പറയാം. തൊട്ടതെന്തും ഹിറ്റാക്കാനുള്ള വൈദഗ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹം ഏറ്റവും കൂടുതൽ ഈണമൊരുക്കിയതു മലയാളത്തിനു വേണ്ടിയായിരുന്നു. ആത്മാവുള്ള മെലഡികളും പിടിച്ചിരുത്തുന്ന ബാക്ക് ഗ്രൗണ്ട് സ്കോറുകളും കൊണ്ട് ചലച്ചിത്ര പ്രേമികളെ അദ്ദേഹം കൈയിലെടുത്തു. ഏതു ഭാവത്തിനൊത്ത ബിജിഎം ഒരുക്കാനും അദ്ദേഹത്തിന് അനായാസം സാധിക്കുമായിരുന്നു.
രാജാവിന്‍റെ മകൻ, കിലുക്കം, മിന്നാരം, സ്ഫടികം, ധ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്ലർ തുടങ്ങി നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങളുണ്ട് വെങ്കടേഷിനെ മുൻനിര സംഗീത സംവിധായകനായി അടയാളപ്പെടുത്താൻ. വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ..., കിലുകിൽ പമ്പരം..., നിലാവേ മായുമോ..., ഏഴിമല പൂഞ്ചോല..., തളിർവെറ്റിലയുണ്ടോ..., കനക നിലാവേ..., ശാന്തമീ രാത്രിയിൽ..., നീയുറങ്ങിയോ നിലാവേ... എന്നിങ്ങനെ സംഗീത പ്രേമികളുടെ നാവിൽ തത്തിക്കളിക്കുന്ന എത്രയെത്ര ഗാനങ്ങൾ.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം പറയുമ്പോൾ അദ്ദേഹത്തെ അവഗണിച്ചു മുന്നോട്ടുപോകാനാവില്ല. നാലു പതിറ്റാണ്ടു പഴക്കമുള്ള അദ്ദേഹത്തിന്‍റെ ഗാനം ഇന്നും നിരവധിയാളുകളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനമായി തുടരുന്നുവെന്നത് എങ്ങനെ ചെറുതായി കാണാനാണ്. തമ്പി കണ്ണന്താനത്തിന്‍റെ സൂപ്പർ ഹിറ്റായ മോഹൻലാൽ ചിത്രം "രാജാവിന്‍റെ മകൻ' പുറത്തിറങ്ങുന്നത് 1986ൽ ആണ്.
ആ ചിത്രത്തിലേതാണല്ലോ "വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ' എന്ന ഗാനം. ഈ ഗാനത്തിലൂടെ വെങ്കടേഷിനു കിട്ടിയ ജനകീയ അംഗീകാരം പിന്നീട് അദ്ദേഹം കൈവിട്ടില്ല. നൂറ്റമ്പതിലേറെ മലയാള സിനിമകളുടെ ഭാഗമാവാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ഭാഷകളിലായി അഞ്ഞൂറിലേറെ ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.
മാൻഡലിൻ വാദകനായ പഴനിയുടെ പുത്രനായി 1955 മാർച്ച് അഞ്ചിനു ജനിച്ച വെങ്കടേഷ് സംഗീത സംവിധായകൻ വിജയ് ഭാസ്കറിനൊപ്പം ഗിത്താർ വായിച്ചാണ് 1971ൽ സിനിമയിൽ തുടക്കമിടുന്നത്. പലർക്കുമൊപ്പം അസിസ്റ്റന്‍റ് മ്യൂസിക് ഡയറക്റ്ററായി പ്രവർത്തിച്ച ശേഷമാണു സംഗീത സംവിധായകൻ എന്ന നിലയിൽ ഉറയ്ക്കുന്നത്.
പൈതൃകം, ജനം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് 1993ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും വെങ്കടേഷിനു ലഭിച്ചിട്ടുണ്ട്. സംഗീതത്തെക്കുറിച്ച് അഗാധമായ അറിവുണ്ടായിരിക്കുമ്പോഴും ലാളിത്യം കൈവിട്ടിരുന്നില്ല അദ്ദേഹം എന്നാണ് ഒപ്പം പ്രവർത്തിച്ചിട്ടുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. നിരവധി മലയാള സിനിമകളുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ ഓരോ സംഭാവനകളും സാംസ്കാരിക കേരളം നന്ദിയോടെ ഓർക്കും.