കരുത്തു കൂട്ടി എന്‍ഡിഎ
കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ ദേശീയ രാഷ്‌ട്രീയത്തിലുണ്ടായിരിക്കുന്നതു ശ്രദ്ധേയമായ മാറ്റമാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ കൂടുതൽ കരുത്താർജിക്കുകയും കോൺഗ്രസ് അടങ്ങുന്ന "ഇന്ത്യ' സഖ്യം ദുർബലമാവുകയും ചെയ്തിരിക്കുന്നു. പശ്ചിമ ബംഗാൾ പോലൊരു വലിയ സംസ്ഥാനം ഒപ്പമായി എന്നത് ബിജെപിയുടെ വരുംകാല രാഷ്‌ട്രീയത്തിനു കരുത്തു പകരാൻ ഉപകരിക്കുന്നതാണ്. അതേസമയം, തമിഴ്നാട്ടിലെ ഡിഎംകെ മുന്നണിയുടെ പരാജയം ഇന്ത്യ സഖ്യത്തിൽ ഭിന്നിപ്പിനു കാരണമാവുകയും ചെയ്തു. തമിഴ്നാട് നിയമസഭയിലെ കോൺഗ്രസിന്‍റെ അഞ്ചംഗങ്ങളും വിജയ്‌യുടെ മന്ത്രിസഭയ്ക്കു പിന്തുണ പ്രഖ്യാപിച്ചതോടെ ഡിഎംകെ ഇടയുകയാണുണ്ടായത്. കോൺഗ്രസ് പിന്നിൽ നിന്നു കുത്തി എന്നായിരുന്നു ഡിഎംകെയുടെ പരാതി. ഇന്ത്യ ബ്ലോക്കിൽ നിന്ന് അകന്ന് ലോക്സഭയിൽ പ്രത്യേകം ഇരിപ്പിടം വേണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
22 ലോക്സഭാ എംപിമാരുള്ള ഡിഎംകെ ഇന്ത്യ മുന്നണിയുടെ പ്രധാന കക്ഷി തന്നെയായിരുന്നു ഇതുവരെ. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയിൽ തന്നെ ഡിഎംകെ തുടരുമെന്ന് പി. ചിദംബരത്തെപ്പോലുള്ള നേതാക്കൾ അവകാശപ്പെടുമ്പോഴും അതെല്ലാം കണ്ടറിയണം എന്നതാണവസ്ഥ. ഇടയ്ക്കു മുന്നണി ബന്ധം മുറിയുകയുണ്ടായെങ്കിലും യുപിഎ ചട്ടക്കൂടിൽ 2004ൽ തുടങ്ങിയതാണ് കോൺഗ്രസ്- ഡിഎംകെ ബന്ധം. ആ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റും അവരുടെ മുന്നണി നേടി. ഡിഎംകെയ്ക്ക് 15, കോൺഗ്രസിന് 9, പിഎംകെ 5, എംഡിഎംകെ 4, സിപിഐയും സിപിഎമ്മും രണ്ടു വീതം സീറ്റുകൾ അന്നുണ്ടായിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി അധികാരത്തിലെത്തിയപ്പോൾ 48 സീറ്റിൽ മത്സരിച്ച കോൺഗ്രസിനു 34ലും വിജയം നേടാനായി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച് സംസ്ഥാനത്തെ 28 സീറ്റിൽ മുന്നണി വിജയം നേടി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയാണ് അധികാരത്തിലെത്തിയത്.
