ടോൾ ബൂത്തുകളില്ലാതെ ടോൾ പിരിവ്
രാജ്യത്തെ ഹൈവേകളിലെ ടോൾ പിരിവ് കൂടുതൽ ഹൈടെക് ആവുകയാണ്. ഫാസ് ടാഗും ടോൾ പ്ലാസകളും ഇല്ലാതാകുന്നു. വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്നതിനുള്ള ടോൾ പ്ലാസകളിലെ കാത്തിരിപ്പ് പൂർണമായി ഒഴിവാകുന്നു എന്നതു യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണു നൽകുക. നേരത്തേ ഫാസ് ടാഗ് ഏർപ്പെടുത്തിയപ്പോൾ കാത്തിരിപ്പിൽ വലിയ കുറവുണ്ടായി. അപ്പോഴും സമയനഷ്ടം പൂർണമായി ഒഴിവായിട്ടില്ല.
പലപ്പോഴും പലയിടത്തും ടോൾ പ്ലാസകളിലെ തിരക്ക് വാഹനങ്ങളുടെ നീണ്ട നിരകൾ സൃഷ്ടിക്കാറുണ്ട്. ഇതുണ്ടാക്കുന്ന ട്രാഫിക് ബ്ലോക്കുകൾ ഏറെ സമയം നഷ്ടപ്പെടുത്തുന്നതും പതിവാണ്. അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രയിലാകും പ്ലാസയുടെ ഇരു ഭാഗത്തും നിരവധി വാഹനങ്ങൾ കാത്തുകിടക്കുന്നതു കാണേണ്ടിവരുന്നത്. ഇത്തരത്തിലുള്ള ഗതാഗതക്കുരുക്കു പരിഹരിക്കാനായാണ് നാഷണൽ ഹൈവേസ് അഥോറിറ്റി ഒഫ് ഇന്ത്യ ഫാസ് ടാഗ് സംവിധാനം കൊണ്ടുവന്നത്. എന്നാലും ചില അവസരങ്ങളിൽ തിരക്കു വർധിക്കുകയാണ്. ടോൾ പ്ലാസകളേ ഇല്ലാതാവുന്നതോടെ ഈ പ്രശ്നത്തിനു പൂർണ പരിഹാരമാവും.
കേന്ദ്ര സർക്കാരിന്‍റെ പുതിയ ടോൾ നയം 15 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. ഈ നയം നടപ്പാക്കുന്നതോടെ ടോൾ പ്ലാസകൾ ഇല്ലാതാവും. പുതിയ സംവിധാനത്തിൽ ടോൾ ബൂത്തുകളുടെ ആവശ്യമേയില്ല. ഹൈവേയിൽ ഇറങ്ങുന്ന വാഹനങ്ങളിൽ നിന്ന് ഉപഗ്രഹ ട്രാക്കിങ്ങിലൂടെ ഓട്ടൊമാറ്റിക്കായി വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നു ടോൾ പിടിക്കും. പുതിയ ട്രാക്കിങ് സാങ്കേതിക വിദ്യ അങ്ങനെ സുഗമമായ യാത്ര ഉറപ്പാക്കും.
ദേശീയ പാതകളിൽ സമയലാഭം മാത്രമല്ല ഇന്ധനലാഭവും ഇതുവഴിയുണ്ടാവും. ടോൾ നിരക്കുകളെ ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിപ്പിക്കാനും പുതിയ സംവിധാനം ഉപകരിക്കുമെന്നാണ് ഗഡ്കരി അവകാശപ്പെടുന്നത്. നിലവിലുള്ള ഫാസ് ടാഗ് സംവിധാനത്തെക്കാൾ സാങ്കേതികമായി ഏറെ മെച്ചപ്പെട്ട ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റ (ജിഎൻഎസ്എസ്)മാണ് ഈ ടോൾ പിരിവിനു സഹായിക്കുക. ഏപ്രിൽ ഒന്നിനു തന്നെ ഈ സംവിധാനം ആരംഭിക്കാനിരുന്നതാണ്. അൽപ്പം കാലതാമസമുണ്ടാവുന്നു എന്നേയുള്ളൂ. ആദ്യ ഘട്ടത്തിൽ എവിടെയൊക്കെയാണ് ഇതു നടപ്പാവുകയെന്നു വ്യക്തമായിട്ടില്ല. എന്തായാലും വൈകാതെ തന്നെ രാജ്യം മുഴുവൻ ഈ സംവിധാനത്തിലേക്കു മാറുമെന്നാണു കരുതുന്നത്.
