പ്ലസ് വൺ പ്രവേശനം: മൂന്നാം അലോട്ട്മെന്‍റ് തിങ്കളാഴ്ച മുതൽ
Representative image
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്‍റ് തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ പ്രവേശം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. സീറ്റുകളിലേക്കുള്ള പ്രവേശനം ഇന്നു രാവിലെ പത്ത് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെ നടത്തും.
അലോട്ട്‌മെന്‍റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന അലോട്ട്‌മെന്‍റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന സ്‌കൂളില്‍ പ്രവേശത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഹാജരാകണം. അലോട്ട്‌മെന്‍റ് ലഭിച്ച സ്‌കൂളില്‍ നിന്നും അഡ്മിഷന്‍ സമയത്ത് അലോട്ട്‌മെന്‍റ് ലെറ്റര്‍ പ്രിന്‍റ് എടുത്ത് നല്‍കും.
ഒന്ന്, രണ്ട് അലോട്ട്‌മെന്‍റുകളില്‍ താത്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്‌മെന്‍റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്‍റ് ലെറ്റര്‍ ആവശ്യമില്ല. താത്കാലിക പ്രവേശനത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ അലോട്ട്‌മെന്‍റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
അലോട്ട്‌മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്‌മെന്‍റ് ലഭിച്ച വിദ്യാര്‍ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം നാളെ വൈകിട്ട് അഞ്ചിന് മുമ്പായി സ്‌കൂളുകളില്‍ പ്രവേശത്തിന് ഹാജരാകണം.
സ്‌പോര്‍ട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്‍റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. പ്രവേശനം ഇന്ന് രാവിലെ പത്ത് മുതല്‍ നാളെ വൈകിട്ട് അഞ്ച് വരെയാണ്. പട്ടികജാതി/പട്ടിക വര്‍ഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള പ്രവേശത്തിന്‍റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്‍റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. പ്രവേശം ഇന്ന് രാവിലെ പത്ത് മുതല്‍ നാളെ വൈകിട്ട് അഞ്ച് വരെയാണ്.
മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്‌മെന്‍റിനോടൊപ്പം സ്‌പോര്‍ട്ട്‌സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്‍റ് പ്രകാരമുള്ള അഡ്മിഷന്‍, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്‍റ് ക്വാട്ട, അണ്‍ എയ്ഡഡ് ക്വാട്ട അഡ്മിഷന്‍ എന്നിവയും നടക്കുന്നതിനാല്‍ വിവിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികള്‍ ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാന്‍ സാധിക്കുകയില്ല.
ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലവും ഓപ്ഷനുകള്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്‍റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്‍ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍/ നിലവിലുള്ള അപേക്ഷകള്‍ പുതുക്കി സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്‍റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്‍റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് ഈ അവസരത്തില്‍ തെറ്റ് തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാം. തുടര്‍ അലോട്ട്‌മെന്‍റുകള്‍ക്കുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.