ശ്രീലങ്കൻ തമിഴ് പ്രശ്നത്തിൽ ഉടക്കിയ ഡിഎംകെ 2013 മാർച്ചിൽ യുപിഎ സഖ്യം വിട്ടു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു കക്ഷികളും വേറിട്ടാണു മത്സരിച്ചത്. 2016ൽ വീണ്ടും പുനരാരംഭിച്ച സഖ്യം ഇതുവരെ തുടർന്നു. സിപിഐയും സിപിഎമ്മും വിജയ്‌യുടെ സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകുന്നുണ്ടെങ്കിലും ഡിഎംകെയുടെ മുന്നണിയിൽ തുടരുമെന്നാണു പറയുന്നത്. രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ച് ബിജെപിയുടെ "പിൻവാതിൽ ഭരണം' ഒഴിവാക്കാനാണ് പുതിയ സർക്കാരിനു പിന്തുണയെന്ന് അവർ പറയുന്നു. തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷ കക്ഷിയാണ് ഡിഎംകെ ഇപ്പോൾ. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരേസമയം നിൽക്കുന്നതെങ്ങനെ എന്ന വിഷയം ഇടതുപക്ഷത്തിനു മുന്നിൽ ഭാവിയിൽ ഉയർന്നു വരാം. അണ്ണാ ഡിഎംകെയിലുണ്ടായ പിളർപ്പും ശ്രദ്ധേയമാണ്. ടിവികെയെ പിന്തുണയ്ക്കാൻ അതിൽ ഒരു വിഭാഗം തീരുമാനിച്ചു എന്നത് ആ പാർട്ടിക്കുണ്ടാക്കുന്ന ക്ഷീണം ഒട്ടും ചെറുതാവില്ല.
മൊത്തം 42 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണു പശ്ചിമ ബംഗാൾ. അവിടെ 15 വർഷത്തെ തൃണമുൽ ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തിയിരിക്കുന്നതു മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമുൽ കോൺഗ്രസ് 29 സീറ്റും ബിജെപി 12 സീറ്റും കോൺഗ്രസ് ഒരു സീറ്റുമാണ് സംസ്ഥാനത്തു നേടിയിരുന്നത്. സംസ്ഥാന ഭരണം കിട്ടിയതോടെ അടുത്ത തവണ കൂടുതൽ സീറ്റുകൾ നേടാനുള്ള സാധ്യതയുണ്ടാക്കാൻ ബിജെപിക്കു കഴിയും. തൃണമുൽ കോൺഗ്രസ് ദുർബലമാവുന്നത് ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നണിയെ ബാധിക്കുമെന്നുറപ്പാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 46 ശതമാനമായിരുന്നു തൃണമുലിന്‍റെ വോട്ട് വിഹിതം; ബിജെപിയുടേത് മുപ്പത്തൊമ്പതു ശതമാനവും. ഇപ്പോൾ ബിജെപിയുടെ വോട്ട് വിഹിതം 46 ശതമാനത്തോളമായിട്ടുണ്ട്; തൃണമുലിന്‍റേത് 41 ശതമാനത്തിൽ താഴെയായി. അസമിലും പുതുച്ചേരിയിലും തിളക്കമാർന്ന വിജയം നേടി അധികാരത്തിൽ തുടരാൻ ബിജെപിക്കും എൻഡിഎയ്ക്കും കഴിയുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കേരളത്തിൽ മൂന്നു നിയമസഭാ സീറ്റുകൾ ലഭിച്ചതും ആറിടത്ത് രണ്ടാമതെത്തിയതും ബിജെപിക്കു വലിയ നേട്ടമാണ്. ഇവിടെ എൽഡിഎഫിൽ നിന്നു ഭരണം യുഡിഎഫിലേക്കു മാറുന്നു എന്നതു കോൺഗ്രസിനു നേട്ടമാണെങ്കിലും ദേശീയ തലത്തിലെ ഇന്ത്യ മുന്നണിയെ അതു ബാധിക്കുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തി എങ്കിലും ഒറ്റയ്ക്കു ഭൂരിപക്ഷം നേടാൻ ബിജെപിക്കു കഴിഞ്ഞില്ല. 240 സീറ്റു മാത്രമാണ് അവർക്കു ലഭിച്ചത്. എൻഡിഎയ്ക്ക് മൊത്തം ലഭിച്ച 293 സീറ്റിന്‍റെ പിൻബലത്തിലാണു നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ അധികാരമേറ്റത്. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി 234 സീറ്റു നേടി ശക്തമായ പ്രതിപക്ഷമായി. പശ്ചിമ ബംഗാളിലെ ബിജെപിയുടെ നേട്ടവും തമിഴ്നാട്ടിലെ ഇന്ത്യ മുന്നണിയുടെ ഭിന്നിപ്പും ഈ സാഹചര്യത്തിലാണു കൂടുതൽ പ്രസക്തമാവുന്നത്.