ഹൈവേകളിൽ എത്ര ദൂരം സഞ്ചരിച്ചുവെന്നു കണക്കാക്കിയല്ല ടോൾ ബൂത്തുകളിൽ ടോൾ പിരിക്കുന്നത്. എന്നാൽ, ബൂത്തില്ലാതെ ടോൾ പിരിക്കുമ്പോൾ അതു സഞ്ചരിച്ച ദൂരം അടിസ്ഥാനമാക്കിയാവും. ഉപയോഗത്തിന് അനുസരിച്ച് ടോൾ പിരിക്കുകയാണെങ്കിൽ അതു കൂടുതൽ ന്യായയുക്തമാവും. നിലവിൽ ഹൈവേയുടെ ടോൾ ബൂത്തുകൾ ഇല്ലാത്ത ഭാഗത്തുമാത്രം യാത്ര ചെയ്താൽ ടോൾ നൽകേണ്ടിവരില്ല. അത്തരത്തിൽ ടോളിൽ നിന്ന് യാത്രക്കാർ ഒഴിവാകുന്നതും പുതിയ സംവിധാനത്തിൽ ഇല്ലാതാവും.
അതായത് അധിക ചാർജ് ഈടാക്കുന്നതും ടോളിൽ നിന്ന് ഒഴിവാകുന്നതും ഒരേസമയം അവസാനിപ്പിക്കുകയാണു പുതിയ സംവിധാനം. ചില ദേശീയ പാതകളിൽ ഇപ്പോൾ ജിഎൻഎസ്എസ് സംവിധാനത്തിന്‍റെ പരീക്ഷണം നടക്കുന്നുണ്ട്. ഇപ്പോൾ ദേശീയപാതാ അഥോറിറ്റിയുടെ ടോൾ വരുമാനം 55,000 കോടി രൂപയാണ്. രണ്ടുവർഷത്തിനകം അത് 1.40 ലക്ഷം കോടി രൂപയായി മാറുമെന്നാണു ഗഡ്കരി പറയുന്നത്.
രാജ്യത്തെ ഗതാഗത മേഖലയുടെ മുഖച്ഛായ മാറ്റുന്നതിനു നിരവധി പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കി വരുന്നുണ്ട് നിതിൻ ഗഡ്കരി. കേരളത്തിൽ അടക്കം ദേശീയ പാതകളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അതിന് ഉദാഹരണമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ദേശീയപാതാ ശൃംഖലയിൽ 60 ശതമാനം വളർച്ചയുണ്ടായിട്ടുണ്ടെന്നാണു കണക്ക്. റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2014ൽ 91,287 കിലോമീറ്റർ ദേശീയ പാതയാണ് രാജ്യത്തുണ്ടായിരുന്നത്.
2024ൽ അത് 1,46,195 കിലോമീറ്ററായിരിക്കുന്നു. അതിവേഗ കൊറിഡോറുകൾ 93 കിലോമീറ്ററിൽ നിന്ന് 2,474 കിലോമീറ്ററായിട്ടുണ്ട്. രാജ്യത്തെ റോഡ് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിലുണ്ടായ ഈ പുരോഗതി എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. അടുത്ത രണ്ടു വർഷം കൊണ്ട് ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമെരിക്കയെക്കാൾ മെച്ചപ്പെട്ടതാകുമെന്നാണ് ഗഡ്കരി അവകാശപ്പെടുന്നത്. ഏറ്റവും മികച്ച റോഡ് ശൃംഖല സൃഷ്ടിക്കുന്നതിനൊപ്പം പ്രധാനമാണ് ടോൾ ബൂത്തുകൾ ഒഴിവാക്കുന്നതുപോലെയുള്ള സാങ്കേതിക വിദ്യാ മുന്നേറ്റവും.